കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിക്കല്‍ ; ബിജെപി മന്ത്രി ക്ഷമ പരീക്ഷിക്കുന്നെന്ന് സുപ്രീംകോടതി

ന്യൂഡൽഹി
കേണൽ സോഫിയ ഖുറേഷിയെ "ഭീകരരുടെ സഹോദരി' എന്നാക്ഷേപിച്ച മധ്യപ്രദേശിലെ ബിജെപി മന്ത്രി കുൻവർ വിജയ് ഷായെ വീണ്ടും അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ശരിയായ വിധത്തിൽ പരസ്യമായി മാപ്പ് പറയാൻ തയ്യാറാകാത്ത മന്ത്രി കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മാല്യ ബാഗ്ചി എന്നിവർ മുന്നറിയിപ്പ് നൽകി. മന്ത്രി ഓൺലൈനായി മാപ്പ് പറഞ്ഞെന്ന് അഭിഭാഷകൻ പറഞ്ഞതാണ് ബെഞ്ചിനെ ചൊടിപ്പിച്ചത്. മന്ത്രിയുടെ ഉദ്ദേശശുദ്ധിയിൽ സംശയം ജനിപ്പിക്കുന്നതാണ് നടപടിയെന്നും കോടതി പറഞ്ഞു.
കേസിലെ സാക്ഷിമൊഴികളടക്കമുള്ള മുദ്രവെച്ച കവർ പ്രത്യേക അന്വേഷണ സംഘം ബെഞ്ചിന് കൈമാറി. 27 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും നിശ്ചയിക്കപ്പെട്ട 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നും എസ്‌ഐടി അറിയിച്ചു. കേസ് ആഗസ്‌ത് 18ലേയ്‌ക്ക് മാറ്റി. അതിനിടെ കുൻവർ ഷായെ മന്ത്രി പദവിയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി.









0 comments