'വിവാഹത്തിന് മുമ്പ് എന്തിനാണ് കൂടെ താമസിച്ചത്?'; കുട്ടി ജനിച്ചു, ഇപ്പോഴെന്തിന് ബലാത്സംഗ പരാതി? - സുപ്രീം കോടതി

ന്യൂഡൽഹി: ദീർഘകാലം പങ്കാളിക്കൊപ്പം ലിവിങ് ടുഗദർ ബന്ധത്തിൽ കഴിഞ്ഞശേഷം അത് അവസാനിപ്പിക്കുന്നത് ക്രിമിനൽ കുറ്റമായി കാണാനാകില്ലെന്ന് സുപ്രീം കോടതി. വിവാഹവാഗ്ദാനം നൽകി പങ്കാളി പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്ത് വഞ്ചിച്ചെന്നും ചൂണ്ടിക്കാട്ടി യുവതി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
ഒരുമിച്ച് താമസിക്കുകയും കുട്ടിയുണ്ടാവുകയും ചെയ്ത ശേഷം വിവാഹ വാഗ്ദാനം ലംഘിച്ചെന്ന് ആരോപിച്ച് ബലാത്സംഗക്കുറ്റം ചുമത്തുന്നതിനെ കോടതി ചോദ്യം ചെയ്തു. "15 വർഷമായി അവർ ഒരുമിച്ച് ജീവിച്ചു, അവർക്കൊരു കുട്ടിയുണ്ട്. ആ ബന്ധം വിവാഹത്തിൽ എത്തിയില്ലെങ്കിൽ അത് എങ്ങനെ ലൈംഗികാതിക്രമമാകും?" ജസ്റ്റിസ് നാഗരത്ന ചോദിച്ചു. വിവാഹത്തിന് മുമ്പ് എന്തിനാണ് യുവതി അയാളോടൊപ്പം താമസിച്ചതെന്നും കോടതി ചോദിച്ചു. ലിവ്-ഇൻ ബന്ധങ്ങളിൽ പങ്കാളികൾക്ക് എപ്പോൾ വേണമെങ്കിലും ബന്ധം അവസാനിപ്പിക്കാമെന്ന അപകടസാധ്യതയുണ്ട്. വിവാഹബന്ധമായിരുന്നെങ്കിൽ സ്ത്രീക്ക് നിയമപരമായ കൂടുതൽ സംരക്ഷണം ലഭിക്കുമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതി തന്റെ വിവാഹകാര്യം മറച്ചുവെച്ച് തന്നെ പ്രലോഭിപ്പിച്ചതാണെന്ന് ഹർജിക്കാരി വാദിച്ചു. എന്നാൽ, ബന്ധത്തിൽനിന്ന് ഒരാൾ പുറത്തുകടക്കുന്നത് ഒരു ക്രിമിനൽ കുറ്റമായി കാണാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. അതേസമയം, ലിവ് ഇൻ ബന്ധത്തിൽ ജനിച്ച കുട്ടിക്ക് നിയമപരമായ പരിരക്ഷ ഉണ്ടെന്നും ജീവനാംശം തേടാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാൻ ഇരുഭാഗത്തോടും നിർദേശിച്ചു.










0 comments