സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ എണ്ണം 38 ആയി ഉയർത്തി; ഓർഡിനൻസ് പുറപ്പെടുവിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: സുപ്രീംകോടതിയിലെ കേസുകളുടെ ബാക്ക്ലോഗും ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിനായി സുപ്രീംകോടതിയിലെ അനുവദനീയമായ ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 38 ആയി ഉയർത്തിക്കൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമു ഓർഡിനൻസ് പുറപ്പെടുവിച്ചു.
ചീഫ് ജസ്റ്റിസിനെ കൂടാതെ നിലവിലുള്ള 33 ജഡ്ജിമാരുടെ എണ്ണം 37 ആയാണ് വർദ്ധിപ്പിച്ചത്. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് എക്സ് പോസ്റ്റിലൂടെ ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. പാർലമെന്റ് സമ്മേളനത്തിലല്ലാത്തതിനാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 123 (1) പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് രാഷ്ട്രപതി ഇപ്പോൾ 'ദി സുപ്രീംകോടതി (നമ്പർ ഓഫ് ജഡ്ജസ്) ഭേദഗതി ഓർഡിനൻസ്, 2026' പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതോടെ 1956-ലെ യഥാർത്ഥ നിയമത്തിലാണ് ഭേദഗതി വരുന്നത്. സുപ്രീംകോടതിയിൽ നിലവിൽ 92,000-ത്തിലധികം കേസുകൾ തീർപ്പാക്കാതെ അവശേഷിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. കേസുകളുടെ എണ്ണത്തിലുണ്ടായ വൻ വർദ്ധനവും സങ്കീർണ്ണതയും പരിഗണിക്കുമ്പോൾ നിലവിലുള്ള ജഡ്ജിമാർക്ക് മേലുള്ള ജോലിഭാരം അതിശക്തമാണ്.
ജഡ്ജിമാരുടെ എണ്ണം കൂട്ടിയതോടെ കൂടുതൽ ഡിവിഷൻ ബെഞ്ചുകളും ഭരണഘടനാ ബെഞ്ചുകളും രൂപീകരിക്കാൻ സാധിക്കുമെന്നും ഇത് നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും നിയമവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഭരണഘടന നിലവിൽ വന്ന 1950-ൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ വെറും എട്ട് ജഡ്ജിമാർ മാത്രമായിരുന്നു സുപ്രീംകോടതിയിൽ ഉണ്ടായിരുന്നത്.
പിന്നീട് കേസുകൾ വർദ്ധിച്ചതനുസരിച്ച് വിവിധ വർഷങ്ങളിൽ പാർലമെന്റ് നിയമഭേദഗതിയിലൂടെ എണ്ണം ഉയർത്തുകയായിരുന്നു. 7 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ 2026-ൽ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം വീണ്ടും വർദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ തസ്തികകളിലേക്കുള്ള നിയമനങ്ങൾ സുപ്രീംകോടതി കൊളീജിയം നടപടികളിലൂടെയായിരിക്കും നടക്കുക.









0 comments