രാജ്യത്തെ പ്രശ്നങ്ങൾക്കെല്ലാം കാരണം സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; വിവാദ പരാമർശവുമായി ബിജെപി എംപി

ന്യൂഡൽഹി : രാജ്യത്തുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം കാരണം സുപ്രീംകോടതി ചീഫ് ജസ്റ്റിസാണെന്ന വിവാദ പരാമർശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. രാജ്യത്ത് നടക്കുന്ന സിവിൽ യുദ്ധത്തിനെല്ലാം കാരണം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്നാണ് എംപി പറഞ്ഞത്. സുപ്രീംകോടതി നിയമങ്ങളുണ്ടാക്കുകയാണെങ്കിൽ പാർലമെന്റ് അടച്ചൂപൂട്ടണമെന്നും ബിജെപി എംപി പറഞ്ഞു. മതസ്പർദ്ധയടക്കം രാജ്യത്ത് വളർത്തുന്നത് സുപ്രീംകോടതിയും ചീഫ് ജസ്റ്റിസുമാണ്. തന്റെ അധികാരപരിധി മറികടന്നാണ് സുപ്രീംകോടതി നീങ്ങുന്നത്. എല്ലാവർക്കും എല്ലാ ആവശ്യത്തിനായും സുപ്രീംകോടതിയെ സമീപിക്കാമെങ്കിൽ പാർലമെന്റ് അടച്ചിടണം- ദുബെ പറഞ്ഞു.
മുർഷിദാബാദിൽ നടന്ന കലാപത്തെപ്പറ്റി ചോദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് എല്ലാത്തിനും ഉത്തരവാദിയെന്ന് ബിജെപി എംപി മറുപടി പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ പരാമർശവുമായി ബിജെപിക്ക് ബന്ധമില്ലെന്നും വ്യക്തിപരമാണെന്നും പറഞ്ഞ് ദേശീയ അധ്യക്ഷൻ ജെ പി നദ്ദ തടിതപ്പി. എങ്കിലും നേതൃത്വം ദുബെയെ തള്ളിപ്പറഞ്ഞിട്ടില്ല.
ജാർഖണ്ഡിലെ ഗോഡ്ഡയിൽ നിന്നുള്ള എംപിയാണ് ദുബെ. മുമ്പ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും സുപ്രീംകോടതിക്കെതിരെ രംഗത്തെത്തിയിരുന്നു. വഖഫ് ഭേദഗതിയിലുള്ള സുപ്രീംകോടതി ഉത്തരവും ബില്ലുകൾ വൈകിപ്പിക്കുന്ന ഗവർണർമാരുടെ വിഷയത്തിൽ കോടതി നടത്തിയ ഇടപെടലുമൊക്കെയാണ് ബിജെപി നേതാക്കളെ ചൊടിപ്പിക്കുന്നത്. ബിജപി നേതാവ് ദിനേശ് ശർമയും സുപ്രീംകോടതിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.









0 comments