'വിദ്വേഷ പ്രസംഗത്തിനെതിരായ പോരാട്ടം എല്ലാവർക്കും വേണ്ടിയാകണം'; സ്വന്തം സമുദായത്തിന് വേണ്ടി മാത്രമാകരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ പോരാട്ടം ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടിയുള്ളതാകരുതെന്നും അത് സമൂഹത്തിലെ എല്ലാവർക്കും വേണ്ടിയുള്ളതാകണമെന്നും സുപ്രീംകോടതി.
ഒരു പ്രത്യേക സമുദായം മാത്രം തങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതിന് പകരം, ആരും വിദ്വേഷ പ്രസംഗം നടത്താൻ പാടില്ലെന്ന പൊതുവായ നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷയായ ബെഞ്ച് നിരീക്ഷിച്ചു.
ബ്രാഹ്മണ സമൂഹത്തിനെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർണ്ണായക പരാമർശങ്ങൾ. വിദ്വേഷ പ്രസംഗങ്ങൾ ഏത് വിഭാഗത്തിനെതിരെയായാലും അത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഭരണഘടന വിഭാവന ചെയ്യുന്ന സാഹോദര്യം എല്ലാവരും പിന്തുടർന്നാൽ വിദ്വേഷ പ്രസംഗങ്ങൾ തനിയെ ഇല്ലാതാകും. സഹിഷ്ണുതയും ക്ഷമയും വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ ഇത്തരം പ്രവണതകൾക്ക് അറുതി വരുത്താൻ സാധിക്കൂ. വിദ്വേഷ പ്രസംഗം ഒരു സമുദായത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല.
അത് ഒരു സാമൂഹിക വിപത്താണ്. ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരെയും ലക്ഷ്യം വയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ഓർമ്മിപ്പിച്ചു. പ്രത്യേക സമുദായത്തിന് സംരക്ഷണം തേടി കോടതിയെ സമീപിക്കുന്നത് ഉചിതമല്ലെന്ന് കണ്ട ഹർജിക്കാരൻ പിന്നീട് ഹർജി പിൻവലിക്കാൻ അനുമതി തേടി.
തുടർന്ന് ഹർജി പിൻവലിക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഉന്നത ഭരണഘടനാ പദവികൾ വഹിക്കുന്നവർ ഉൾപ്പെടെ ആരും ഏതെങ്കിലും വിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കരുതെന്ന് നേരത്തെയും കോടതി ഉത്തരവിട്ടിരുന്നു.
വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന 2023-ലെ സുപ്രീംകോടതി വിധി നിലനിൽക്കെയാണ് പുതിയ നിരീക്ഷണം വരുന്നത്. വിദ്വേഷം പടർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്കും പൊലീസിനും ബാധ്യതയുണ്ടെന്നും കോടതി ആവർത്തിച്ചു.










0 comments