പൂജ ഖേദ്കറിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി : ഐഎഎസ് മുൻ ട്രെയിനി പൂജ ഖേദ്കറിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഒബിസി സംവരണം വ്യാജമായുണ്ടാക്കി വൈകല്യാനുകൂല്യം നേടി കബളിപ്പിച്ചു എന്ന കേസിലാണ് കോടതി ജാമ്യം നൽകിയത്. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് നടപടി. അന്വേഷണത്തിൽ പൂർണമായി സഹകരിക്കണമെന്നും പൂജ ഖേദ്കറിനോട് കോടതി നിർദ്ദേശിച്ചു. ഖേദ്കറുടെ മുൻകൂർ ജാമ്യത്തെ ഡൽഹി പൊലീസും യുപിഎസ്‍സിയും ശക്തമായി എതിർത്തു. അന്വേഷണത്തോട് പൂജ ഖേദ്കർ സഹകരിച്ചില്ലെന്നും അവർക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
എന്നാൽ പൂജ ഖേദ്കർ കൊലപാതകിയല്ല എന്ന് നിരീക്ഷിച്ചാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പൊലീസിനോട് അന്വേഷണം പൂർത്തിയാക്കാനും കോടതി നിർദേശിച്ചു. മെയ് 2 ന് ചോദ്യം ചെയ്യലിനായി ഡൽഹി പൊലീസിന് മുന്നിൽ ഹാജരാകാൻ കോടതി ഖേദ്കറിനോട് ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് ചെയ്യില്ലെങ്കിലും അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ചാൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
2022 ലെ പരീക്ഷയിൽ തെറ്റായ വിവരങ്ങൾ ആപ്ലിക്കേഷൻ ഫോമിൽ ചേർത്ത് സംവരണ ആനുകൂല്യം നേടാൻ പൂജ ശ്രമിച്ചതായി യുപിഎസ്‍സി കണ്ടെത്തിയതോടെയാണ് നടപടികൾ ആരംഭിച്ചത്. 2024 ജൂലൈയിൽ യുപിഎസ്‌സി പൂജയെ പുറത്താക്കുകയും ഭാവി പരീക്ഷകളിൽ നിന്നും വിലക്കുകയും ചെയ്തിരുന്നു. സിവിൽ സർവ്വീസ് പരീക്ഷയിൽ 841 റാങ്ക് നേടിയാണ് പൂജ സർവ്വീസിൽ എത്തിയത്. സെപ്തംബറിൽ ഇവരെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്നും പുറത്താക്കിയിരുന്നു.
പുണെയിൽ സബ് കലക്ടറായി നിയമിച്ചതിനുപിന്നാലെ സ്വന്തമായി പ്രത്യേക ഓഫീസും, ഔദ്യോഗിക കാറും വേണമെന്ന പൂജ ഖേദ്കറിന്റെ ആവശ്യം വിവാദമായതോടെയാണ് പൂജയ്ക്കെതിരെ അന്വേഷണം ആരംഭിച്ചത്. ഇതോടെ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയതടക്കം വെളിപ്പെടുകയായിരുന്നു. സ്വകാര്യ കാറിൽ അനധികൃതമായി ബീക്കൺ ലൈറ്റ് ഉപയോഗിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങളിലും പൂജ നടപടി നേരിട്ടിരുന്നു. നിയമനം ലഭിക്കുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റും ഒബിസി സർട്ടിഫിക്കറ്റും ഭിന്നശേഷി സർട്ടിഫിക്കറ്റും പൂജ ഹാജരാക്കിയെന്ന് കണ്ടെത്തിയിരുന്നു. വ്യക്തിഗത വിവരങ്ങളടക്കം വ്യാജമായി നൽകിയാണ് പല തവണ പൂജ പരീക്ഷയെഴുതിയതെന്നും കണ്ടെത്തിയിരുന്നു.









0 comments