ബില്ലുകൾ പിടിച്ചുവെച്ചതിൽ വിമർശനം
ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവെയ്ക്കാൻ ഗവർണർക്ക് അവകാശമില്ല; നിയമവിരുദ്ധം: സുപ്രീംകോടതി

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവെച്ച തമിഴ്നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. ബില്ലുകൾ നിയമസഭ പാസാക്കി അയച്ചാൽ രാഷ്ട്രപതിക്ക് വിടാൻ ഗവർണർക്ക് അധികാരമില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
തമിഴ് നാട് ഗവർണർ ആർ എൻ രവി ബിൽ അനിശ്ചിതമായി തടഞ്ഞുവെച്ച കേസിലാണ് വിധി. ഗവർണർ പിടിച്ചു വെച്ച പത്ത് ബില്ലുകൾ പാസാക്കാനും നിർദ്ദേശിച്ചു.
ഭരണഘടന ഗവർണർക്ക് വീറ്റോ അധികാരം നൽകുന്നില്ല.അനിശ്ചിതകാലം ബില്ലിൽ തീരുമാനം നീട്ടാൻ ഗവർണർക്കാകില്ല. മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. സഭ വീണ്ടും പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കേണ്ടതില്ല. ഗവർണർക്ക് വീറ്റോ അധികാരമില്ലെന്നും കോടതി ചൂണ്ടികാട്ടി. ശക്തമായ വിമർശനമാണ് ഇക്കാര്യത്തിൽ ഗവർണർക്കെതിരെ സുപ്രീംകോടതി ഉയർത്തിയത്.
തമിഴ്നാട് ഗവർണർ പിടിച്ചുവെച്ചിരിക്കുന്ന പത്ത് ബില്ലുകളും പാസായതായും സുപ്രീംകോടതി പറഞ്ഞു. ബില്ലുകളിലെ ഗവർണർമാരുടെ നടപടി ജുഡീഷ്യൽ റിവ്യൂവിന് വിധേയമെന്നും വിധിയിൽ കോടതി വ്യക്തമാക്കി. പാസാക്കിയ ഏറ്റവും ആദ്യത്തെ ബില്ലിന് 2020 മുതലുള്ള പഴക്കമുണ്ട്. ഇത്രനാളും ബില്ല് പിടിച്ചുവെച്ചത് നിയമവിരുദ്ധവും തെറ്റുമായ നടപടിയാണ്. ഏതെങ്കിലും വിധത്തിൽ രാഷ്ട്രപതി ബില്ലിൽ ഇടപെട്ടാൽ നിയമപ്രകാരം അത് നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.സംസ്ഥാനം രണ്ടാമതും ബില്ല പാസാക്കി ഗവർണർക്ക് അയച്ചപ്പോൾ തന്നെ ഗവർണർ ബില്ലിന് അനുമതി നൽകേണ്ടതായിരുന്നു. . ജെ ബി ബാർഡിവാലാ , എ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
രാഷ്ട്രപതിക്ക് ബിൽ അയച്ചതിലൂടെ തമിഴ്നാട് ഗവർണർ ഒരിക്കലും സത്യസന്ധതയോടെയല്ല പെരുമാറിയിരുന്നതെന്ന് കോടതി പറഞ്ഞു. ദീർഘ നാൾ ബിൽ പിടിച്ചുവെച്ച ശേഷം ഗവർണർക്ക് വീറ്റോ അധികാരം ഇല്ലെന്ന്, പഞ്ചാബ് ഗവർണറുടെ കേസിൽ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ ബില്ലുകൾ തിരക്കിട്ട് രാഷ്ട്രപതിക്കയച്ച് കാത്തിരുന്ന തീരുമാനം ഇത് സൂചിപ്പിക്കുന്നു. ഭരണഘടനയിൽ പൂർണമായ വീറ്റോ അല്ലെങ്കിൽ പോക്കറ്റ് വീറ്റോ എന്നൊന്നില്ലെന്ന് ജസ്റ്റിസ് ബാർഡിവാലാ വിധിയിൽ പറഞ്ഞു.
ഭരണഘടനയിലെ ആർട്ടിക്കിൾ 200 പ്രകാരം മൂന്ന് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് മാത്രമെ ഗവർണർക്ക് സ്വീകരിക്കാനാകു. ബില്ലിന് അനുമതി നൽകുക, ബില്ല് പിടിച്ചുവെയ്ക്കുക, രാഷ്ട്രപതിക്ക് അയക്കുക. രാഷ്ട്ര പതിക്ക് ഒരു തവണ അയക്കാനെ സാധിക്കു എന്നും കോടതി പറഞ്ഞു.









0 comments