Deshabhimani

48 മണിക്കൂറിലധികം കസ്റ്റഡിയിൽ കഴിഞ്ഞാൽ സർക്കാർ ജീവനക്കാരന് സസ്‌പെൻഷൻ ബാധകം; സുപ്രീം കോടതി

supreme Court
വെബ് ഡെസ്ക്

Published on Nov 09, 2026, 05:40 PM | 1 min read

ന്യൂഡൽഹി: അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ജീവനക്കാരൻ സസ്‌പെൻഷനിലായതായി കണക്കാക്കാമെന്ന് സുപ്രീം കോടതി. ഇതിനായി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കേണ്ടതില്ലെന്നും ജസ്റ്റിസുമാരായ ജെ ബി പർദിവാല, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.


അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ പ്രതിയായ ബിഹാർ സമസ്തിപൂർ സദർ ആശുപത്രി മാനേജരുടെ ജാമ്യവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. പ്രതിയുടെ ജാമ്യം റദ്ദാക്കിയ പട്‌ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും സെഷൻസ് കോടതി അനുവദിച്ച ജാമ്യം പുനഃസ്ഥാപിക്കുകയും ചെയ്തു.


പരാതിക്കാരന്റെ 36,421 രൂപ ശമ്പളം അനുവദിക്കുന്നതിന് 4,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു ആശുപത്രി മാനേജർക്കെതിരായ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7(ബി) പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചെങ്കിലും പരാതിക്കാരന്റെ ഹർജിയിൽ പട്‌ന ഹൈക്കോടതി ജാമ്യം റദ്ദാക്കി.


കേസ് പരിഗണിച്ച സുപ്രീം കോടതി, പ്രതി ഏകദേശം 15 ദിവസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. 48 മണിക്കൂറിലധികം കസ്റ്റഡിയിൽ തുടരുന്ന സർക്കാർ ജീവനക്കാരനെ സസ്‌പെൻഷനിലായതായി കണക്കാക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്.


അതേസമയം, ജാമ്യം ലഭിച്ചതിന് പിന്നാലെ സസ്‌പെൻഷൻ റദ്ദാക്കി പ്രതിയെ അതേ ആശുപത്രിയിൽ അതേ തസ്തികയിൽ വീണ്ടും നിയമിച്ച നടപടിയെ കോടതി വിമർശിച്ചു. ഇക്കാര്യം സംസ്ഥാന സർക്കാർ ഗൗരവമായി പരിശോധിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home