‘പുതിയ നിയമഭേദഗതി കൂട്ടക്കുഴപ്പമുണ്ടാക്കുന്നു’; സംസ്ഥാന വഖഫ്‌ ബോർഡ്‌ സുപ്രീംകോടതിയിൽ

kerala government in supreme court
വെബ് ഡെസ്ക്

Published on Apr 24, 2025, 01:58 PM | 1 min read

ന്യൂഡൽഹി: മുസ്ലീം സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ കേരള സംസ്ഥാന വഖഫ്‌ ബോർഡ്‌ സുപ്രീംകോടതിയിൽ. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിനായി കേന്ദ്ര സർക്കാർ തയ്യാറാക്കിയ വഖഫ്‌ നിയമഭേദഗതിക്കെതിരെ സംസ്ഥാന വഖഫ്‌ ബോർഡ്‌ സുപ്രീംകോടതിയിൽ റിട്ട്‌ ഫയൽ ചെയ്തു. അഡ്വ. കെ ആർ സുഭാഷ്‌ ചന്ദ്രൻ ആണ്‌ ബോർഡിനായി സുപ്രീംകോടതിയെ സമീപിച്ചത്‌.


പുതിയ വഖഫ്‌ നിയമഭേദഗതി ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾക്കെതിരെയുള്ള നിയമ ഭേദഗതി ആണെന്ന് ബോർഡ് വിമർശിച്ചു. വഖഫ് സ്ഥാപനങ്ങളെ തിരഞ്ഞെടുത്ത് വേട്ടയാടുന്ന സമീപനമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. വഖഫ്‌ കൺകറന്റ്‌ ലിസ്റ്റിൽ ഉൾപെടുന്ന വിഷയമായതുകൊണ്ടുതന്നെ പുതിയ നിയമ ഭേദഗതി കൊണ്ടുവരുമ്പോൾ എല്ലാ സംസ്ഥാനങ്ങളുമായും കൂടിക്കാഴ്‌ നടത്തേണ്ടതുണ്ട്‌. എന്നാൽ ഇത്‌ പാലിക്കാതെയാണ്‌ കേന്ദ്ര സർക്കാർ ഭേദഗതി പാസാക്കിയിരിക്കുന്നത്‌. 2013ൽ നിയമം ഭേദഗതി ചെയ്യുമ്പോൾ ജോയിന്റ്‌ പാർലമെന്റ്‌ കമ്മിറ്റി കേരളം സന്ദർശിച്ചിരുന്നു. അന്ന്‌ മികച്ച ബോർഡായാണ്‌ കേരളത്തിലെ ബോർഡിനെ വിശേഷിപ്പിച്ചത്‌.


വഖഫ്‌ സ്ഥാപനങ്ങളുടെ നോക്കിനടത്തിപ്പുകാരനായ ‘മുതാവാലി’യുടെ നിർവചനം തന്നെ മാറ്റുന്നതും അംഗീകരിക്കാൻ കഴിയില്ല. മുൻ നിയമ പ്രകാരം വഖഫ്‌ സ്വത്തുക്കൾ സർവേ ചെയ്യാനുള്ള സംസ്ഥാന സർക്കാരിനായിരുന്നു, ഈ അധികാരം കലക്‌ടറിലേക്ക്‌ മാറ്റുന്നതിനെ എതിർക്കുന്നുവെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച റിട്ടിൽ സംസ്ഥാന വഖഫ്‌ ബോർഡ്‌ പറയുന്നു. രജിസ്റ്റർ ചെയ്ത വഖഫുകൾ മാറ്റമില്ലാതെ തുടരാൻ അനുവദിക്കണമെന്ന്‌ പരാതിയിൽ സൂചിപ്പിച്ച ബോർഡ്‌, പുതിയ നിയമഭേദഗതി കൂട്ടക്കുഴപ്പമുണ്ടാക്കുകയാണെന്നും പറഞ്ഞു.


പുതിയ ബോർഡ്‌ അംഗങ്ങളുടെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച കാര്യങ്ങളിലും സംസ്ഥാന വഖഫ്‌ ബോർഡ്‌ എതിർപ്പ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ബോർഡിൽ അമുസ്ലീങ്ങളെ നിയമിക്കുന്നതിനെ എതിർത്ത ബോർഡ്‌, ഈ സ്ഥിതി മറ്റൊരു മതസ്ഥാപനത്തിലും ഇല്ലാത്ത അവസ്ഥയാണെന്നും പറഞ്ഞു. പുതിയ സംസ്ഥാന ബോർഡ്‌ അംഗങ്ങളെയും കേന്ദ്ര കൗൺസിലിനെയും തെരഞ്ഞെടുപ്പ്‌ വഴിയാണ്‌ നിയമിക്കുന്നത്. ഇത്‌ നാമനിർദേശം വഴിയാക്കുന്നത്‌ ജനാധിപത്യ വ്യവസ്ഥയെ ഇല്ലാതാക്കുന്നതാണ്‌.


ബോർഡിന്റെ എല്ലാ പണമിടപാടും അക്കൗണ്ട്‌ സംബന്ധിച്ച വിവരങ്ങളും സംസ്ഥാന സർക്കാരാണ്‌ കൈകാര്യം ചെയ്തിരുന്നത്‌. പുതിയ നിയമഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ ഈ അവകാശം കവരുകയാണെന്നും കേരള സംസ്ഥാന വഖഫ്‌ ബോർഡ്‌ സുപ്രീംകോടതിയിൽ സമർപ്പിച്ച റിട്ട്‌ ഹർജിയിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home