print edition ബിഹാർ എസ്‌ഐആർ ശരിവച്ചത് കീഴ്‌വഴക്കമായി കാണരുത്; വോട്ടവകാശം നിഷേധിക്കാനാകില്ല

സുപ്രീംകോടതി
ന്യൂഡൽഹി : പുതിയ വോട്ടർമാർ നൽകേണ്ട ഫോം 6 നിയമപരമായ അപേക്ഷാ -ഫോമാണെന്നും അത് ഭേദഗതി ചെയ്യാൻ തെരഞ്ഞെടുപ്പ് കമീഷന് കഴിയില്ലെന്നും സുപ്രീംകോടതി. ഫോം 7 (പേര് നീക്കൽ, ആക്ഷേപം അറിയിക്കൽ), ഫോം8 ( വിവരങ്ങളിൽ തിരുത്ത് വരുത്തൽ) എന്നിവയും നിയമാനുസൃതമാണ്. അതിലും മാറ്റം വരുത്താനാകില്ലെന്ന് ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വി മോഹന എന്നിവരുടെ ബെഞ്ച് മുന്നറിയിപ്പ് നൽകി.
വിലാസം മാറിയവർ പുതുക്കാൻ ഫോം 8 ആണ് നൽകേണ്ടത്. അവരെ ഫോം 6 നൽകണമെന്ന് നിർബന്ധിക്കുന്നതിനെ കോടതി ചോദ്യം ചെയ്‌തു. യുക്തിസഹമായ പൊരുത്തക്കേട് ആരോപിച്ച് 19.34 ലക്ഷം പേരെ പുറത്താക്കിയതിലും താക്കീത് നൽകി. ‘യുക്തിസഹമായ പൊരുത്തക്കേട്’ എന്നതിന്റെ സാധുത വിശദമായി പരിശോധിക്കും. ബിഹാർ എസ്‌ഐആർ നടപടി ശരിവച്ച വിധിയെ കീഴ്‌വഴക്കമായി കാണരുത്. ബംഗാളിൽ നൽകിയ ഇടക്കാല അനുമതി അന്തിമ അംഗീകാരമല്ല. എസ്‌ഐആറിലൂടെ ഡൽഹിയിൽ 43 ലക്ഷം പേരെ പുറത്താക്കിയതിനെയും രൂക്ഷമായി വിമർശിച്ചു.
വോട്ടവകാശം കമീഷന് എടുത്തുകളയാനാകില്ല. ഒരാൾക്ക് നോട്ടീസിന് മറുപടി നൽകാൻ കഴിഞ്ഞില്ലെങ്കിൽ വോട്ടവകാശം നഷ്ടപ്പെട്ടുവെന്നാണോ കമീഷൻ നിലപാടെന്ന് ജസ്‌റ്റിസ് ബാഗ്‌ചി ചോദിച്ചു. മുന്പ് വോട്ട് ചെയ്‌ത രേഖകൾ ഹാജരാക്കുന്പോൾ ഫോം 6 തന്നെ വേണമെന്ന് എന്തിന് നിർബന്ധിക്കുന്നു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കാനില്ലാത്തതിനാൽ പരാതി നൽകാനുള്ള അവസാന തീയതി കർക്കശമായി നടപ്പാക്കേണ്ടെന്നും ബാഗ്‌ചി പറഞ്ഞു.
ദിവസക്കൂലിക്കാരായ ഡൽഹിയിലെ തൊഴിലാളികളുടെ വിലാസം തൊഴിലിടത്തിനനുസരിച്ച് മാറുന്നു. അവരുടെമേൽ കമീഷൻ ഭാരം എൽപ്പിക്കരുത്. അവരെ സ്ഥലം മാറിപ്പോയവരെന്നോ കണ്ടെത്താൻ കഴിയാത്തവരെന്നോ വിശേഷിപ്പിക്കാനാകില്ലെന്ന് ചീഫ്‌ജസ്‌റ്റിസ് വ്യക്തമാക്കി. സമയപരിധി നീട്ടാമെന്ന് കമീഷൻ കോടതിക്ക് ഉറപ്പുനൽകി. കാലഹരണപ്പെട്ട വിലാസങ്ങളിലേയ്‌ക്കാണ് കമീഷൻ നോട്ടീസ് അയച്ചതെന്ന് പ്രശാന്ത് ഭൂഷണും കോടതിയെ അറിയിച്ചു.









0 comments