print edition കിഫ്‌ബിയിൽ ഒളിച്ചോടി സർക്കാർ

തിരുവനന്തപുരം : കിഫ്‌ബിയെ അരിഞ്ഞുവീഴ്‌ത്തുന്ന യുഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിന്റെ ചുവടുപിടിച്ച് കേരളത്തിലെ ബദൽ വികസന മുന്നേറ്റം തകർക്കുകയാണ് സർക്കാരെന്ന് പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടി.
കിഫ്ബിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയ പ്രതിപക്ഷം അതിനെതിരെ പ്രചരിപ്പിക്കുന്ന കള്ളങ്ങളും തുറന്നു കാട്ടി. യുഡിഎഫ് രാഷ്‌ട്രീയം അതേപടി പകർത്തിയ സുധ പിള്ള കമ്മിറ്റി റിപ്പോർട്ടിൽ കിഫ്‌ബിയുടെ മൂലധന നിക്ഷേപത്തെയും നാടിനുണ്ടാക്കുന്ന നേട്ടത്തെയും മറച്ചുവച്ചു. കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്ക് ഒപ്പുവച്ചുകൊടുക്കുന്ന യുഡിഎഫ് സർക്കാർ, സംസ്ഥാന അവകാശത്തിന് കോടതിയിൽ നടത്തുന്ന പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്നും പ്രതിപക്ഷം ഓർമപ്പെടുത്തി.
കിഫ്‌ബിയെ തകർക്കാനുള്ള നീക്കം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ എൻ ബാലഗോപാൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭവിട്ടു. കിഫ്‌ബിക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്ന് വീന്പ് പറയുന്ന മുഖ്യമന്ത്രി ചർച്ചയിൽ നിന്ന് ഒളിച്ചോടി.
കേന്ദ്രത്തിന്റെ വഴിയിൽ സഞ്ചരിക്കുന്ന സർക്കാരിന് പലതും ഒളിച്ചുവയ്‌ക്കാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. കിഫ്‌ബിയെ തകർക്കുകയെന്നത് യുഡിഎഫിന്റെ അജൻഡയാണ്. കേന്ദ്രം ഞെരുക്കിയപ്പോഴാണ് എൽഡിഎഫ് സർക്കാർ കിഫ്‌ബിയെ പുനരുജ്ജീവിപ്പിച്ചത്. ബദൽ വികസനം ശക്തമാകുന്നുവെന്ന് കണ്ട് കിഫ്‌ബിയെ കടമെടുപ്പ് പരിധിയിലാക്കിയായിരുന്നു കേന്ദ്രപ്രതികാരം.
ഇതിനെതിരായ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എന്നാൽ യുഡിഎഫ് നിലപാട് സംസ്ഥാനത്തിനെതിരാകും.
കണ്ണൂരിൽ ഭൂമി ഏറ്റെടുത്തത് കുറ്റകൃത്യമാണെന്ന വാദവും പൊളിഞ്ഞു. ഭാവിവികസനം മുന്നിൽകണ്ടാണ് ഭൂമി ഏറ്റെടുക്കുന്നത്. പ്രതിപക്ഷത്തിരിക്കെ ഇന്നത്തെ മന്ത്രിമാരുൾപ്പെടെയുള്ളവർ കിഫ്‌ബിയെ പ്രശംസിച്ചവരാണെന്നും പ്രതിപക്ഷം വ്യക്തമാക്കി.









0 comments