എല്ലാ തെരുവുനായ്ക്കളെയും നീക്കം ചെയ്യാൻ ഉത്തരവിട്ടിട്ടില്ല; നയത്തിൽ വ്യക്തത വരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്തെ തെരുവുകളിൽ നിന്ന് എല്ലാ നായ്ക്കളെയും നീക്കം ചെയ്യാൻ തങ്ങൾ ഉത്തരവിട്ടിട്ടില്ലെന്ന് സുപ്രീംകോടതി. തെരുവുനായ്ക്കളെ കൈകാര്യം ചെയ്യുന്നതിൽ നിയമപരമായ ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളതെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പ്രധാന പൊതുയിടങ്ങളിൽ നിന്ന് മാത്രമാണ് നായ്ക്കളെ മാറ്റിപ്പാർപ്പിക്കാൻ നേരത്തെ ഉത്തരവിട്ടത്. ഈ മേഖലകൾ 'ഡോഗ് ഫ്രീ' മേഖലകളായി നിലനിർത്തണമെന്നും കോടതി ആവർത്തിച്ചു.
ആനിമൽ ബർത്ത് കൺട്രോൾ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് എല്ലാ നായ്ക്കളെയും തെരുവുകളിൽ നിന്ന് മാറ്റണമെന്ന തെറ്റായ പ്രചാരണം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ഈ വിശദീകരണം. തെരുവുനായ്ക്കൾ കടിക്കുന്നത് മാത്രമല്ല, ഹൈവേകളിലും മറ്റും അവ അപകടങ്ങൾക്ക് കാരണമാകുന്നതും ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു.
ഭയപ്പെടുന്നവരെയും നേരത്തെ കടിയേറ്റവരെയും നായ്ക്കൾ തിരിച്ചറിയുമെന്നും അവരെ ആക്രമിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നും ജസ്റ്റിസ് സന്ദീപ് മേത്ത പറഞ്ഞു. ശാസ്ത്രീയമായ രീതിയിൽ വന്ധ്യംകരണം നടത്തി നായ്ക്കളെ നിയന്ത്രിക്കണമെന്ന് മൃഗസ്‌നേഹികൾക്കുവേണ്ടി ഹാജരായ കപിൽ സിബൽ, സി.യു സിംഗ് തുടങ്ങിയവർ വാദിച്ചു. കേസിൽ വിശദമായ വാദം കേൾക്കുന്നത് കോടതി തുടരുകയാണ്.










0 comments