ഉണരാതെ കോൺഗ്രസ്
print edition അസമിൽ വിദ്വേഷം വാഴുന്നു ; അധികാരം പിടിക്കാൻ ബിജെപി തീവ്ര വര്‍ഗീയത : സുപ്രകാശ് താലൂക്ക്ദാര്‍

അനിൽ വി ആനന്ദ്
Published on Jan 17, 2026, 03:55 AM | 2 min read
തിരുവനന്തപുരം
അസമിൽ മൂന്നാം തവണയും അധികാരം പിടിക്കാൻ ബിജെപി തീവ്ര വര്‍ഗീയതയും പണക്കൊഴുപ്പും ഉപയോഗിച്ച് എല്ലാ ശ്രമവും നടത്തുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി സുപ്രകാശ് താലൂക്ക്ദാര്‍. ബിജെപി വിരുദ്ധവികാരം സംസ്ഥാനത്തുണ്ടെങ്കിലും ഇത് ഫലപ്രദമായി ഉപയോഗിക്കാൻ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ബിഗയ്‌ക്ക് ഒരു രൂപ എന്ന തോതിൽ ആയിരക്കണക്കിന് ബിഗ ഭൂമിയാണ് കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടെ കോര്‍പറേറ്റുകള്‍ക്ക് ഹിമന്ത ബിസ്വസര്‍മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കൈമാറിയത്. ഇതിന് പ്രത്യുപകാരമായി അവര്‍ വൻതോതിൽ പണം ബിജെപിക്ക് നൽകുകയാണ്. പണക്കൊഴുപ്പിന്റെ പിൻബലത്തിലാണ് ബിജെപി തെരഞ്ഞെടുപ്പ് നേരിടുന്നത്. വോട്ടിനായി പല പദ്ധതികളും പ്രഖ്യാപിക്കുന്നു.
വിദ്വേഷവും കുടിയൊഴിപ്പിക്കലും
കശ്‍മീര്‍ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങളുള്ളത് അസമിലാണ്. 35 ശതമാനത്തോളം. വോട്ടര്‍മാരെ വര്‍ഗീയമായി ധ്രുവീകരിക്കാൻ എല്ലാ ശ്രമവും നടത്തുകയാണ് ബിജെപി. മുസ്ലിങ്ങളെ ലക്ഷ്യമിട്ടുള്ള കുടിയൊഴിപ്പിക്കലാണ് പ്രധാന ആയുധം. ലക്ഷത്തോളം പേരെയാണ് ഹിമന്ത ബുള്‍ഡോസര്‍രാജിലൂടെ ഒഴിപ്പിച്ചത്. മുസ്ലിങ്ങളെ ലക്ഷ്യമിട്ട് നിരവധി നിയമനിര്‍മാണങ്ങളും കൊണ്ടുവന്നു.
വോട്ടര്‍പ്പട്ടിക പ്രത്യേക പരിശോധന (എസ് ആര്‍) അവസരമാക്കി ബിജെപി
മുസ്ലിങ്ങള്‍ക്കെതിരെ വ്യാപക പരാതി നൽകി. സിപിഐ എംഎംഎൽഎ മനോരഞ്‌ജൻ താലൂക്‌ദാറിന്റെ മണ്ഡലമായ സോര്‍ബോഗിലും ഇതിനുള്ള ശ്രമം നടന്നു. കരട് പുറത്തിറക്കിയേശേഷം മുസ്ലിം ബിഎൽഒമാരുള്ള 76 പോളിങ് ബൂത്ത് കണ്ടെത്തി ആ പ്രദേശത്തിന്റെ ചുമതലയുള്ള മന്ത്രിയും തെരഞ്ഞെടുപ്പ് ഓഫീസറുമടക്കം യോഗം ചേര്‍ന്നു. 76 മുസ്ലിം ഇതര അധ്യാപകരെ തെരഞ്ഞെടുത്തു. കരടിൽനിന്ന് എത്ര മുസ്ലിം വോട്ടുകള്‍ നീക്കം ചെയ്യാനാകുമെന്ന് കണ്ടെത്താൻ ആവശ്യപ്പെട്ടു. ബിജെപിയുടെ ബിഎൽഎമാര്‍ വ്യാപക പരാതി നൽകുന്നു.
പണം വാരിക്കൂട്ടി ഹിമന്തയുടെ ഭാര്യ
ഹിമന്ത ബിസ്വസര്‍മയുടെ ഭാര്യ റിനികി ഭുയാന്‍ സര്‍മയാണ് അസമിലെ അതിസമ്പന്നരിലൊരാള്‍. സംസ്ഥാനത്തെ ഏറ്റവും വലിയ ആഡംബര സ്‌കൂളിന്റെ ഉടമ. ടിവി ചാനലുകള്‍. റിസോര്‍ട്ടുകള്‍. തേയിലത്തോട്ടങ്ങള്‍. എല്ലായിടത്തും ഭൂമിവാങ്ങിക്കൂട്ടുന്നു. കോൺഗ്രസിലായിരുന്നപ്പോഴും ഹിമന്ത പണമുണ്ടാക്കിയിരുന്നു. എന്നാൽ ബിജെപിയിലെത്തിയപ്പോള്‍ ചിന്തകള്‍ക്ക് അപ്പുറത്താണ് കാര്യങ്ങള്‍. മന്ത്രിമാരും വലിയ സമ്പന്നരായി.
ഇനിയും ഉണരാതെ കോൺഗ്രസ്
ബിജെപിക്കെതിരെ കോൺഗ്രസ്, ഇടതുപാര്‍ടികള്‍, ചില പ്രാദേശിക പാര്‍ടികളും വിഷയാടിസ്ഥാനത്തിൽ ഒരുമിച്ച് നിൽക്കുകയാണ്. ബിജെപിയെ തോൽപ്പിക്കാൻ എത്രയും പെട്ടെന്ന് തന്നെ സീറ്റ് ധാരണകളിലേക്ക് കടന്ന് പ്രചാരണം ശക്തമാക്കണം. വിഷയാടിസ്ഥാനത്തിൽ ഒരുമിച്ചുള്ള പ്രചാരണം തുടങ്ങണം. എന്നാൽ കോൺഗ്രസ് മെല്ലെപ്പോക്കിലാണ്. അവര്‍ക്കുള്ളിൽ പ്രശ്നങ്ങളുണ്ട്. മുസ്ലിങ്ങള്‍ക്കിടയിൽ സ്വാധീനമുള്ള പ്രതിപക്ഷപാര്‍ടിയായ എഐയുഡിഎഫിലെ ചില നേതാക്കള്‍ ഹിമന്ത ബിസ്വ ശര്‍മയാണ് മികച്ച നേതാവെന്നാണ് പറയുന്നത്. ഹിമന്ത നേരിട്ട് പ്രചാരണം നയിച്ച ബോഡോലാൻഡ് ടെറിട്ടോറിയിൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻതിരിച്ചടിയേറ്റു. ഇത് കാണിക്കുന്നത് ജനങ്ങള്‍ ബിജെപിക്കെതിരാണെന്നാണ്. എന്നാൽ തിരിച്ചടി മറികടക്കാൻ തോൽപ്പിച്ച ബിപിഎഫുമായി തന്നെ ബിജെപി ഇപ്പോള്‍ സഖ്യത്തിലെത്തി.










0 comments