മനുഷ്യ-വന്യജീവി സംഘർഷം: കേരളത്തിന്റെ അടിയന്തര ആവശ്യങ്ങളോട് കേന്ദ്രം മുഖം തിരിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: കാട്ടുപന്നികളുടെ ശല്യം കേരളത്തിലുടനീളം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കാട്ടുപന്നി ആക്രമണത്തിൽ 9,000 ഹെക്ടറിലധികം കൃഷിഭൂമിയാണ് നശിച്ചത്. 54 നിയമസഭാ മണ്ഡലങ്ങളിലെ 250-ലധികം പഞ്ചായത്തുകളിലായി ഉണ്ടായ ആക്രമണം വലിയതോതിൽ വിളനാശത്തിന് കാരണമായി. എന്നാൽ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ അടിയന്തര ആവശ്യം പരിഗണിക്കുന്നതിൽ കേന്ദ്രസർക്കാർ നിസ്സംഗത തുടരുകയാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷം" എന്ന വിഷയത്തിൽ രാജ്യസഭയിൽ ചോദ്യം ഉന്നയിക്കുകയായിരുന്നു എംപി.
1972 ലെ വന്യജീവി (സംരക്ഷണ) നിയമപ്രകാരം ജീവികളെ ക്ഷുദ്രജീവിയായി തരംതിരിച്ച് കൊല്ലാൻ അനുവദിക്കുന്നതിനുള്ള പ്രത്യേക അധികാരം കേന്ദ്രത്തിനാണ്. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്കും അനുമതി നൽകുന്നതിനെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കാൻ കേന്ദ്ര പരിസ്ഥിതി, വന മന്ത്രി ഭൂപേന്ദർ യാദവിനോട് ജോൺ ബ്രിട്ടാസ് പറഞ്ഞു.
കാട്ടുപന്നികളുടെ കാര്യത്തില്‍ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിലവില്‍ അധികാരം ഉണ്ടെന്ന മറുപടിയിലൂടെ ഭൂപേന്ദർ യാദവ് വിഷയം വഴിതിരിച്ചുവിടാൻ ശ്രമിച്ചു. 2015-ൽ എൻഡിഎ സർക്കാർ നീലക്കാളയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാൻ ബീഹാറിന് അനുവാദം നൽകിയിരുന്നു. ഉത്തരാഖണ്ഡിൽ, 2016 ഫെബ്രുവരി 3 മുതൽ ഒരു വർഷത്തേക്ക് കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു. ഈ സംസ്ഥാനങ്ങളിൽ അനുമതി നൽകിയ അതേ സർക്കാർ, കേരളത്തിന്റെ അപേക്ഷ നിരസിച്ചുവെന്നും ബ്രിട്ടാസ് പറഞ്ഞു.
മനുഷ്യ- വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനായി 1,000 കോടി രൂപയുടെ സാമ്പത്തിക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ കേന്ദ്രത്തിന്റെ നിലപാട് ചോദിച്ചപ്പോഴും കേന്ദ്ര മന്ത്രി മൗനം പാലിക്കുകയായിരുന്നു. ഈ വിവേചനപരമായ പെരുമാറ്റം കേരളത്തോടുള്ള കേന്ദ്ര അവഗണനയെ എടുത്തുകാണിക്കുന്നുവെന്നും വന്യജീവി വിഷയത്തിൽ കേന്ദ്ര സമീപനത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.









0 comments