കോവിഡിന് ശേഷമുള്ള 'പെട്ടെന്നുള്ള മരണങ്ങൾക്ക്' വാക്സിനുകളുമായി ബന്ധമില്ല; ഐസിഎംആർ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: യുവാക്കളിലെ ഹൃദയാഘാതവും കോവിഡ്-19 വാക്സിനുകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഐസിഎംആർ പഠന റിപ്പോര്‍ട്ട്. ജീവിതശൈലിയും മുൻകാലത്തിലുള്ള രോഗാവസ്ഥകളുമാണ് മരണങ്ങൾക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് ദേശീയ പഠനം കണ്ടെത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയിലെ അകാല മരണ നിരക്കിൽ വർധനയുണ്ടായതായും കോവിഡ് വാക്സിൻ എടുത്തതിന് ശേഷമാണ് ഇത്തരം സംഭവങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതെന്നും നിരവധി മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ കോവിഡ് വാക്സിനും അകാല മരണവുമായി യാതൊരു ബന്ധവുമില്ല എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. കൊറോണ വൈറസ് വാക്സിനുകൾ എടുത്തത് യുവാക്കളുടെ അകാല മരണങ്ങൾക്ക് കാരണമാകുന്നില്ലെന്ന് ഐസിഎംആറും എയിംസും നടത്തിയ പഠനങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ 40 വയസിൽ താഴെയുള്ളവരിൽ ഹൃദയാഘാത നിരക്ക് വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് ഈ കണ്ടെത്തലുകൾ വരുന്നത്.
കർണാടകയിലെ ഹാസൻ ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ ഹൃദയാഘാതവുമായി ബന്ധപ്പെട്ട മരിക്കുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധനവുണ്ടായതായും സാഹചര്യം ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ചൊവ്വാഴ്ച പറഞ്ഞു. ഹാസൻ ജില്ലയിൽ 40 ദിവസത്തിനിടെ 23 പേരാണ് ഹൃതയാഘാതത്തെ തുടർന്ന് മരിച്ചത്. കോവിഡ് വാക്സിൻ തിടുക്കത്തിൽ അംഗീകരിച്ചതും വിതരണം ചെയ്തതും ഈ മരണങ്ങൾക്ക് കാരണമായെന്ന് കരുതുന്നതായി സിദ്ധരാമയ്യ എക്സിൽ കുറിച്ചിരുന്നു. കോവിഡ് -19 വാക്സിനുകളുടെ പാർശ്വഫലങ്ങൾ പഠിക്കുന്നതിനായി ഒരു പാനൽ രൂപീകരിക്കുന്നതായും സിദ്ധരാമയ്യ പ്രഖ്യാപിച്ചു.
കോവിഡ് വാക്സിനേഷനും പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രസ്താവനകൾ തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ശാസ്ത്ര വിദഗ്ധർ പറയുന്നു. ഇത്തരം ആരോപണങ്ങൾക്ക് ശാസ്ത്രീയ സമവായത്തിന്റെ പിന്തുണയില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
18 നും 45 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിൽ പെട്ടെന്ന് ഉണ്ടാകുന്ന മരണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ മനസിലാക്കാൻ ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും (എൻസിഡിസി) ഗവേഷണങ്ങൾ തുടർന്ന് വരുകയാണ്. 2023 മെയ് മുതൽ ഓഗസ്റ്റ് വരെ ഇത്തരത്തിൽ പഠനം നടത്തിയിരുന്നു. 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 ആശുപത്രികളിലാണ് പഠനം നടത്തിയത്. 2021 ഒക്ടോബറിനും 2023 മാർച്ചിനും ഇടയിൽ ആരോഗ്യവാനായിരുന്ന, എന്നാൽ പെട്ടന്ന് മരണപ്പെട്ട വ്യക്തികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഐസിഎംആറുമായി സഹകരിച്ചാണ് പഠനം നടന്നത്. സമീപ കാലത്ത് നടത്തിയ രണ്ട് പഠനങ്ങളിലൂടെ യുവാക്കളിലെ പെട്ടന്നുള്ള മരണ സാധ്യത കോവിഡ്-19 വാക്സിനുകൾ വർദ്ധിപ്പിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. ജനിതക രോഗ സാധ്യത, ജീവിതശൈലി, മുമ്പുണ്ടായിരുന്ന അവസ്ഥകൾ, കോവിഡിനു ശേഷമുള്ള സങ്കീർണതകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങൾക്ക് കാരണമാകാം എന്നാണ് ഐസിഎംആർ അറിയിക്കുന്നത്.









0 comments