ദില്ലിയിൽ സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്നു; ബിജെപി ഭരണത്തിൽ സുരക്ഷയില്ലെന്ന് സുഭാഷിണി അലി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്ന സംഭവങ്ങൾ വർധിക്കുന്നത് അതീവ ഗൗരവതരമാണെന്ന് സിപിഐ എം നേതാവ് സുഭാഷിണി അലി. ബിജെപി ഭരണത്തിന് കീഴിൽ സ്ത്രീ സുരക്ഷ ചോദ്യചിഹ്നമാകുകയാണെന്നും ഈ വിഷയത്തിൽ കേന്ദ്രസർക്കാർ മറുപടി പറയണമെന്നും അവർ ആവശ്യപ്പെട്ടു.
ദില്ലിയിലെ കണക്കുകൾ ഭീതിയുളവാക്കുന്നതാണ്. ജനുവരി 27 വരെയുള്ള കണക്കുകൾ പ്രകാരം സ്ത്രീകളും കുട്ടികളുമടക്കം 807 പേരെയാണ് ദില്ലിയിൽ മാത്രം കാണാതായത്. ഇതിൽ പ്രായപൂർത്തിയാകാത്ത 191 കുട്ടികളുണ്ട്. കഴിഞ്ഞ 11 വർഷത്തിനിടെ 5,559 കുട്ടികളെയാണ് ദില്ലിയിൽ നിന്ന് കാണാതായത്.
ഇതിൽ ഭൂരിഭാഗം പേരെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ 2.3 ലക്ഷം ആളുകളെ കാണാതായെങ്കിലും വെറും 52,000 കേസുകളിൽ മാത്രമാണ് തീർപ്പുണ്ടായതെന്നും സുഭാഷിണി അലി ചൂണ്ടിക്കാട്ടി.
അതേസമയം, കാണാതാകുന്നവരുടെ കണക്കുകൾ പുറത്തുവന്നത് പണം നൽകിയുള്ള പ്രചാരണമാണെന്ന വിചിത്ര വാദവുമായി ദില്ലി പൊലീസ് രംഗത്തെത്തി. വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നാണ് പൊലീസിന്റെ ഭീഷണി.
എന്നാൽ ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിട്ടും നടപടിയെടുക്കുന്നതിന് പകരം ഭീഷണിപ്പെടുത്തുന്ന പൊലീസിന്റെ നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.











0 comments