print edition സുഭാഷ് ചന്ദ്രയുടെ വായ്‌പക്കൊള്ള: 45,000 കോടി ആസ്‌തി കിട്ടാക്കടമായപ്പോൾ 31 കോടി

എം പ്രശാന്ത്
Published on Sep 01, 2026, 12:00 AM | 2 min read
ന്യൂഡൽഹി: നിലവിൽ 31.79 കോടി രൂപ മാത്രം ആസ്‌തി അവകാശപ്പെടുന്ന ബിജെപി നേതാവ് സുഭാഷ് ചന്ദ്ര എസ്സൽ ഗ്രൂപ്പിനായി വായ്‌പയെടുത്ത ഘട്ടത്തിൽ ആസ്‌തിയായി കാട്ടിയത് 40000 കോടി രൂപ മുതൽ 45000 കോടി വരെ. 2017–18 കാലയളവിലാണ് സുഭാഷ് ചന്ദ്രയുടെ വ്യക്തിഗത ഗ്യാരണ്ടിയിൽ എസ്സൽ ഗ്രൂപ്പ് വിവിധ ധനകാര്യസ്ഥാപനങ്ങളിൽനിന്ന് കോടികൾ വായ്‌പയെടുത്തത്.
2017ൽ ആർബിഎൽ ബാങ്കിൽനിന്ന് വായ്‌പ കിട്ടുന്നതിനായി സുഭാഷ് ചന്ദ്ര സമർപ്പിച്ച ആസ്‌തി സർട്ടിഫിക്കറ്റിൽ ആകെ കാട്ടിയിട്ടുള്ളത് 40,562 കോടി രൂപ. 2018 ൽ കാനറ ബാങ്കിൽ നിന്ന് വായ്‌പയെടുക്കുന്പോൾ ആസ്‌തി സർട്ടിഫിക്കറ്റിൽ ആസ്‌തി 45,888 കോടി രൂപയാണ്. എന്നാൽ ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ മുന്പാകെ കിട്ടാക്കടം കേസ് എത്തിയപ്പോൾ ആസ്‌തി വിവരങ്ങളുടെ കാര്യത്തിൽ നിലപാടുമാറ്റി. വായ്‌പയെടുക്കുന്നതിന് ഗ്യാരണ്ടി നിൽക്കുമ്പോൾ സമർപ്പിച്ച സർട്ടിഫിക്കറ്റിൽ തന്റെ വ്യക്തിഗത ആസ്‌തിയല്ല രേഖപ്പെടുത്തിയതെന്നും ബിസിനസുകളുടെ ഉൗതിപ്പെരുപ്പിച്ച കണക്കാണതെന്നും സുഭാഷ് ചന്ദ്ര പറയുന്നു. 2016 ൽ ബിജെപി സ്ഥാനാർഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചപ്പോൾ 39.08 കോടി രൂപയാണ് സ്വത്തായി കാട്ടിയതെന്നും സുഭാഷ് ചന്ദ്ര ചൂണ്ടിക്കാട്ടി.
സുഭാഷ് ചന്ദ്ര ബിജെപി എംപിയായിരിക്കെയാണ് 2017–18 കാലയളവിൽ പൊതുമേഖലാ ബാങ്കുകളിൽ നിന്നും കോടികളുടെ വായ്‌പ എസ്സൽ ഗ്രൂപ്പ് നേടിയെടുത്തത്. അന്യായമായി വായ്‌പകൾ കരസ്ഥമാക്കാൻ ബിജെപി നേതാവെന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ചിട്ടുണ്ടെന്ന് തീർച്ചയാണ്. ധനമന്ത്രാലയം സഹായിച്ചതായി ആക്ഷേപമുണ്ട്. 2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതുമുതൽ സംഘപരിവാറിനായി കള്ളപ്രചാരണം നടത്തുന്നതിൽ മുന്നിലുള്ള മാധ്യമ സ്ഥാപനമാണ് സുഭാഷ് ചന്ദ്രയുടെ സീ ഗ്രൂപ്പ്.
ബാങ്കുകളുടെ അപ്പീൽ ഇന്നു കേൾക്കും
ന്യൂഡൽഹി : 22,006.57 കോടി രൂപയുടെ ‘വായ്‌പക്കൊള്ള’യിൽ തടിതപ്പിയ ബിജെപി നേതാവ് സുഭാഷ് ചന്ദ്രയ്ക്കെതിരെ ബാങ്കുകൾ നൽകിയ അപ്പീൽ ദേശീയ കന്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) ചൊവ്വാഴ്‌ച പരിഗണിക്കും. പാപ്പരത്ത–നിർധനത്വ (ഐബിസി) ചട്ടത്തിലെ വ്യവസ്ഥകൾ മറയാക്കി ചന്ദ്ര മുന്നോട്ടുവച്ച വായ്‌പാതിരിച്ചടവ് പദ്ധതി അംഗീകരിച്ച ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ വിധിക്കെതിരെയാണ് അപ്പീൽ.
ഒഫീഷ്യേറ്റിങ് ചെയർപേഴ്‌സൺ ജസ്റ്റിസ് യോഗേഷ് ഖന്ന, സാങ്കേതിക അംഗങ്ങളായ ബാനു മിത്ര, അജയ് ദാസ് മെഹ്‌റോത്ര എന്നിവരുടെ ബെഞ്ചിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അപ്പീൽ പരാമർശിച്ചു. പൊതുമേഖലാ സ്ഥാപനമായ എൽഐസി ഹൗസിങ് ഫിനാൻസിന് വേണ്ടിയാണ് മേത്ത ഹാജരായത്. ചന്ദ്രയുടെ വായ്‌പാത്തുകയിൽ 99.97 ശതമാനം കുറച്ചുനൽകിയ ഉത്തരവ് ഐബിസി ചട്ടത്തിന്റെ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് മേത്ത പറഞ്ഞു. ഫയൽ പൂർണമായും വായിച്ചിട്ടില്ലെന്നും ചൊവ്വ രാവിലെ 10ന് അപ്പീൽ കേൾക്കാമെന്നും ബെഞ്ച് അറിയിച്ചു.
എച്ച്‌ഡിഎഫ്‌സി, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയവയും അപ്പീൽ നൽകി. വീണ ഇൻവെസ്റ്റ്‌മെന്റ്‌സ്, ഡയറക്ട് മീഡിയ ഡിസ്ട്രിബ്യൂഷൻ വെഞ്ച്വേഴ്‌സ്, വേൾഡ് ക്രെസ്റ്റ് അഡ്വൈസേഴ്‌സ്, ലെമണേഡ് ക്യാപിറ്റൽ അഡ്വൈസേഴ്‌സ്, കോർപ്‌കാൾ ക്യാപിറ്റൽ അഡ്വൈസേഴ്‌സ് എന്നീ അഞ്ച് സ്ഥാപനങ്ങൾ സുഭാഷ് ചന്ദ്രയുമായി ബന്ധമുള്ളവയാണെന്നും ഇവരുടെ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിൽ ഇളവ് അനുവദിക്കാൻ കഴിയില്ലെന്നുമാണ് ബാങ്കുകളുടെ പ്രധാന വാദം. ഇൗ സ്ഥാപനങ്ങൾക്കാണ് തിരിച്ചടവ് പദ്ധതി അംഗീകരിച്ച ക്രഡിറ്റേഴ്‌സ് സമിതിയിൽ 60 ശതമാനത്തോളം വോട്ടുണ്ടായിരുന്നത്. 22,006.57 കോടിയുടെ ക്ലെയിമുകൾക്ക് ആറരക്കോടി മാത്രം തിരിച്ചുപിടിക്കാൻ അനുവദിക്കുന്ന വിധി അംഗീകരിക്കാനാകില്ലെന്നും ബാങ്കുകൾ വാദിക്കുന്നു.










0 comments