print edition സുഭാഷ് ചന്ദ്രയുടെ വായ്‌പാ കൊള്ള; വഴിയൊരുക്കിയത് മോദി സർക്കാർ

എം പ്രശാന്ത്
Published on Aug 30, 2026, 01:30 AM | 2 min read
ന്യൂഡൽഹി: ബിജെപി നേതാവ് സുഭാഷ് ചന്ദ്രയുടെ 22006.57 കോടി രൂപയുടെ വായ്‌പാ കൊള്ളയ്‌ക്ക് വഴിയൊരുക്കിയത് മോദി സർക്കാർ കൊണ്ടുവന്ന പാപ്പരത്ത– നിർധനത്വ ചട്ടത്തിലെ (ഐബിസി) കോർപറേറ്റുകൾക്ക് അനുകൂലമായ വ്യവസ്ഥ. ഐബിസി ചട്ടത്തിലെ 109 (4)ബി, 79(2)ജി വകുപ്പുകൾ പ്രകാരം വായ്‌പാദാതാക്കളുടെ യോഗത്തിൽ വോട്ടെടുപ്പുണ്ടാകുന്ന ഘട്ടത്തിൽ കടമെടുത്തയാളുമായി ബന്ധമുള്ളവർക്ക് (അസോസിയേറ്റ്) വോട്ടവകാശം നിഷേധിച്ചിട്ടുണ്ട്.
എന്നാൽ നിയമത്തിൽ ‘അസോസിയേറ്റ്’ എന്നതിന്റെ നിർവചനം വിചിത്രമാണ്. കടക്കാരനായ വ്യക്തിക്ക് അമ്പത് ശതമാനത്തിൽ കൂടുതൽ ഓഹരിയോ, അതല്ലെങ്കിൽ ബോർഡിലെ നിയന്ത്രണമോ ഉടമസ്ഥതയോ ഉണ്ടെങ്കിൽ മാത്രമാണ് ‘അസോസിയേറ്റ്’ ആവുക. ബന്ധുക്കളുടെ സ്ഥാപനങ്ങൾക്കും വ്യാപാര ബന്ധമുള്ള സ്ഥാപനങ്ങൾക്കും വിലക്ക് ഇല്ലെന്ന് ചുരുക്കം.
സുഭാഷ് ചന്ദ്രയുടെ സഹോദര ഭാര്യയുടെ സ്ഥാപനങ്ങൾ അടക്കം 99.97 ശതമാനം ‘ഹെയർകട്ടി’ ന് അനുകൂലമായി വോട്ടുചെയ്‌തത് ഇൗ നിർവചനത്തിന്റെ പിൻബലത്തിലാണ്. എൻസിഎൽടി ജഡ്‌ജി നിലേഷ് ശർമ്മ നിയമത്തിലെ അസോസിയേറ്റ് എന്ന പദത്തിന്റെ നിർവചനത്തെ ശരിവെച്ച് സുഭാഷ് ചന്ദ്രയുമായി ബന്ധമുള്ള സ്ഥാപനങ്ങളൂടെ വോട്ട് അംഗീകരിക്കുകയായിരുന്നു. എൽഐസി, എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, കാനറ ബാങ്ക്, ആർബിഎൽ ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളുടെ എതിർപ്പ് നിലേഷ് ശർമ്മയും തള്ളി.
2016 ൽ ഒന്നാം മോദി സർക്കാരാണ് കോർപറേറ്റുകൾക്ക് ഏറെ അനുകൂലമായ ഐബിസി ചട്ടം കൊണ്ടുവന്നത്. മോദി സർക്കാരിന്റെ ചങ്ങാത്ത മുതലാളിമാരെ സഹായിക്കുന്നതിനാണ് ചട്ടമെന്ന വിമർശം ആ ഘട്ടത്തിൽ തന്നെ പ്രതിപക്ഷ പാർടികൾ ഉയർത്തിയിരുന്നു. എന്നാൽ പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ നിയമം ഏകപക്ഷീയമായി പാസാക്കുകയാണുണ്ടായത്. ഐബിസി ചട്ടം നിലവിൽ വന്നതിന് ശേഷം മാത്രം വൻകിട കോർപറേറ്റുകളുടെ പത്തുലക്ഷം കോടിയിലേറെ രൂപയുടെ കിട്ടാക്കടമാണ് പൊതുമേഖലാ ബാങ്കുകൾക്കും മറ്റും എഴുതിത്തള്ളിയത്.
എല്ലാം ആസൂത്രിതം
ബിജെപി നേതാവും സീ ഗ്രൂപ്പ് ഉടമയുമായ സുഭാഷ് ചന്ദ്രയുടെ വായ്‌പാ കൊള്ള ആസൂത്രിതമെന്ന് തെളിയുന്നു. 22006.57 കോടി രൂപയുടെ കടം വെറും ആറര കോടി രൂപയുടെ തിരിച്ചടവിൽ ഒത്തുതീർപ്പാക്കാൻ ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ (എൻസിഎൽടി) ആധാരമാക്കിയത് വായ്‌പാ ദാതാക്കളുടെ സമിതിയെടുത്ത അനുകൂല തീരുമാനമാണ്. വായ്‌പാ ദാതാക്കളുടെ സമിതി സുഭാഷ് ചന്ദ്രയ്‌ക്ക് അനുകൂലമായ ഒത്തുതീർപ്പ് അംഗീകരിച്ചത് 80.81 ശതമാനം ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിലാണ്. ഇൗ ഭൂരിപക്ഷ വോട്ടിനുപിന്നിലെ വായ്‌പാ ദാതാക്കളെല്ലാം സുഭാഷ് ചന്ദ്രയുമായി പ്രത്യക്ഷമായോ പരോക്ഷമായോ വ്യക്തിബന്ധമോ വ്യാപാരബന്ധമോ ഉള്ളവരാണ്.
സുഭാഷ് ചന്ദ്രയ്‌ക്ക് അനുകൂലമായ 61.78 ശതമാനം വോട്ടിനുപിന്നിൽ അഞ്ച് പ്രധാന സ്ഥാപനങ്ങളാണ്. ഇതിലൊന്ന് വീണ ഇൻവെസ്‌റ്റ്‌മെന്റ്‌സ് ലിമിറ്റഡാണ്. 4.99 ശതമാനം വോട്ടാണ് വീണ ലിമിറ്റഡിനുള്ളത്. സുഭാഷ് ചന്ദ്രയുടെ സഹോദരൻ ജവഹർ ഗോയലിന്റെ ഭാര്യ സുശീലാദേവി ഗോയലാണ് ഇതിന്റെ ഉടമസ്ഥ.
വായ്‌പാദാതാക്കളുടെ സമിതിയിൽ 28.49 ശതമാനം വോട്ടുള്ള ഡയറക്ട് മീഡിയ വെഞ്ച്വേഴ്‌സ്, വേൾഡ് ക്രസ്‌റ്റ് അഡ്വൈസേഴ്‌സ് എന്നീ സ്ഥാപനങ്ങൾ വീണ ലിമിറ്റഡ് കമ്പനിയുടെ ഉപ കമ്പനികളാണ്. വായ്‌പാ ദാതാക്കളുടെ സമിതിയിലെ 33.48 ശതമാനം വോട്ട് സുഭാഷ് ചന്ദ്രയുടെ സഹോദര ഭാര്യയുടെ സ്ഥാപനങ്ങളുടേതാണെന്ന് ചുരുക്കം. സമിതിയിൽ 16.85 ശതമാനം വോട്ടുള്ള ലെമണേഡ് ക്യാപിറ്റൽ, 10.30 ശതമാനം വോട്ടുള്ള കോർപ്പ്‌കാൾ അഡ്വൈസേഴ്‌സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കും സുഭാഷ് ചന്ദ്രയുടെ സ്ഥാപനങ്ങളുമായി അടുത്ത വ്യാപാര ബന്ധമാണുള്ളത്. വേണ്ടപ്പെട്ട കമ്പനികളെ ഉപയോഗിച്ചാണ് വായ്‌പാ കൊള്ള നടത്തിയത്.
വ്യക്തിഗത കടമല്ലെന്ന് സുഭാഷ് ചന്ദ്ര
ന്യൂഡൽഹി: തന്റെ ഉടമസ്ഥതയിലുള്ള എസ്സൽ ഗ്രൂപ്പിന്റെ 45,000 കോടി രൂപ ബാധ്യതയിൽ 43,000 കോടി തിരിച്ചടച്ചിട്ടുണ്ടെന്ന അവകാശവാദവുമായി സുഭാഷ് ചന്ദ്ര. കമ്പനിയുടെ കടം വീട്ടാൻ വീടടക്കം വിറ്റു. എൻസിഎൽടി തീർപ്പാക്കിയ 22006.57 കോടി രൂപ താൻ വ്യക്തിപരമായി കടമെടുത്തതല്ല. കമ്പനികളാണ് കടമെടുത്തത്. വ്യക്തിഗത ഗ്യാരണ്ടി നൽകിയതേയുള്ളൂ.
ആസ്‌തിയും കടവുമായുള്ള അന്തരം കാരണം 2019 ജനുവരിയിലാണ് പ്രശ്‌നം ഉടലെടുത്തത്. പിഴവുകൾ സംഭവിച്ചു. ബാധ്യത തീർക്കാൻ സ്ഥാപനങ്ങൾക്കുമേൽ സമ്മർദ്ദം ചെലുത്തി. രണ്ടായിരം കോടി രൂപ അടയ്‌ക്കാൻ ബാക്കിയുണ്ട്. ആറര കോടിയും ചെറിയപാർപ്പിടവും മാത്രമാണുള്ളത്. ഒത്തുതീർപ്പിനെ എതിർക്കുന്ന ധനകാര്യസ്ഥാപനങ്ങൾക്ക് 3900 കോടി രൂപ മാത്രമാണ് നൽകാനുള്ളത്.
ഇതിൽ 620 കോടി ഇതിനകം തീർപ്പാക്കി. മറ്റൊരു 1100 കോടി കടമെടുത്ത സ്ഥാപനങ്ങൾ ബാങ്കുകൾക്ക് വാഗ്‌ദാനം നൽകിയിട്ടുണ്ട്. കമ്പനിയുടെ സാമ്പത്തികരേഖകൾ പരിശോധിക്കാൻ സ്വതന്ത്ര ഓഡിറ്ററെ നിയമിക്കണമെന്ന് ബാങ്കുകളോടും ധനമന്ത്രാലയത്തോടും മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥരോടും അഭ്യർഥിക്കുന്നുവെന്നും സുഭാഷ് ചന്ദ്ര പറഞ്ഞു.










0 comments