അഞ്ഞൂറ് രൂപ നോട്ടും ജയിപ്പിക്കണമെന്ന അപേക്ഷയും; വൈറലായി കർണാടകത്തിലെ 10ാം ക്ലാസ് ഉത്തരക്കടലാസ്

ബംഗളൂരൂ : ഉത്തരങ്ങൾക്കൊപ്പം അഞ്ഞൂറ് രൂപ നോട്ടും ജയിപ്പിക്കണമെന്ന അപേക്ഷകളും കൊണ്ട് വൈറലായിരിക്കുകയാണ് കർണാടകത്തിലെ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളുടെ ഉത്തരക്കടലാസ്. ബെലഗാവിയിലെ ചിക്കോടിയിലെ മൂല്യനിർണയ ക്യാമ്പിൽ നിന്നാണ് എസ്എസ്എൽസി പരീക്ഷയിലെ സംഭവം പുറത്തുവന്നത്. സോഷ്യൽമീഡിയയിൽ ഉത്തരക്കടലാസുകൾ ഏറെ വൈറലായി. ഭൂരിഭാഗം ഉത്തരപേപ്പറുകളിലും അഞ്ഞൂറ് രൂപയുടെ നോട്ടും ഒപ്പം വെച്ചിട്ടുണ്ട്. സമാനമായ നിരവധി അഭ്യർത്ഥനകളാണ് പേപ്പർ നോക്കിയ അധ്യാപകർക്ക് ലഭിച്ചത്.
അഞ്ഞൂറ് രൂപ സ്വീകരിച്ച് തന്നെ ജയിപ്പിക്കണമെന്നായിരുന്നു ഒരു വിദ്യാർഥിയുടെ ആവശ്യം. മറ്റൊരാൾ തന്റെ പ്രണയം പരീക്ഷയുമായി ബന്ധപ്പെട്ടാണുള്ളതെന്ന അഭ്യർഥനയാണ് നടത്തിയത്. പരീക്ഷ ജയിച്ചാൽ മാത്രമേ പ്രണയം തുടർന്നുകൊണ്ടുപോകാനാകൂ. പരീക്ഷ ജയിച്ചില്ലെങ്കിൽ കാമുകി എന്നെ വിട്ടു പോകും' എന്നായിരുന്നു പണത്തോടൊപ്പമുള്ള ഒരു അഭ്യർത്ഥന. ചായ കുടിക്കാനായി ഈ പൈസ എടുത്തിട്ട് എന്നെ ജയിപ്പക്കമെന്നായിരുന്നു മറ്റൊരു വിദ്യാർഥി ആവശ്യപ്പെട്ടത്. പരീക്ഷ ജയിച്ചില്ലെങ്കിൽ മാതാപിതാക്കൾ കോളേജിലേക്ക് വിടില്ലെന്നും കല്യാണം കഴിപ്പിച്ചയയ്ക്കുമെന്നൊക്കെ നിരവധി അഭ്യർഥനകളാണ് ഉത്തരപേപ്പറിൽ വരുന്നത്. ജയിപ്പിച്ചാൽ കൂടുതൽ പണം നൽകാമെന്നും വാഗ്ദാനമുണ്ട്.









0 comments