ad
Deshabhimani

പാടം ഒരുക്കാൻ വൈക്കോൽ കുറ്റികൾ കത്തിച്ചു; 308 കർഷകർക്കെതിരെ കേസ്

stubble-burning incidents
വെബ് ഡെസ്ക്

Published on Oct 20, 2025, 04:57 PM | 2 min read

ചണ്ഡീഗഡ്: പാടത്ത് വൈക്കോൽ കത്തിച്ചതിന്റെ പേരിൽ പഞ്ചാബിൽ സെപ്തംബർ 15 മുതൽ ഇന്നലെ വരെ 36 ദിവസത്തിനകം കർഷകർക്കെതിരെ റജിസ്റ്റർ ചെയ്തത് 308 കേസുകൾ. പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം തരൺ താരൺ, അമൃത്സർ ജില്ലകളിലാണ് കേസുകളിൽ ഭൂരിഭാഗവും.


തലസ്ഥാന നഗരിയായ ഡൽഹിയിൽ രൂക്ഷമായി തുടരുന്ന വായു മലിനീകരണം ഭീഷണമായി വർധിക്കുന്നതിന് കാരണം പഞ്ചാബിലും ഹരിയാനയിലും കർഷകർ വൈക്കോൽ കത്തിക്കുന്നതാണെന്ന വിലയിരുത്തലിലാണ് വിലക്കും നിയമ നടപടികളും. കഴിഞ്ഞ ദിവസം മാത്രം ആറ് സംസ്ഥാനങ്ങളിലായി 153 തീപിടുത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.


ഒക്ടോബർ, നവംബർ മാസങ്ങളിലായി പൂർത്തിയാവുന്ന നെല്ല് വിളവെടുപ്പിന് ശേഷം പാടം ഒരുക്കുന്നതിനാണ് കർഷകർ വൈക്കോൽ തീയിടുന്നത്. റാബി വിളയായ ഗോതമ്പിന്റെ വിതയ്ക്കലിന് തൊട്ട് മുമ്പാണ് ഇത്. രണ്ട് വിളകൾക്കും ഇടയിലുള്ള സമയം വളരെ കുറവാണ്. എളുപ്പം വിതയൊരുക്കാൻ തീയിടുന്നതാണ് രീതി.  


അടുത്ത വിള വിതയ്ക്കുന്നതിനായി അവശിഷ്ടങ്ങൾ വൃത്തിയാക്കാനും മണ്ണ് ഒരുക്കാനും ഇത് ആവശ്യമാണ് എന്ന് കർഷകർ പറയുന്നു.  എന്നാൽ ഡൽഹിയിലെ മലിനീകരണം പരമ്പരാഗത കൃഷിരീതികൾ തുടരുന്നതിന് തന്നെ വിലക്കായി മാറി.  ഇപ്പോൾ കേസുകളും പിഴയും നടപടികളും ആവർത്തിക്കുന്നു. ഒക്ടോബർ 19 ന് ഒരു ദിവസം മാത്രം 67 പുതിയ കേസ് ഉണ്ടായി.


 തരൺ താരൺ ജില്ലയിൽ മാത്രം 113 വൈക്കോൽ കത്തിക്കൽ കേസുകൾ റിപ്പോർട്ട് ചെയ്തു. അമൃത്സറിൽ 104 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കത്തിക്കൽ പാടില്ലെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ലംഘിച്ചതിനാണ് കേസ്. എങ്കിലും നിസ്സഹായരായ നിരവധി കർഷകർ വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുന്നു. ശൈത്യകാലത്ത് ഇത് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കും.


പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ (പിപിസിബി) ഡാറ്റ പ്രകാരം ഒക്ടോബർ 11 ന് 116 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നത് വർധിച്ച് ഇന്നലെ 308 ആയി. കേസ് എടുക്കുക മാത്രമല്ല. കർഷകരിൽ നിന്നും പിഴയും ഈടാക്കുന്നുണ്ട്. പിപിസിബി ഡാറ്റ പ്രകാരം ഇതുവരെ 132 കേസുകളിൽ പരിസ്ഥിതി നഷ്ടപരിഹാരമായി 6.5 ലക്ഷത്തിലധികം രൂപ പിഴ ചുമത്തി. 4.70 ലക്ഷത്തിലധികം രൂപ ഇക്കാലയളവിൽ ഇതുവരെ പിരിച്ചെടുത്തു.


ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 223 ( പൊതു നന്മക്കായി പ്രഖ്യാപിച്ച ഉത്തരവുകൾ അനുസരിക്കാത്തത്) പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പഞ്ചാബിൽ 2024 ൽ 10,909 കൃഷിയിടങ്ങളിൽ തീപിടുത്തമുണ്ടായി. 2023 ൽ ഇത് 36,663 ആയിരുന്നു. കേസുകളും നടപടികളും പിഴയും ആവർത്തിച്ചതോടെയാണ് കത്തിക്കൽ കേസുകൾ 70 ശതമാനം കുറഞ്ഞത്.


2022 ൽ 49,922 കത്തിക്കലുകളും, 2021 ൽ 71,304 ഉം, 2020 ൽ 76,590 ഉം, 2019 ൽ 55,210 ഉം, 2018 ൽ 50,590 ഉം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. കർഷകർ പരമ്പരാഗതമായി തുടരുന്ന കൃഷി രീതിയാണ്. ഡൽഹിയിൽ മലനീകരണം കൂടിയതോടെ അതിന്റെ ഉത്തരവാദിത്തവും അവരുടെ തലയിലായി. ഇതേ കാലയളവിൽ ഡൽഹിക്ക് ചേർന്ന് വരുന്ന വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 1,244 കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്.


ബദൽ യന്ത്രങ്ങളുടെ ലഭ്യത ഉറപ്പാക്കുക. അവശിഷ്ട പരിപാലന രീതികൾ മെച്ചപ്പെടുത്താൻ സഹായങ്ങൾ നൽകുക. യന്ത്രങ്ങളുടെ ലഭ്യത ഉറപ്പാക്കുക എന്നിങ്ങനെ ബദൽ മാർഗ്ഗങ്ങൾ കർഷകർ ആവശ്യപ്പെടുന്നുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home