print edition പൊതുമേഖലയിലെ സമരം; ഭരണഘടന സംരക്ഷിക്കാനുള്ള രാഷ്‌ട്രീയ പോരാട്ടം: കെ രാധാകൃഷ്‌ണൻ

വിശാഖപട്ടണം: പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുള്ള സമരം ഭരണഘടന സംരക്ഷിക്കാനുള്ള രാഷ്‌ട്രീയ പോരാട്ടത്തിന്റെ ഭാഗമാണെന്ന് കെ രാധാകൃഷ്‌ണൻ എംപി പറഞ്ഞു. സിഐടിയു അഖിലേന്ത്യ സമ്മേളനത്തിന്റെ മുന്നോടിയായി വിശാഖപട്ടണം അല്ലൂരിയിൽ നടത്തിയ ‘പൊതുമേഖലയും സാമൂഹ്യനീതിയും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശാഖ് സ്റ്റീൽ പ്ലാന്റിന്റെ സ്വകാര്യവൽക്കരണ നീക്കങ്ങൾക്കെതിരെ ചരിത്രപരമായ ചെറുത്തുനിൽപ്പുകൾ നടത്തിയ മണ്ണിലെ സെമിനാർ തൊഴിലാളി മുന്നേറ്റങ്ങളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ പ്രവർത്തനം അവസാനിപ്പിച്ച കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളെ ഇടതുപക്ഷ സർക്കാർ ഏറ്റെടുത്തതുൾപ്പെടെയുള്ള മാതൃകപരമായ പ്രവർത്തനങ്ങളും എംപി ചൂണ്ടിക്കാട്ടി. നവംബർ ഒന്നിന് കേരളം അതിദാരിദ്ര്യ മുക്തമാവാൻ പോകുന്നുവെന്ന എംപിയുടെ വാക്കുകളെ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. ഡിസംബർ 31 മുതൽ 2026 ജനുവരി നാല് വരെ വിശാഖപട്ടണത്താണ് സമ്മേളനം.
സിപിഐ എം ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറി വി ശ്രീനിവാസ് റാവു, കേന്ദ്രകമ്മിറ്റി അംഗം കെ ലോകനാഥം, സിഐടിയു ആന്ധ്ര ജനറൽ സെക്രട്ടറി എ എസ് എച്ച് നർസിങ് റാവു, പ്രസിഡന്റ് എ വി നാഗേശ്വര റാവു, സെക്രട്ടറി കെ ധനലക്ഷ്‌മി, ദളിത് സംഘടനയായ കെവിപിഎസ് സംസ്ഥാന സെക്രട്ടറി മാല്യാദ്രി എന്നിവർ സംസാരിച്ചു.










0 comments