print edition ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ; ഇന്ത്യയുടെ ഉൗർജ സുരക്ഷ അപകടത്തിൽ

റിതിൻ പൗലോസ്
Published on Mar 02, 2026, 04:44 AM | 1 min read
ന്യൂഡൽഹി
അമേരിക്കയും ഇസ്രയേലും നടത്തിയ കടന്നാക്രമണത്തില്‍ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധനനീക്കം പ്രതിസന്ധിയിലായത് ഇന്ത്യൻ സന്പദ്‌വ്യവസ്ഥയ്‌ക്കും ഉൗർജസുരക്ഷയ്‌ക്കും ആഘാതമാകും. ഏറ്റവും തന്ത്രപ്രധാന കപ്പൽപാതയായ ഹോർമുസിലൂടെയാണ് ഇന്ത്യയിലേക്ക് 50 ശതമാനത്തിലേറെ എണ്ണയെത്തുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണിത്. 60 ശതമാനത്തോളം എൽഎൻജി ഇറക്കുമതിയും എൽപിജിയുടെ ഭൂരിഭാഗവും ഈ കടലിടുക്ക് വഴിയാണ് വരുന്നത്. ആഗോളവ്യാപാരം നിരീക്ഷിക്കുന്ന ‘കെപ്ലറി’ന്റെ കണക്കനുസരിച്ച് ഫെബ്രുവരി 24വരെ ദിവസേന 26 ലക്ഷം ബാരൽ എണ്ണ ഹോർമുസ് വഴി ഇന്ത്യയിലെത്തി.
ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും 30 ശതമാനത്തിലേറെ എൽഎൻജി വ്യാപാരവും ഹോർമുസിലൂടെ നടക്കുന്നതിനാൽ പാതയിലെ പ്രതിസന്ധി ആഗോള സാന്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. അമേരിക്കൻ കടന്നാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്‌ച ആഗോള എണ്ണവില ബാരലിന് 72.87 ഡോളറായി ഉയർന്നിരുന്നു.
ആറുഡോളറാണ് ഒറ്റദിവസം വർധിച്ചത്. ബാരലിന് പത്തുരൂപ വർധിക്കുന്പോൾ 14,000 കോടി ഡോളർ (1.27 ലക്ഷം കോടി) ഇറക്കുമതിച്ചെലവായി ഇന്ത്യ അധികം നൽകണം. ഇന്ധന, പാചകവാതക വില വർധന, പണപ്പെരുപ്പം തുടങ്ങിയവയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. കടലിടുക്കിലെ ഏതൊരു തടസ്സവും ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് ‘കെപ്ലർ’ മുന്നറിയിപ്പ് നൽകി. ആവശ്യമുള്ള എണ്ണയുടെ 90 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. റഷ്യൻ എണ്ണ അമേരിക്കൻ ഭീഷണി പേടിച്ച് കേന്ദ്രസർക്കാർ നിർത്തിയതും ഉൗർജ സുരക്ഷയെ കൂടുതൽ അപകടത്തിലാക്കി.










0 comments