'ബലാത്സം​ഗം ഒഴിവാക്കാൻ വീട്ടിലിരിക്കൂ'; ഗുജറാത്ത് ട്രാഫിക് പൊലീസിന്റെ പോസ്റ്ററുകൾ വിവാദത്തിൽ

posters
വെബ് ഡെസ്ക്

Published on Aug 02, 2025, 02:07 PM | 1 min read

അഹമ്മദാബാദ്: സുരക്ഷാ പ്രചാരണമെന്നപേരിൽ വിവാദ പോസ്റ്ററുകൾ പ്രദർശിപ്പിച്ച് അഹമ്മദാബാദ് ട്രാഫിക് പൊലീസ്. 'ബലാത്സംഗം ഒഴിവാക്കാൻ സ്ത്രീകൾ വീട്ടിലിരിക്കൂ' എന്നാണ് ഒരു പോസ്റ്ററിലെ സന്ദേശം. ഇത്തരം ആഹ്വാനങ്ങൾ ​ഗുജറാത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.


അഹമ്മദാബാദിലെ ഏതാനും പ്രദേശങ്ങളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. 'രാത്രികാല പാർട്ടികളിൽ പങ്കെടുക്കരുത്, അങ്ങനെയല്ലെങ്കിൽ നിങ്ങൾ ബലാത്സം​ഗത്തിന് ഇരയായേക്കാം', 'നിങ്ങളുടെ സുഹൃത്തിനോടൊപ്പം ഇരുണ്ടതും ഒറ്റപ്പെട്ടതുമായ പ്രദേശങ്ങളിലേക്ക് പോകരുത്, അവൾ ബലാത്സംഗം ചെയ്യപ്പെടുകയോ കൂട്ടബലാത്സംഗം ചെയ്യപ്പെടുകയോ ചെയ്‌താൽ എന്തുചെയ്യും?'എന്നിങ്ങനെയാണ് പോസ്റ്ററുകളിലെ സന്ദേശം.


സോള, ചാന്ദ്ലോഡിയ പ്രദേശങ്ങളിലെ റോഡ് ഡിവൈഡറുകളിൽ ഒട്ടിച്ചിരുന്ന പോസ്റ്ററുകൾ പിന്നീട് നീക്കം ചെയ്തു. ​ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ സ്ത്രീ സുരക്ഷ ചോദ്യമുനയിലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്ത്രീ സുരക്ഷയെക്കുറിച്ചല്ല റോഡ് സുരക്ഷയെക്കുറിച്ച് പ്രചാരണം നടത്താനാണ് സിറ്റി ട്രാഫിക് പൊലീസ് പോസ്റ്ററുകൾ സ്പോൺസർ ചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് കമീഷണർ നീത ദേശായി വ്യക്തമാക്കി.


അനുമതിയില്ലാതെ സതർക്ത ഗ്രൂപ്പ് എന്ന എൻ‌ജി‌ഒ ആണ് വിവാദ പോസ്റ്ററുകൾ സൃഷ്ടിച്ചതെന്നാണ് പൊലീസിന്റെ അവകാശവാദം. റോഡ് സുരക്ഷയെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ക്യാമ്പയിൻ നടത്താൻ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻജിഒ പൊലീസിനെ സമീപിച്ചത്. പോസ്റ്ററുകൾ സമർപ്പിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ല എന്ന് കമീഷണർ പറഞ്ഞു. വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ തന്നെ പോസ്റ്ററുകൾ നീക്കം ചെയ്തതായും അവർ കൂട്ടിച്ചേർത്തു.


ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ സ്ത്രീസുരക്ഷയുടെ അവസ്ഥ തുറന്നുകാട്ടുന്നതാണ് പോസ്റ്ററുകളെന്ന് ആം ആദ്മി പാർടി (എഎപി) രൂക്ഷമായി വിമർശിച്ചു. 'ഗുജറാത്തിലെ ബിജെപി സർക്കാർ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ യാഥാർഥ്യം മറിച്ചാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 6,500ലധികം ബലാത്സംഗ കേസുകളാണ് ​ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത്. 36ലധികം കൂട്ടബലാത്സംഗങ്ങളും ഗുജറാത്തിൽ നടന്നിട്ടുണ്ട്' - എഎപി പ്രസ്താവനയിൽ പറഞ്ഞു.
















deshabhimani section

Related News

View More
0 comments
Sort by

Home