സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതിയുടെ റഫറൻസ്; ഐക്യാഹ്വാനവുമായി സംസ്ഥാനങ്ങൾക്ക് കത്തയച്ച് സ്റ്റാലിൻ

ചെന്നൈ: ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് സമയക്രമം നിശ്ചയിച്ച സുപ്രീംകോടതി വിധിയിലെ രാഷ്ട്രപതിയുടെ റഫറൻസിനെ എതിർക്കണമെന്ന് ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വിധി സംബന്ധിച്ച് കഴിഞ്ഞ ദിവസം രാഷ്ട്രപതി സുപ്രീം കോടതിയോട് ചോദ്യങ്ങളുന്നയിക്കുകയും റഫറൻസ് തേടുകയും ചെയ്തിരുന്നു. ഈ നീക്കത്തെ എതിർക്കണമെന്ന് പശ്ചിമ ബംഗാൾ ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് സ്റ്റാലിൻ ആവശ്യപ്പെട്ടു.
എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും കത്ത് മുഖേനെയാണ് സ്റ്റാലിൻ ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളം, കർണാടക, തെലങ്കാന, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് സ്റ്റാലിൻ കത്തെഴുതിയത്. ഭരണഘടനയുടെ അടിസ്ഥാന ഘടന സംരക്ഷിക്കുന്നതിനായി കോടതിക്ക് മുന്നിൽ ഒരു ഏകീകൃത നിയമ തന്ത്രം വികസിപ്പിക്കുകയും ഐക്യമുന്നണി അവതരിപ്പിക്കുകയും വേണം. ഈ വിഷയത്തിൽ മുഖ്യമന്ത്രിമാരുടെ ദ്രുതഗതിയിലുള്ള വ്യക്തിപരമായ ഇടപെടൽ പ്രതീക്ഷിക്കുന്നതായും കത്തിൽ സ്റ്റാലിൻ വ്യക്തമാക്കി.
സുപ്രീംകോടതിയുടെ ആധികാരികമായ പ്രഖ്യാപനത്തിലൂടെ പ്രസ്തുത വിഷയത്തിൽ ഇതിനകം തീരുമാനമായിട്ടുണ്ട്. ഈ സന്ദർഭത്തിൽ സുപ്രീം കോടതിയുടെ ഉപദേശക അധികാരപരിധി പ്രയോഗിക്കാനോ പ്രയോഗിക്കാനോ കഴിയില്ലെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും ബിജെപി സർക്കാർ റഫറൻസ് തേടുന്നതുമായി മുന്നോട്ട് പോയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ദുഷ്ടലാക്കാണ് ഇതിലൂടെ വ്യക്തമാകുന്നതെനനും സ്റ്റാലിൻ പറഞ്ഞു.
മെയ് 13 ന് കേന്ദ്ര സർക്കാരിന്റെ ഉപദേശപ്രകാരം ഭരണഘടനയുടെ ആർട്ടിക്കിൾ 143 പ്രകാരം രാഷ്ട്രപതി ദ്രൗപതി മുർമു സുപ്രീം കോടതിയിൽ 14 ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രധാന വിധിയെ ചോദ്യം ചെയ്താണ് രാഷ്ട്രപതി റഫറൻസ് തേടിയത്. ഈ റഫറൻസ് ഏതെങ്കിലും സംസ്ഥാനത്തെയോ വിധിന്യായത്തെയോ പ്രത്യേകമായി പരാമർശിക്കുന്നില്ല. എങ്കിലും തമിഴ്‌നാട് ഗവർണർ ആർ എൻ രവിക്കെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിലുള്ള സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുന്നതായിരുന്നു.
ഈ ചരിത്രപരമായ വിധി തമിഴ്‌നാടിന് മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും അധികാരത്തെ ഉയർത്തിപ്പിടിക്കുന്ന സുപ്രധാന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രവർത്തനത്തെ തടസപ്പെടുത്താൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഗവർണർമാരെ ഉപയോഗിക്കുകയാണ്. ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് വൈകിപ്പിക്കുകയും ചെയ്യുന്നു.
സാധുവായ ഭരണഘടനാപരമോ നിയമപരമായതോ ആയ കാരണങ്ങളില്ലാതെ അനുമതി നിഷേധിക്കുകയാണ്. ഒപ്പിനായി അയയ്ക്കുന്ന പതിവ് ഫയലുകളിലും സർക്കാർ ഉത്തരവുകളിലും കാലതാമസമുണ്ടാകുന്നു. പ്രധാനപ്പെട്ട തസ്തികകളിലേക്കുള്ള നിയമനങ്ങളിലും ഗവർണർ ഇടപെടുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിക്കാൻ സർവകലാശാലകളുടെ ചാൻസലർ എന്ന സ്ഥാനം ദുരുപയോഗം ചെയ്യുന്നു.
ഭരണഘടന ചില വിഷയങ്ങളിൽ മൗനം പാലിക്കുന്നു എന്ന വസ്തുത മുതലെടുത്താണ് കേന്ദ്രം ഇത്തരമൊരു നീക്കം നടത്തിയത്. ഉയർന്ന പദവികൾ വഹിക്കുന്നവർ ഭരണഘടനാ ധാർമ്മികതയ്ക്ക് അനുസൃതമായി പ്രവർത്തിക്കുമെന്ന് ഭരണഘടനാ ശിൽപികൾ വിശ്വസിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാട് ഗവർണറുടെ കേസിൽ സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. സംസ്ഥാനങ്ങളുടെ ഭരണ നിർവഹണത്തിൽ കേന്ദ്ര സർക്കാർ അനാവശ്യ ഇടപെടലുകൾ നടത്തില്ല എന്ന ഉറപ്പാണ് സുപ്രീംകോടതി വിധിയിലൂടെ ലഭിച്ചത്.
ഈ വിധിയെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി സുപ്രീംകോടതിയിൽ റഫറൻസ് തേടാൻ ബിജെപി സർക്കാർ രാഷ്ട്രപതിയോട് ഉപദേശിക്കുകയായിരുന്നു. ഇത് കേന്ദ്രത്തിന്റെ തന്ത്രമാണെന്നും അതിനെ എതിർത്ത് പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഒപ്പം നിൽക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.









0 comments