ദക്ഷിണേന്ത്യ ഒറ്റക്കെട്ടായി നിന്നു, ജനാധിപത്യം വിജയിച്ചു; കേന്ദ്രത്തിനെതിരെ എംകെ സ്റ്റാലിൻ

ചെന്നൈ: ലോക്സഭയിൽ മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി ശബ്ദമുയർത്തിയെന്നും ഒടുവിൽ ജനാധിപത്യം വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡല പുനർനിർണ്ണയം എന്നത് കേവലം സീറ്റുകളുടെ എണ്ണം കൂട്ടലല്ലെന്നും അത് ഇന്ത്യയുടെ ജനാധിപത്യത്തിൽ ആർക്ക് ശബ്ദമുണ്ടാകണം എന്നതിനെക്കുറിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതിനായി മണ്ഡല പുനർനിർണ്ണയവും സെൻസസും നിർബന്ധമാണെന്ന കേന്ദ്ര നിലപാടിനെ സ്റ്റാലിൻ ചോദ്യം ചെയ്തു.
ഇത് വനിതകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രം മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച നേട്ടം കൈവരിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കാനാണ് മണ്ഡല പുനർനിർണ്ണയത്തിലൂടെ കേന്ദ്രം ശ്രമിക്കുന്നത്.
ഇതിനെതിരെ തെക്കൻ സംസ്ഥാനങ്ങൾ കാട്ടിയ ഐക്യം മാതൃകാപരമാണ്. കൃത്യമായ കൂടിയാലോചനകളില്ലാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമാണ് കേന്ദ്രം ബിൽ കൊണ്ടുവന്നത്. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
2023-ൽ പാസാക്കിയ വനിതാ സംവരണ ബിൽ ഉടൻ നടപ്പിലാക്കണമെന്നാണ് ഡിഎംകെയുടെ ആവശ്യം. എന്നാൽ അതിനെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിച്ച് നീട്ടിക്കൊണ്ടുപോകാനാണ് ബിജെപി ശ്രമിക്കുന്നത്.
തമിഴ്നാടിന്റെ അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോഴെല്ലാം, നമ്മുടെ സ്വത്വത്തിനും സംസ്കാരത്തിനും നേരെ ആക്രമണമുണ്ടാകുമ്പോഴെല്ലാം തമിഴ്നാട് ഒറ്റക്കെട്ടായി പോരാടുമെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട് ജനത ഇത്തരം 'രാഷ്ട്രീയ നാടകങ്ങൾ' തിരിച്ചറിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേന്ദ്രത്തിൻ്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ബില്ലിൻ്റെ പരാജയമെന്നും അദ്ദേഹം വ്യക്തമാക്കി.











0 comments