ന്യൂനപക്ഷ, തൊഴിലാളി വിഭാഗം വോട്ടുകൾ നീക്കം ചെയ്യാൻ ബിജെപി-എഐഎഡിഎംകെ ഗൂഢാലോചന: സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി, ന്യൂനപക്ഷ, തൊഴിലാളി, പട്ടികജാതി വിഭാഗങ്ങളിലെ വോട്ടുകൾ നീക്കം ചെയ്യാൻ ബി.ജെ.പി.-എഐഎഡിഎംകെ സഖ്യം ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
എസ്‌ഐആർ എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്രമം ഉപയോഗിച്ച് മാർജിനലൈസ് ചെയ്യപ്പെട്ട വിഭാഗങ്ങളിലെ വോട്ടുകൾ നീക്കം ചെയ്ത് ജനങ്ങളെ നേരിടാതെ തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്നാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടലെന്ന് സ്റ്റാലിൻ പാർട്ടി പ്രവർത്തകർക്ക് അയച്ച കത്തിൽ പറഞ്ഞു.
തൊഴിലാളി വർഗ്ഗം, ന്യൂനപക്ഷങ്ങൾ, പട്ടികജാതിക്കാർ, സ്ത്രീകൾ, പാവപ്പെട്ടവർ എന്നിവരുടെ വോട്ടുകൾ എസ്‌ഐആർ വഴി നീക്കം ചെയ്താൽ, ജനങ്ങളെ നേരിടാതെ വിജയം ഉറപ്പിക്കാമെന്ന് ബിജെപിയും അവരുടെ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യും കരുതുന്നു.
എന്നാൽ തമിഴ്‌നാട്ടിൽ ഈ കണക്കുകൂട്ടൽ പരാജയപ്പെടുമെന്നും സ്റ്റാലിൻ പറഞ്ഞു. എസ്‌ഐആർ നടപടി നിർത്തലാക്കണമെന്ന് ഡി.എം.കെ. തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഈ അജണ്ടയുമായി മുന്നോട്ട് പോയാൽ നിയമപരമായും ജനകീയ പ്രക്ഷോഭത്തിലൂടെയും ഡിഎംകെ നേരിടുമെന്നാണ് മുന്നറിയിപ്പ്.
എസ്‌ഐആറിനെതിരെ സ്വീകരിക്കേണ്ട തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി നവംബർ 2-ന് ഡി.എം.കെ. സഖ്യകക്ഷികളുടെ അടിയന്തര സർവ്വകക്ഷിയോഗം വിളിച്ചുചേർക്കുമെന്നും സ്റ്റാലിൻ അറിയിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടവകാശം സംരക്ഷിക്കേണ്ടത് ഡി.എം.കെ.യുടെയും സഖ്യകക്ഷികളുടെയും കടമയാണ്. എഐഎഡിഎംകെ ബിജെപിക്ക് മുമ്പാകെ അവരുടെ അവകാശങ്ങൾ അടിയറവ് വെച്ചുവെന്നും സ്റ്റാലിൻ പറഞ്ഞു.









0 comments