print edition എസ്‌ആർഎഫ്ടിഐ സമരം; ഐക്യദാർഢ്യവുമായി സിനിമാ പ്രവർത്തകർ

കൊൽക്കത്ത : സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ (എസ്‌ആർഎഫ്‌ടിഐ) വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യവുമായി പ്രശസ്‌ത ചലച്ചിത്ര–ഡോക്യുമെന്ററി പ്രവർത്തകർ. വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും പിന്തുണ പ്രഖ്യാപിച്ചും സമരം അടിച്ചമർത്താൻ അധികൃതർ സ്വീകരിക്കുന്ന നടപടികളെ വിമർശിച്ചും ആനന്ദ് പട്‌വർധൻ, ശൗനക് സെൻ, പായൽ കപാഡിയ, ദേബലീന മജുംദാർ, ദേവാശിഷ് മഖിജ, ജിയോ ബേബി, സി എസ് വെങ്കിടേശ്വരൻ തുടങ്ങിയവർ തുറന്ന കത്തയച്ചു.
ഭയത്തിന്റെ അന്തരീക്ഷത്തിൽ ഫിലിം സ്കൂളിന് വളരാനാകില്ല. പ്രതികരിക്കുന്നവരെ നിശ്ശബ്‌ദമാക്കി അതിന് പ്രവർത്തിക്കാനുമാകില്ല. ഉത്തരവാദിത്വമേറ്റെടുക്കണമെന്നും സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടവരെ ശിക്ഷിച്ചുകൊണ്ട് സാധാരണനില വീണ്ടെടുക്കാനാകില്ല. ക്യാമ്പസുകളും ഹോസ്റ്റലുകളും തുറന്ന് അക്കാദമിക പ്രവർത്തനങ്ങൾ ഉടൻ പുനഃസ്ഥാപിക്കണം.
എല്ലാ ശിക്ഷാനടപടികളും അധ്യാപകരെ പിരിച്ചുവിട്ട ഉത്തരവുകളും പിൻവലിക്കണം. ക്യാമ്പസ് ആക്രമണങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണം. സുരക്ഷ ഉറപ്പാക്കണം. 72 മണിക്കൂറിനുള്ളിൽ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരുമായി അധികൃതർ ചർച്ച നടത്തണം– കത്തിൽ ആവശ്യപ്പെട്ടു. വൈസ് ചാൻസലർ, ഭരണസമിതി ചെയർപേഴ്സൺ, വാർത്താവിനിമയ മന്ത്രാലയ സെക്രട്ടറി എന്നിവർക്കാണ് കത്ത് നൽകിയത്.
ക്യാമ്പസിലെ സംഘപരിവാർ ആക്രമണങ്ങളിൽ പ്രതിഷേധിച്ചും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും എസ്‌ആർഎഫ്‌ടിഐ വിദ്യാർഥികൾ സെപ്‌തംബർ 27 മുതൽ സമരത്തിലാണ്. വിദ്യാർഥി പ്രതിഷേധം അടിച്ചമർത്താൻ ഒക്‌ടോബർ 16നാണ് ക്യാമ്പസ് അടച്ചത്.









0 comments