Deshabhimani

print edition പ്രമേഹം അറിയണം 
അപകടസൂചനകളും 
പ്രതിരോധവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ഡോ. ലാവണ്യ ബോണി

Published on Nov 13, 2026, 01:30 AM | 1 min read

പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവുകൂടുന്ന അവസ്ഥ മാത്രമായാണ് പലരുടെയും ധാരണ. മധുരം ഒഴിവാക്കുകയും മരുന്ന് പതിവായി കഴിക്കുകയും ചെയ്താൽ പൂർണമായി നിയന്ത്രിക്കാമെന്ന ചിന്തയും വ്യാപകമാണ്. എന്നാൽ, രക്തത്തിലെ പഞ്ചസാരയുടെ ദീർഘകാലമായുള്ള വർധനവ് ശരീരത്തിലെ പല അവയവങ്ങളെയും നിശ്ശബ്ദമായി ദോഷകരമായി ബാധിക്കുമെന്നതാണ്‌ യാഥാർഥ്യം.


നാഡികൾ

ദീർഘകാലമായി പ്രമേഹമുള്ളവരിൽ കണ്ടുവരുന്ന പ്രധാന സങ്കീർണതയാണ് ‘ഡയബറ്റിക് ന്യൂറോപ്പതി' അഥവാ നാഡികളുടെ തകരാർ. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ശരീരത്തിലെ നാഡികളെ, പ്രത്യേകിച്ച് കാലുകളിലേക്കും പാദങ്ങളിലേക്കും സന്ദേശങ്ങൾ എത്തിക്കുന്ന നാഡികളെ സാരമായി ബാധിക്കുന്നു.


ലക്ഷണങ്ങൾ: കാലുകളിൽ മരവിപ്പ്, തരിപ്പ്, സൂചികൊണ്ട് കുത്തുന്നതുപോലുള്ള അനുഭവം.

അപകടസാധ്യത: ചിലരിൽ സ്പർശനവും വേദനയും തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ് ആദ്യ ലക്ഷണം.


പാദങ്ങൾ


പ്രമേഹം രക്തക്കുഴലുകളെയും ബാധിക്കുന്നു. ഇതുമൂലം കാലുകളിലേക്കുള്ള രക്തയോട്ടം കുറയുകയും നാഡികളുടെ തകരാർമൂലം സ്പർശനശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു.

ചെറിയ മുറിവുകൾപോലും കൃത്യസമയത്ത് ഉണങ്ങാതെ ആഴത്തിലുള്ള അണുബാധയ്ക്കും കോശനാശത്തിനും കാരണമാകാം. പ്രതിരോധം: ദിവസവും കാലുകളും പാദങ്ങളും പരിശോധിച്ച് മുറിവുകൾ, ചുവന്ന പാടുകൾ, കുമിളകൾ എന്നിവയില്ലെന്ന് ഉറപ്പാക്കുക. ചെരുപ്പില്ലാതെ നടക്കരുത്.


വൃക്കകൾprof-p-v-joseph-monsoon-joseph-legacy-meteorology

രക്തത്തിൽ പഞ്ചസാരയുടെ അളവ് അമിതമായാൽ വൃക്കകളുടെ ഫിൽറ്ററിങ് തകരാറിലാകും. ആദ്യഘട്ടത്തിൽ മൂത്രത്തിലൂടെ ചെറിയ അളവിൽ പ്രോട്ടീൻ പുറത്തുപോകാൻ തുടങ്ങുമെങ്കിലും പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകില്ല. മൂർച്ഛിക്കുമ്പോൾ മൂത്രത്തിൽ പത കാണുക, കണങ്കാലുകൾക്കും കാലുകൾക്കും നീർവീക്കം ഉണ്ടാകുക തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.


​കണ്ണുകൾ


പ്രമേഹം കണ്ണുകളെയും ഗുരുതരമായി ബാധിക്കാം. കണ്ണിന്റെ പിൻഭാഗത്തുള്ള റെറ്റിനയിലെ സൂക്ഷ്മ രക്തക്കുഴലുകൾ തകരാറിലായി രക്തസ്രാവവും നീർവീക്കവുമുണ്ടാകാം. ഇത് സ്ഥിരമായ കാഴ്ചനഷ്ടത്തിന് കാരണമാകാം. കൂടാതെ തിമിരം, ഗ്ലോക്കോമ തുടങ്ങിയ നേത്രരോഗങ്ങൾക്കുമുള്ള സാധ്യത ഇത് വർധിപ്പിക്കും.

ശ്രദ്ധിക്കാം സുരക്ഷിതരാകാം

​

രക്തത്തിലെ പഞ്ചസാര കൃത്യമായി നിയന്ത്രിക്കുക: ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായ വ്യായാമം, ഡോക്ടറുടെ നിർദേശപ്രകാരമുള്ള മരുന്നുകൾ എന്നിവ പാലിക്കുക. വൃക്ക, നേത്ര, പാദ പരിശോധനകൾ കൃത്യമായ ഇടവേളകളിൽ നടത്തുക. രക്തസമ്മർദവും കൊളസ്ട്രോളും നിയന്ത്രിക്കുക. പുകവലി ഒഴിവാക്കുക.

(തിരുവനന്തപുരം കിംസ്ഹെൽത്ത് ഡിപ്പാർട്മെന്റ്‌ ഓഫ് എൻഡോക്രൈനോളജി കൺസൾട്ടന്റാണ് ലേഖിക)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home