print edition വല്ലാത്ത വില

ന്യൂഡൽഹി : സാധാരണക്കാരുടെ കുടുംബ ബജറ്റിന് കനത്ത ആഘാതമേൽപ്പിച്ച് രാജ്യത്ത് ചില്ലറ വിലക്കയറ്റം കുതിച്ചുയർന്നു. ആർബിഐ അനുവദിച്ച പരിധിയും മറികടന്ന് ഒക്ടോബറിൽ വിലക്കയറ്റം 6.09 ശതമാനത്തിലേക്കെത്തി. 2024 ഒക്ടോബറിനുശേഷമുള്ള ഏറ്റവും ഉയർന്ന വിലക്കയറ്റനിരക്ക്.
കേന്ദ്ര സ്ഥിതിവിവര കണക്ക് മന്ത്രാലയം പുറത്തുവിട്ട ഉപഭോക്‌തൃ വില സൂചിക പ്രകാരമാണിത്. ആർബിഐ വിലക്കയറ്റ നിയന്ത്രണ ചട്ടക്കൂട് അനുസരിച്ച് ചില്ലറ വിലക്കയറ്റത്തിന്റെ ഒൗദ്യോഗികതോത് നാല് ശതമാനമാണ്. രണ്ട് ശതമാനം വരെ താഴെയും ആറ് ശതമാനം വരെ മുകളിലേക്കും പോകാവുന്ന പരിധിയാണ് അനുവദിച്ചത്.
ഭക്ഷ്യ വിലക്കയറ്റം സെപ്‌തംബറിലെ 7.74 ശതമാനത്തിൽനിന്ന് ഒക്ടോബറിൽ 8.94 ആയി. കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് സവാള വിലയിൽ 116.22 ശതമാനത്തിന്റെ വർധനയുണ്ടായി. പഞ്ചസാര, വെളുത്തുള്ളി, കിഴങ്ങ് വർഗങ്ങൾക്കും പച്ചക്കറികൾക്കും വില ഉയർന്നു. കഴിഞ്ഞവർഷം ഒക്ടോബറിനെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിലെ ഭക്ഷ്യ വിലക്കയറ്റം 9.09 ശതമാനത്തിലെത്തി.
നഗരമേഖലയിൽ 8.68 ശതമാനമാണ്. അരി, ഗോതന്പ്, പയർവർഗങ്ങൾ, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ വിലയും ഉയരുന്നു. ഹോട്ടൽ, റെസ്‌റ്റോറന്റ് വിഭാഗത്തിലെ വിലക്കയറ്റം 10.06 ശതമാനവും വ്യക്തിഗത പരിചരണം, സാമൂഹ്യ സംരക്ഷണം അനുബന്ധ സേവനങ്ങൾ വിഭാഗത്തിലേത് 10.14 ശതമാനവുമാണ്.
കേരളത്തിലും കുതിക്കുന്നു
ഒക്ടോബറിൽ കേരളത്തിലെ ചില്ലറ വിലക്കയറ്റവും 6.22 ശതമാനം ആയി. ഭക്ഷ്യ വിലക്കയറ്റമാകട്ടെ 10.92 ശതമാനത്തിലുമെത്തി. രാജ്യത്തെ ഭക്ഷ്യ വിലക്കയറ്റം രൂക്ഷമായ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ദേശീയതലത്തിൽ ഭക്ഷ്യ വിലക്കയറ്റത്തിന്റെ ശരാശരി 8.94 ശതമാനമാണ്. ഗ്രാമീണ മേഖലയിൽ വിലക്കയറ്റം 7.01 ശതമാനവും നഗരമേഖലയിൽ 5.58 ശതമാനവുമാണ്.
വിപണി ഇടപെടലിലൂടെ വില നിയന്ത്രിക്കുന്നതിൽ യുഡിഎഫ് സർക്കാർ പരാജയമാണെന്നതിന്റെ തെളിവാണിത്. സബ്‌സിഡി ഉൽപ്പന്നങ്ങളുടെ വിലയും വിതരണവും ഉറപ്പാക്കാൻ നടപടിയില്ല.









0 comments