print edition സംസ്‌കൃത സർവകലാശാല; നിലപാട് തിരുത്തിക്കാൻ സെക്രട്ടറിയറ്റിലേക്ക് ഉജ്വല വിദ്യാർഥി മാർച്ച്

കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്ത എസ്എഫ്ഐ പ്രവർത്തകർ ജലപീരങ്കിവാഹനത്തിനു മുകളിൽ കയറി പ്രതിഷേധിക്കുന്നു
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയറ്റിലേക്ക് എസ്എഫ്ഐയുടെ ഉജ്വല മാർച്ച്. പൊലീസ് മൂന്നുതവണ മലിനജലം ചീറ്റിച്ചിട്ടും പ്രവർത്തകർ ഒട്ടും കൂസാതെ സമരമുഖത്ത് അടിയുറച്ചുനിന്നു. ഒടുവിൽ ബാരിക്കേഡും ചാടിക്കടന്ന് പൊലീസിന്റെ ജലപീരങ്കിക്കുമുകളിൽ പ്രവർത്തകർ ചാടിക്കയറി.
സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ജലപീരങ്കിക്കുമുകളിൽ നിന്നാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.
‘മന്ത്രി റോജി എം ജോണിനെപ്പോലെ മാപ്പുപറയുന്ന പാരമ്പര്യം ഞങ്ങൾക്കില്ല. സാധാരണക്കാരായ വിദ്യാർഥികൾക്കുവേണ്ടി സമരം ചെയ്ത് രക്തസാക്ഷിത്വം വരിച്ച ചരിത്രമാണ് എസ്എഫ്‌ഐക്കുള്ളത്.
ആ ചരിത്രമുള്ള ഞങ്ങൾ, സിസ തോമസ് എന്ന ആർഎസ്എസുകാരിയുടെ മുന്നിൽ മുട്ടുമടക്കില്ല. രാഹുൽ ഗാന്ധി ആർഎസ്എസിനോട് മാപ്പുപറഞ്ഞിട്ടുണ്ട്. ആ പാരമ്പര്യം ഞങ്ങൾ പേറണമെന്നാണോ പറയുന്നത്. കാലടിയിൽ ജീവൻ പോയാലും സമരം ഞങ്ങൾ തുടരും’– പി എസ് സഞ്ജീവ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വിജയ് വിമൽ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, ജില്ലാ സെക്രട്ടറി എം എ നന്ദൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ് സാദിഖ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ ജി ആശിഷ്, ആനന്ദ് എസ് ഉഴമലയ്ക്കൽ, അവ്യ കൃഷ്ണൻ, റിനോ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.









0 comments