print edition മൺസൂണിന്റെ ഉള്ളറകൾ തേടിയ ശാസ്ത്രപ്രതിഭ

ഡോ. എം ജി മനോജ്
Published on Nov 13, 2026, 01:30 AM | 2 min read
പ്രകൃതിയുടെ ഏറ്റവും സങ്കീർണമായ പ്രതിഭാസങ്ങളിലൊന്നായ മൺസൂണിനെ കേവലം മഴയുടെ വരവും പോക്കും എന്നതിനപ്പുറം സമുദ്രവും അന്തരീക്ഷവും കാറ്റും മേഘങ്ങളും താപനിലയും പരസ്പരം ഇടപഴകുന്ന വലിയ ഭൗതികവ്യവസ്ഥയായി കണ്ട് പഠനങ്ങൾ നടത്തിയ പ്രതിഭയായിരുന്നു അടുത്തിടെ അന്തരിച്ച പ്രൊഫ. പി വി ജോസഫ്. ഇന്ത്യൻ മൺസൂണിന്റെ സങ്കീർണമായ ചലനങ്ങളും താളങ്ങളും ശാസ്ത്രീയമായി അനാവരണം ചെയ്ത അദ്ദേഹം, ഇൗ മേഖലയിലെ ആധുനിക ഗവേഷണങ്ങൾക്ക് അടിത്തറപാകി. അതുകൊണ്ടുതന്നെ ‘മൺസൂൺ ജോസഫ്’ എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടു.
സാങ്കേതികവിദ്യ ഇന്നത്തെപ്പോലെ വിപുലമാകാതിരുന്ന കാലത്തുതന്നെ ഇൗ രംഗത്തെ അദ്ദേഹത്തിന്റെ പഠനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യൻ മൺസൂൺ എന്നത് ഓരോ വർഷവും ജൂൺ മാസത്തിൽ കേരളത്തിൽ ആരംഭിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന മഴക്കാലം മാത്രമല്ല. ഭൂമധ്യരേഖയ്ക്കു തെക്കുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന് ആരംഭിക്കുന്ന വായുപ്രവാഹങ്ങൾ, അറബിക്കടലിലേയും ബംഗാൾ ഉൾക്കടലിലേയും താപനില, അന്തരീക്ഷത്തിലെ മർദവിതരണം, ഉഷ്ണമേഖലാ സംവഹനം, ആഗോളതലത്തിലുള്ള വായുപ്രവാഹങ്ങൾ എന്നിവയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന അതിവിശാലമായ ഒരു കാലാവസ്ഥാ സംവിധാനമാണത്.
ഇതിന്റെ ഓരോ ഘടകവും എങ്ങനെ പ്രവർത്തിക്കുന്നു എന്ന അന്വേഷണമാണ് പ്രൊഫ. ജോസഫിന്റെ ഗവേഷണജീവിതത്തെ നയിച്ചത്. പുണെയിലെ ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്റെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ഇന്ത്യയിലും അമേരിക്കയിലുമായി വിവിധ ഗവേഷണചുമതലകൾ ഏറ്റെടുത്ത അദ്ദേഹം, പിന്നീട് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ അന്തരീക്ഷശാസ്ത്ര പഠനവിഭാഗത്തിൽ യുജിസി വിസിറ്റിങ് പ്രൊഫസർ, എമിരറ്റസ് പ്രൊഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ജെറ്റ് പ്രവാഹം
ഏഷ്യൻ വേനൽ മൺസൂണിലെ താഴ്ന്ന അന്തരീക്ഷതലത്തിലെ ശക്തമായ വായുപ്രവാഹമായ മൺസൂൺ ജെറ്റി (Low-Level Jet)നെക്കുറിച്ചുള്ള ഗവേഷണങ്ങളാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളിലൊന്ന്. ദക്ഷിണാർധഗോളത്തിൽനിന്ന് ഭൂമധ്യരേഖ മുറിച്ചുകടന്ന് വടക്കോട്ട് പ്രവേശിക്കുന്ന ഈ ശക്തമായ വായുപ്രവാഹം അന്തരീക്ഷത്തിൽ ഏകദേശം 850 മില്ലിബാർ മർദനിലയിൽ വ്യക്തമായി കാണപ്പെടുന്നു. അറബിക്കടലിനു മുകളിലൂടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് വൻതോതിൽ ഈർപ്പം എത്തിക്കുന്ന ഈ വായുപ്രവാഹത്തി സെമാലി ജെറ്റ് എന്നും വിളിക്കും.
ഈ ജെറ്റ് പ്രവാഹത്തിന്റെ രൂപീകരണം, ഘടന, ശക്തി, മൺസൂൺ മഴയുമായുള്ള ബന്ധം എന്നിവയെക്കുറിച്ച് പ്രൊഫ. ജോസഫ് നടത്തിയ പഠനങ്ങൾ ഇന്ത്യൻ മൺസൂണിന്റെ ബലതന്ത്രത്തെ മനസ്സിലാക്കുന്നതിൽ നിർണായകമായി. കാറ്റിന്റെ വേഗത്തിൽമാത്രമല്ല, അതിന്റെ ഘടനയിലും വ്യതിയാനങ്ങളിലും മൺസൂൺ മഴയുടെ സജീവ–-നിർജീവ ഘട്ടങ്ങളുടെ പിന്നിലെ ഭൗതികപ്രക്രിയകൾ ഒളിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം കണ്ടെത്തി.
സംവഹന മേഖലകളുടെ സ്വാധീനം
കേരളത്തിൽ മൺസൂൺ എത്തുന്ന ദിവസം ഇന്ത്യൻ കാലാവസ്ഥാശാസ്ത്രത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്. എന്നാൽ, ഈ തീയതി നിർണയിക്കുന്നത് കേവലം ആദ്യമഴയുടെ സാന്നിധ്യം നോക്കിയല്ല. അതിനുപിന്നിൽ ആഴത്തിലുള്ള അന്തരീക്ഷ ചലനപ്രക്രിയകളുണ്ട്. മൺസൂൺ ആരംഭിക്കുന്നതിനുമുമ്പുതന്നെ ഭൂമധ്യരേഖയ്ക്കുസമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽ ശക്തമായ സംവഹനമേഖലകൾ രൂപപ്പെടുകയും അവ വടക്കോട്ട് നീങ്ങുകയും ചെയ്യുന്നതായി പ്രൊഫ. ജോസഫും സംഘവും നടത്തിയ ഗവേഷണങ്ങൾ വിശദീകരിച്ചു.
ഈ മേഘസംവിധാനങ്ങളുടെ വടക്കോട്ടുള്ള പ്രയാണം, ക്രോസ്-ഇക്വറ്റോറിയൽ പ്രവാഹത്തിന്റെ ശക്തിപ്പെടൽ, അറബിക്കടലിനുമുകളിലുള്ള ഈർപ്പപ്രവാഹം എന്നിവയെല്ലാം കേരളത്തിലെ മൺസൂൺ ആരംഭവുമായി ബന്ധപ്പെട്ടിരിക്കുന്നു. മൺസൂൺ ആരംഭത്തെ ഒറ്റപ്പെട്ട മഴമാത്രമായി കാണാതെ, അതിനുമുമ്പുതന്നെ ആരംഭിക്കുന്ന വിശാലമായ അന്തരീക്ഷ-സമുദ്ര പരിണാമത്തിന്റെ ഭാഗമായി മനസ്സിലാക്കണമെന്ന ശാസ്ത്രീയസമീപനമാണ് ഈ പഠനത്തിന്റെ പ്രത്യേകത.
ആന്തരിക താളങ്ങൾ
മഴയുടെ സജീവനിർജീവ ഘട്ടങ്ങൾ കേവലം പ്രാദേശിക പ്രതിഭാസങ്ങളല്ലെന്നും ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രോപരിതല താപനില, സമുദ്രത്തിലെ മിശ്രിതപാളിയുടെ ആഴം, അന്തരീക്ഷത്തിലെ തരംഗചലനങ്ങൾ, ഉഷ്ണമേഖലാ സംവഹനം എന്നിവയുമായി അവയ്ക്ക് സങ്കീർണമായ ബന്ധമുണ്ടെന്നും പ്രൊഫ. ജോസഫ് തെളിയിച്ചു.
സമുദ്രോപരിതലത്തിലെ താപോർജം അന്തരീക്ഷത്തിലെ മേഘരൂപീകരണത്തെയും സംവഹനത്തെയും സ്വാധീനിക്കുമ്പോൾ, അന്തരീക്ഷത്തിലെ കാറ്റും മേഘങ്ങളും മഴയും സമുദ്രത്തിന്റെ താപഘടനയിലും മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ഈ പരസ്പരപ്രവർത്തനങ്ങളാണ് മൺസൂൺ സംവിധാനത്തിന്റെ സ്വഭാവം നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്.
ഏഷ്യൻ മൺസൂണിലെ വ്യതിയാനങ്ങൾ, വരൾച്ചയുടെ ആവർത്തനം, സമുദ്ര-ാന്തരീക്ഷ വ്യവസ്ഥയിലെ അസ്ഥിരതകൾ, ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്രുതതാപനം, ഉഷ്ണമേഖലാ ചുഴലിക്കൊടുങ്കാറ്റുകൾ തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം ഗവേഷണം നടത്തി. ഒരുവർഷത്തെ മൺസൂൺ പ്രവചിക്കുന്നതിനപ്പുറം, പതിറ്റാണ്ടുകളിലൂടെ മൺസൂൺ എങ്ങനെ മാറുന്നു, അതിന്റെ ദീർഘകാലസ്വഭാവത്തെ നിയന്ത്രിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ് എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകി.
(കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ചിലെ ശാസ്ത്രജ്ഞനാണ് ലേഖകൻ)









0 comments