print edition അകലെയകലെ വോയേജർ

എസ് നവനീത് കൃഷ്ണൻ
Published on Nov 13, 2026, 01:30 AM | 3 min read
നവംബർ 18
ലോകം കാത്തിരിക്കുകയാണ്. മാനവരാശിയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ദിനമാണന്ന്. മനുഷ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യമായി മാറിയ വൊയേജർ 1 എന്ന ബഹിരാകാശപേടകം ഭൂമിയിൽനിന്ന് ഒരു പ്രകാശദിനം (2590 കോടി കിലോമീറ്റർ) അകലെയെത്തുകയാണ് അന്ന്. കൃത്യമായി പറഞ്ഞാൽ ബുധൻ ഉച്ചകഴിഞ്ഞ് 3.46ന്. പ്രപഞ്ചത്തിന്റെ വിശാലതയിൽ 50 വർഷമായി അനന്തമായി യാത്ര തുടരുകയാണ് ഒരു മിനി കാറിന്റെ വലിപ്പത്തിലുള്ള പേടകം.
1977 സെപ്തംബർ അഞ്ചിന് നാസ വിക്ഷേപിച്ച പേടകത്തിൽ അന്നത്തെ സാങ്കേതികവിദ്യയിലുള്ള കാമറയടക്കം 11 ഉപകരണങ്ങളുണ്ട്. ഇപ്പോൾ മണിക്കൂറിൽ 61,000 കിലോമീറ്റർ വേഗത്തിലാണ് സഞ്ചാരം. 1980ൽ ശനി ഗ്രഹത്തിനുസമീപമെത്തിയ പേടകം മറ്റൊരു വഴിയിലൂടെ 2012 ആഗസ്തിൽ നക്ഷത്രാന്തര ബഹിരാകാശത്ത് പ്രവേശിച്ചു.
സൂര്യനിൽനിന്ന് രണ്ടു പ്രകാശവർഷം അകലെയുള്ള ഉൗർട്ട് മേഘങ്ങളിലെത്താൻതന്നെ വൊയേജറിന് 300 വർഷം വേണ്ടിവരും. അതിന്റെ പുറംഭാഗം കടക്കാൻ ഏതാണ്ട് 30,000 വർഷവും. അതായത് സൂര്യന്റെ കണികാപ്രവാഹത്തിന്റെ അതിർത്തി കടന്നെങ്കിലും സൂര്യന്റെ ഗുരുത്വാകർഷണത്തിന്റെ പിടിയിൽനിന്ന് പുറത്തുകടക്കാൻ ഇനിയും പതിനായിരക്കണക്കിന് വർഷങ്ങൾ സഞ്ചരിക്കണം.
ഹലോ കേൾക്കാൻ 24 മണിക്കൂർ
ഇപ്പോൾ ഭൂമിയിൽനിന്ന് ഒരു സന്ദേശം അയച്ചാൽ 24 മണിക്കൂറിനുശേഷമേ അത് വൊയേജർ 1ൽ എത്തൂ. അതുപോലെ തിരിച്ചും. വൊയേജർ 2 ആകും ഒരു പ്രകാശദിവസം അകലെയെത്തുന്ന രണ്ടാമത്തെ വസ്തു. 2035 നവംബറിലാകും ഇത് സംഭവിക്കുക. വൊയേജർ ഒന്നും വൊയേജർ രണ്ടും രണ്ട് വ്യത്യസ്ത ദിശകളിലാണ് സഞ്ചരിക്കുന്നതെന്ന് പ്രത്യേകം ഓർക്കണം.
വൊയേജർ 1 സൗരയൂഥത്തിൽ ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്ന പ്രതലത്തിൽനിന്ന് അല്പം ചരിഞ്ഞ് വടക്കോട്ടും വൊയേജർ 2 തെക്കോട്ടുമാണ് സഞ്ചാരം. 40,000 വർഷങ്ങൾ കഴിയുമ്പോൾ മറ്റൊരു നക്ഷത്രത്തിന്റെ ഏതാണ്ട് ഒന്നര പ്രകാശവർഷം അകലെക്കൂടി ഇവ കടന്നുപോകും. മറ്റൊരു നക്ഷത്രത്തിന്റെ വളരെ അടുത്തെത്തുക ഇപ്പോഴത്തെ വേഗത്തിലും ദിശയിലും വിദൂരഭാവിയിൽപ്പോലും സാധ്യമാകണമെന്നില്ല.
സുവർണ സന്ദേശം
ഏതെങ്കിലും ഒരുകാലത്ത് വൊയേജർ പേടകത്തെ മറ്റ് ‘ഗ്രഹാന്തര ജീവസമൂഹങ്ങൾ’ കണ്ടെത്തിയാൽ അവർക്കത് ഏറെ വിലപ്പെട്ട നിധിയാകും. കാരണം മനുഷ്യസമൂഹത്തെ മുഴുവൻ പ്രതിനിധാനംചെയ്യുന്ന പേടകങ്ങളാണവ. കാലത്തെയും പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കുന്ന ഒരു ഗോൾഡൺ ഡിസ്ക് പേടകത്തിൽ ഘടിപ്പിച്ചിട്ടുണ്ട്. മനുഷ്യരെക്കുറിച്ചും ഭൂമിയെക്കുറിച്ചും അറിയാൻ കഴിയുന്ന സന്ദേശങ്ങളും അത് വായിക്കാനുള്ള നിർദേശങ്ങളും ഇതിലുണ്ട്.
ഭൂമിയിലെ പ്രകൃതി, മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ തുടങ്ങി നിരവധി ജീവജാലങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ, ഡിഎൻഎ ഘടന, 115 ചിത്രങ്ങൾ, കാറ്റ്, തിരമാല തുടങ്ങിയവയുടെ ശബ്ദങ്ങൾ എന്നിവയെല്ലാമുണ്ട്. ഇതുകൂടാതെ 55 ഭാഷകളിയായി രേഖപ്പെടുത്തിയ ആശംസകളും. ഹിന്ദി ഗാനങ്ങളുമുണ്ട്. ചിത്രങ്ങളുമുണ്ട്. ഇത് പ്രവർത്തിപ്പിക്കാനുള്ള ചിത്രരൂപത്തിലുള്ള നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കാൾ സാഗൻ എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലാണ് ഇത് രൂപകൽപനചെയ്തത്.
പൊട്ടുപോലെ
1990 ഫെബ്രുവരി 14-ന് വൊയേജർ 1 എടുത്ത ഭൂമിയുടെ ചിത്രം ഏറെ പ്രശസ്തമാണ്. പേൾ ബ്ലൂ ഡോട്ട് (Pale Blue Dot) എന്നറിയപ്പെടുന്ന ഇൗ ചിത്രം 600 കോടി കിലോമീറ്റർ ദൂരെവച്ച് എടുത്തതാണ്. ശാസ്ത്രജ്ഞനായ കാൾ സാഗന്റെ നിർബന്ധത്തിന് വഴങ്ങി നാസയിലെ ശാസ്ത്രജ്ഞർ പേടകത്തിന്റെ കാമറ ഭൂമിയിലേക്ക് തിരിക്കുകയായിരുന്നു. മങ്ങിയ നീലനിറമുള്ള ഒരു പൊട്ടുപോലെ ഭൂമി.
മിണ്ടുന്നത് കുറവ്
വളരെ കുറച്ച് ഡാറ്റമാത്രമേ ഇപ്പോൾ വൊയേജർ പേടകങ്ങൾ ഭൂമിയിലേക്ക് അയക്കുന്നുള്ളൂ. അകലം മാത്രമല്ല കാരണം. പേടകങ്ങളിൽ ഊർജത്തിനുkerala-lpst-rank-holders-protest-secretariat-policeള്ള വൈദ്യുതോൽപ്പാദനം ഓരോ വർഷവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വർഷം ഏകദേശം നാല് വാട്ട് വൈദ്യുതിവീതമാണ് കുറയുന്നത്.
അതിനാൽ പേടകങ്ങളിലെ ഉപകരണങ്ങൾ ഓരോന്നായി ഓഫ് ചെയ്യുകയാണ് നാസ. ശേഷിക്കുന്ന ഊർജം ഉപയോഗിച്ച് ഏറ്റവും അത്യാവശ്യമുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും ഭൂമിയിലേക്ക് വിവരങ്ങൾ അയക്കാനുമാണ് ഇപ്പോൾ ശ്രമിക്കുന്നത്. 2036 വരെ ഈ പേടകങ്ങളുമായി ആശയവിനിമയം സാധ്യമായേക്കും. അതിനുശേഷം ഒരു ബന്ധവുമില്ലാതെ അനന്തതയിലൂടെ ആ പേടകങ്ങൾ സഞ്ചരിച്ചുകൊണ്ടേയിരിക്കും. 2012 ആഗസ്ത് 25-ന് വൊയേജർ 1 ഇന്റർസ്റ്റെല്ലാർ സ്പേസിൽ പ്രവേശിച്ചിരുന്നു.
അതായത് സൂര്യനിൽനിന്നുള്ള സൗരവാതത്തിന്റെ സ്വാധീനമേഖലയായ ഹീലിയോസ്ഫിയറിന്റെ അതിർത്തി കടന്നു എന്നേ അർഥമുള്ളൂ. സൂര്യനിൽനിന്നുള്ള ചാർജിത കണങ്ങളുടെ സാന്നിധ്യം ഗണ്യമായി കുറയുകയും മറ്റു നക്ഷത്രങ്ങളിൽനിന്നുള്ള കോസ്മിക് കിരണങ്ങളുടെ അളവ് വർധിക്കുകയും ചെയ്യുന്ന ഇടം.
എന്നാൽ, ഇത്രയും ദൂരം സഞ്ചരിച്ചിട്ടും സൂര്യന്റെ ഗുരുത്വാകർഷണ മേഖലയിൽനിന്ന് വൊയേജർ പുറത്തുകടന്നിട്ടില്ല എന്നത് പ്രത്യേകം ഓർക്കണം. ഗ്രഹങ്ങളുടെ ഗുരുത്വാകർഷണത്തെ ഉപയോഗപ്പെടുത്തി (ഗ്രാവിറ്റി അസിസ്റ്റ്)യായിരുന്നു വൊയേജർ പേടകങ്ങളുടെ സഞ്ചാരം.
കണ്ടു പലതും
ആദ്യം വിക്ഷേപിച്ചത് വൊയേജർ 2 ആയിരുന്നു. 1977 ആഗസ്ത് 20ന്. 15 ദിവസം വൈകിയാണ് വൊയേജൾ 1 വിക്ഷേപിച്ചത്. എന്നാൽ, വൊയേജർ 2നെ മറികടന്ന് ആദ്യം വ്യാഴത്തിനടുത്തെത്തി വിവരങ്ങൾ ലഭ്യമാക്കിയത് വൊയേജർ ഒന്നായിരുന്നു. വ്യാഴത്തിന്റെ അഞ്ചു ചന്ദ്രന്മാർക്കരികിലൂടെ കടന്നുപോയ പേടകം പുതിയ രണ്ടു ചന്ദ്രന്മാരെ കണ്ടെത്തുകയും ചെയ്തു. ഇവയിലൊന്നിലെ അഗ്നിപർവതങ്ങളുടെ ചിത്രങ്ങളും എടുത്തു. വ്യാഴത്തിന്റെയും ശനിയുടെയും പുതിയ രണ്ടു ചന്ദ്രന്മാരെയും കണ്ടെത്തി. വൊയേജർ രണ്ടും സൗരയൂഥത്തിന്റെ ഉള്ളറകളെപ്പറ്റി നിരവധി വിവരങ്ങൾ ലഭ്യമാക്കി.









0 comments