Deshabhimani

print edition സമരത്തെ നേരിടുന്നതിലും ഒരേ തൂവൽപ്പക്ഷികൾ

deshabhimani editorial
വെബ് ഡെസ്ക്

Published on Nov 13, 2026, 01:30 AM | 2 min read

ജനാധിപത്യ പ്രതിഷേധങ്ങളോട്‌ യുഡിഎഫ് 
സർക്കാരിന്‌ അസഹിഷ്‌ണുതയാണ്‌. 
സെക്രട്ടറിയറ്റിനുമുന്നിലെ സമരപ്പന്തൽ 
പൊളിച്ചുമാറ്റിയതുകൊണ്ടോ സമരം നിരോധിച്ചതുകൊണ്ടോ ബാനറുകൾ നീക്കിയതുകൊണ്ടോ 
ജനകീയസമരങ്ങളെ സർക്കാരിന്‌ ഇല്ലാതാക്കാനാകില്ല


സെക്രട്ടറിയറ്റിനുമുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരത്തോടുള്ള യുഡിഎഫ്‌ സർക്കാരിന്റെ സമീപനം ഒരു ജനാധിപത്യഭരണകൂടത്തിന്‌ ചേർന്നതല്ല. സമാധാനപൂർവം സമരം ചെയ്യാനും സംഘടിക്കാനും ഭരണഘടന നൽകുന്ന സ്വാതന്ത്ര്യത്തിനുനേരെയായിരുന്നു സർക്കാരിന്റെ ഫാസിസ്റ്റ്‌ നടപടി. സമരം ചെയ്യാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ജനാധിപത്യപരമാണ്‌.


പ്രതിപക്ഷത്തിരിക്കുമ്പോൾ ഉയർത്തിപ്പിടിച്ച മുദ്രാവാക്യങ്ങളും നൽകിയ ഉറപ്പുകളും അധികാരത്തിലെത്തുമ്പോൾ മറക്കുന്നുവെങ്കിൽ അത് രാഷ്ട്രീയത്തിലെ വിശ്വാസ്യതയുടെ പ്രശ്നംമാത്രമല്ല, ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യംകൂടിയാണ്. റാങ്ക്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് നിലവിലുള്ള ഒഴിവുകളിൽ നിയമനം നൽകുക, വിദ്യാർഥി–അധ്യാപക അനുപാതം 25:1 ആയി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ സെക്രട്ടറിയറ്റിനുമുന്നിൽ നാലുമാസമായി സമരം നടക്കുകയാണ്‌.


ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ കേൾക്കുകയും അവയ്ക്ക് വ്യക്തമായ മറുപടി നൽകുകയും ചെയ്യുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. സമരത്തിന്റെ ദൈർഘ്യവും അതിന്റെ ഭാഗമായി ഉയർന്നുവരുന്ന പ്രതിഷേധങ്ങളും പ്രശ്നത്തിന് അടിയന്തരമായി പരിഹാരം തേടേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്.

​

പ്രതിപക്ഷത്തിരിക്കുമ്പോൾ ഇതേ വിഷയത്തിൽ സമരമുന്നണിയിൽ നിന്നവരിൽ പ്രധാനിയായിരുന്നു വി ഡി സതീശൻ. സമരത്തിന് രാഷ്ട്രീയപിന്തുണ പ്രഖ്യാപിച്ചെന്നുമാത്രമല്ല, എൽഡിഎഫ് സർക്കാരിനെതിരായ പ്രചാരണത്തിന് അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്‌തു. നിയമസഭയിലും പുറത്തും ഉദ്യോഗാർഥികളുടെ സമരത്തെ പിന്തുണച്ച്‌ നടത്തിയ നിരവധി പ്രസ്‌താവനകൾ രേഖയായി ഉണ്ട്‌. എന്നാൽ, അധികാരത്തിലെത്തിയപ്പോൾ മറ്റെല്ലാ വാഗ്‌ദാനങ്ങളും മറന്നതുപോലെ, സമരക്കാരുടെ ആവശ്യങ്ങളും തള്ളിക്കളയുകയാണ്‌. മാത്രമല്ല, സമരത്തെ തുടർച്ചയായി അപഹസിക്കുന്നു.


സമരസമിതി നേതാവ് വളർമതി തല മുണ്ഡനംചെയ്‌തും അനിശ്ചിതകാല നിരാഹാരസമരം വഴിയും പ്രതിഷേധത്തിന്റെ തീവ്രത വ്യക്തമാക്കിയിരുന്നു. ചർച്ച നടത്തി പ്രശ്നം പരിഹരിക്കുന്നതിനുപകരം സമാധാനപരമായ സമരത്തെ ഇരുട്ടിന്റെ മറവിൽ പൊലീസിനെ ഉപയോഗിച്ച്‌ അടിച്ചമർത്തുകയാണ്‌. ദിവസങ്ങളായി നിരാഹാരം തുടരുന്നതിനിടെ ആരോഗ്യനില മോശമായ വളർമതിയെ കഴിഞ്ഞദിവസം രാത്രി പൊലീസ് സമരസ്ഥലത്തുനിന്ന് വലിച്ചിഴച്ച്‌ ആശുപത്രിയിലേക്ക്‌ മാറ്റി.


സമരപ്പന്തലും ബാനറുകളും തല്ലിത്തകർത്ത്‌ സാധനങ്ങൾ എടുത്തുകൊണ്ടുപോയി. നിരാഹാരമിരിക്കുന്ന ഒരാളെ ആശുപത്രിയിലെത്തിക്കാനെന്ന പേരിൽ നടത്തിയത്‌ പൊലീസ്‌രാജാണ്‌. പൊലീസ്‌ തകർത്ത സമരപ്പന്തലിനുപകരം രാത്രിതന്നെ ഡിവൈഎഫ്‌ഐ താൽക്കാലിക പന്തൽ ഉയർത്തി മറ്റൊരു ഉദ്യോഗാർഥി സമരം ആരംഭിക്കുകയും ചെയ്‌തു. വ്യാഴം ഉച്ചയ്‌ക്കുശേഷം ആശുപത്രിയിൽനിന്നിറങ്ങിയ വളർമതി സമരം തുടരുന്നു. സിപിഐ എം നേതാക്കളും ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള യുവജനസംഘടനകളും സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്തുണ്ട്‌.

​

രണ്ടാംഘട്ടത്തിൽ സമരം തുടങ്ങിയപ്പോൾമുതൽ ഉദ്യോഗാർഥികൾക്കുനേരെ ക്രൂരമായ നിലപാടാണ്‌ സർക്കാർ സ്വീകരിച്ചത്‌. പന്തൽ കെട്ടാൻ അനുവദിക്കാത്തതിനാൽ, മഴ നനഞ്ഞ്‌ ഉദ്യോഗാർഥികൾക്ക്‌ സമരം ചെയ്യേണ്ടിവന്നു. സമരക്കാർക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്‌തു. സെക്രട്ടറിയറ്റിനുമുന്നിൽ നടപ്പാത തടസ്സപ്പെടുത്തിയെന്നാരോപിച്ച്‌ രണ്ടുതവണ നോട്ടീസ്‌ നൽകി. പിന്തിരിയില്ലെന്ന്‌ ബോധ്യപ്പെട്ടതോടെയാണ്‌ അപലപനീയമായ ബലപ്രയോഗത്തിന്‌ സർക്കാർ മുതിർന്നത്‌.


ജനാധിപത്യപ്രതിഷേധങ്ങളോട്‌ യുഡിഎഫ് സർക്കാരിന്‌ അസഹിഷ്‌ണുതയാണ്‌. സെക്രട്ടറിയറ്റിനുമുന്നിലെ സമരപ്പന്തൽ പൊളിച്ചുമാറ്റിയതുകൊണ്ടോ സമരം നിരോധിച്ചതുകൊണ്ടോ ബാനറുകൾ നീക്കിയതുകൊണ്ടോ ജനകീയസമരങ്ങളെ സർക്കാരിന്‌ ഇല്ലാതാക്കാനാകില്ല. യുഡിഎഫ്‌ സർക്കാരിന്റെ നടപടി ജനാധിപത്യപരമായ പ്രതിഷേധാവകാശത്തെക്കുറിച്ച്‌ വലിയ ആശങ്ക ഉയർത്തുന്നതാണ്‌. സമരാവകാശവും ജനാധിപത്യപ്രതിഷേധത്തിന്റെ പ്രാധാന്യവും ഉയർത്തിപ്പിടിച്ച്‌ ഡൽഹിയിലെ ജന്തർമന്തറിൽ സമരത്തിനിറങ്ങുന്ന കോൺഗ്രസ് നേതാക്കൾ കേരളത്തിൽ മറ്റൊരു സമീപനം സ്വീകരിക്കുകയാണ്‌.


മോദിസർക്കാർ സമരങ്ങളോട് സ്വീകരിക്കുന്ന അതേ സമീപനമാണ്‌ സതീശൻ സർക്കാരും സ്വീകരിക്കുന്നത്‌. ഡൽഹിയിൽ സമരാവകാശത്തിനുവേണ്ടി ശബ്ദമുയർത്തുകയും തിരുവനന്തപുരത്ത് സമരപ്പന്തൽ പൊളിച്ചുനീക്കുകയും ചെയ്യുന്നതിലെ വൈരുധ്യം ജനങ്ങൾ കാണുന്നുണ്ട്. അധികാരത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും ഒരേ ജനാധിപത്യബോധം പുലർത്താൻ കഴിയുന്നവർക്കാണ്‌ ജനങ്ങളുടെ വിശ്വാസം നേടാനാകുക. ജനങ്ങളുടെ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് ജനാധിപത്യമല്ല. ജനങ്ങളോട് ഒന്നിനും മറുപടി പറയേണ്ട ബാധ്യതയില്ലെന്ന ഫാസിസ്റ്റ്‌ ധാരണയിലാണ് യുഡിഎഫ്‌ സർക്കാർ ഇപ്പോൾ പ്രവർത്തിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home