ad
Deshabhimani

പ്രത്യേക സമ്മേളനം ഇന്ന് അവസാനിക്കും; വമ്പൻ നീക്കം പാളി ബിജെപി, ലോക്സഭയിലെ പരാജയം മറയ്ക്കാൻ കുപ്രചാരണം

lok sabha
വെബ് ഡെസ്ക്

Published on Apr 18, 2026, 10:38 AM | 1 min read

ന്യൂഡൽഹി: നാടകീയ നീക്കങ്ങൾക്കും രാഷ്ട്രീയ പോരാട്ടങ്ങൾക്കും ഒടുവിൽ പാർലമെൻ്റിൻ്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് അവസാനിക്കും. വനിതാ സംവരണ ഭേദഗതി ബില്ലിൻ്റെ മറവിൽ മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കാനുള്ള മോദി സർക്കാരിൻ്റെ നീക്കം ലോക്സഭയിൽ ദയനീയമായി പരാജയപ്പെട്ടത് സർക്കാരിന് വലിയ തിരിച്ചടിയായി.


തമിഴ്‌നാട്, ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് നടത്തിയ ഈ നീക്കം പാളിയതോടെ, പരാജയഭീതി മറയ്ക്കാൻ കുപ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ബിജെപി. ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷം വനിതകൾക്ക് എതിരാണെന്ന വാദമുയർത്തി ബിജെപി എംപിമാർ പാർലമെൻ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.


വനിതാ സംവരണത്തോടല്ല, മറിച്ച് അതിൻ്റെ മറവിൽ രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനം തകർക്കാനുള്ള മണ്ഡല പുനർനിർണ്ണയ നീക്കത്തോടാണ് വിയോജിപ്പെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. ബംഗാൾ, തമിഴ്‌നാട് തെരഞ്ഞെടുപ്പുകളിൽ വനിതാ വോട്ടുകൾ ഏകീകരിക്കാനാണ് ബിജെപി ഈ ബില്ലിനെ ആയുധമാക്കിയത്.


എന്നാൽ ബില്ലിനൊപ്പം മണ്ഡല പുനർനിർണ്ണയം കൂടി കൊണ്ടുവരുന്നതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും പ്രതിപക്ഷ സ്വാധീനമുള്ള സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കുകയായിരുന്നു ബിജെപിയുടെ യഥാർത്ഥ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.


മണ്ഡല പുനർനിർണ്ണയം നടപ്പിലാക്കി സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരാനുള്ള നീക്കം പ്രതിപക്ഷം ഒന്നടങ്കം എതിർത്തതോടെയാണ് സഭയിൽ സർക്കാരിന് തിരിച്ചടിയേറ്റത്. ബില്ലിൻ്റെ സാങ്കേതിക വശങ്ങൾ മറച്ചുവെച്ച് പ്രതിപക്ഷം വനിതാ വിരുദ്ധരാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇപ്പോൾ ബിജെപി ശ്രമിക്കുന്നത്.


നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ വിഷയം സജീവമായി നിലനിർത്താനാണ് ബിജെപി നീക്കം. എന്നാൽ ജനാധിപത്യത്തെയും ഫെഡറൽ തത്വങ്ങളെയും അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം തുടരുമെന്ന് ഇന്ത്യ മുന്നണി അറിയിച്ചു. സഭയുടെ അവസാന ദിവസമായ ഇന്ന് ഭരണ-പ്രതിപക്ഷ വാഗ്വാദം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home