ad
Deshabhimani

ഇന്ത്യയിലെത്തിച്ച ചീറ്റ 'ഗാമിനി' മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി; കുനോയിൽ ആകെ 38 ചീറ്റകൾ

cheetah kuno
വെബ് ഡെസ്ക്

Published on Feb 18, 2026, 08:16 PM | 1 min read

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച 'ഗാമിനി' എന്ന പെൺ ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലാണ ​ഗാമിനിയുള്ളത്. ഗാമിനിയുടെ രണ്ടാമത്തെ പ്രസവമാണിത്. ഇതോടെ ഇന്ത്യയിൽ ജനിച്ച ആകെ ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം 27 ആയി. നിലവിൽ രാജ്യത്ത് മൊത്തം 38 ചീറ്റകളുണ്ട്.


ചീറ്റകൾ ഇന്ത്യയിലെത്തിയതിന്റെ മൂന്നാം വാർഷികത്തിലാണ് പുതിയ അതിഥികളെത്തിയതെന്ന് മോഹൻ യാദവ് എക്സിൽ കുറിച്ചു. ചീറ്റകളുടെ എണ്ണം വർദ്ധിക്കുന്നത് ആശ്വാസകരമാണെങ്കിലും, കുഞ്ഞുങ്ങളുടെ അതിജീവന നിരക്ക്, ഇരയുടെ ലഭ്യത, ജനിതക വൈവിധ്യം എന്നിവ വരും കാലങ്ങളിൽ നിർണ്ണായകമാകുമെന്ന് വന്യജീവി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനം ഇതിനകം ചീറ്റ പുനരുദ്ധാരണത്തിന്റെ പ്രധാന കേന്ദ്രമായി മാറി. വംശനാശം സംഭവിച്ച ചീറ്റകളെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാ​ഗമായി 2022 സെപ്റ്റംബർ 17 നാണ് ചീറ്റകളെ ഇന്ത്യയിൽ വീണ്ടും എത്തിക്കുന്നത്. ശാസ്ത്രീയമായ ആസൂത്രണവും 24 മണിക്കൂർ നിരീക്ഷണവുമാണ് നൽകുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.



ഫെബ്രുവരി 28-ന് മൂന്നാം ഘട്ടത്തിൽ പുതിയ ബാച്ച് ചീറ്റകൾ ഇന്ത്യയിലെത്തും. ബോട്സ്വാനയിൽ നിന്ന് എട്ട് ചീറ്റകളാണ് (2 പെൺ, 6 ആൺ) ഇന്ത്യയിലെത്തുക. പ്രത്യേക ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ ഗ്വാളിയോറിലും തുടർന്ന് ഹെലികോപ്റ്ററിൽ കുനോയിലും ഇവയെ എത്തിക്കും.


ബോട്സ്വാനയിൽ നിന്നുള്ള ചീറ്റകളെ സ്വീകരിക്കുന്ന ചടങ്ങിൽ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവും, ബോട്സ്വാന പ്രസിഡന്റ് ഡുമ ബോക്കോയും പങ്കെടുത്തേക്കും. ഇതിനായി കുനോയിൽ അഞ്ച് ഹെലിപാഡുകൾ സജ്ജമാക്കിയിട്ടുണ്ട്.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home