ad
Deshabhimani

ഇന്ത്യയിൽ കർഷകരുടെ സ്ഥിതി വളരെ മോശം; പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ല: വിജൂ കൃഷ്‌ണൻ

vijoo krishnan
വെബ് ഡെസ്ക്

Published on Sep 18, 2026, 05:54 PM | 2 min read

കോടിയേരി ബാലകൃഷ്‌ണൻ നഗർ ( കാമിലോട്ട്‌ കൺവൻഷൻ സെന്റർ): നരേന്ദ്രമോദി അധികാരത്തിലെത്തിയതിന്‌ ശേഷം ലോകത്താകെ യുദ്ധത്തിൽ കൊല്ലപ്പെട്ടതിനേക്കാളുമധികം ആളുകൾ ഇന്ത്യയിൽ ദാരിദ്ര്യം കൊണ്ട്‌ ആത്‌മഹത്യ ചെയ്‌തിട്ടുണ്ടെന്ന്‌ അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്‌ണൻ. കേരള കർഷക സംഘം സംസ്‌സ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പ്രതിവർഷം രണ്ടു കോടി പേർക്ക്‌ തൊഴിൽ നൽകും, തൊഴിലുറപ്പ്‌ പദ്ധതി ദിനങ്ങൾ വർധിപ്പിക്കും, കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കും എന്നിങ്ങനെ ഒട്ടേറെ വാഗ്‌ദാനങ്ങൾ നൽകിയാണ്‌ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയത്‌. എന്നാൽ ഒന്നും നടപ്പായില്ല. നാഷണൽ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ കണക്ക്‌ അനുസരിച്ച്‌ ഒന്നര ലക്ഷം കർഷകരാണ്‌ നരേന്ദ്രമോദി സർക്കാരിന്റെ ഇതുവരെയുള്ള ഭരണത്തിൽ ആത്‌മഹത്യ ചെയ്‌തത്‌. എന്നാൽ ഇതിൽ ഭൂരഹിതരും പാട്ടക്കാരുമായ കർഷകർ, വനിതാ കർഷകർ, ആദിവാസി വിഭാഗങ്ങളിലുള്ള കർഷകർ തുടങ്ങിയവർ ഉൾപ്പെടുന്നില്ല.


സംസ്ഥാന സർക്കാരുകൾ ആത്‌മഹത്യയുടെ കണക്കുകൾ മറച്ചുവയ്‌ക്കുകയാണ്‌. യഥാർഥത്തിൽ കണക്കുകൾ പരിശോധിക്കുമ്പോൾ മൂന്നു ലക്ഷത്തിലേറെ കർഷകർ ആത്‌മഹത്യ ചെയ്‌തതായിട്ടാണ്‌ മനസിലാക്കാൻ കഴിയുക. 3.5 ലക്ഷം കുടിയേറ്റ തൊഴിലാളികളും ആത്‌മഹത്യ ചെയ്‌തു. ഇത്‌ 12 സംസ്ഥാനങ്ങളിലെ മാത്രം കണക്കാണ്‌. ഇതും കൂടി ചേർത്താൽ നരേന്ദ്രമോദി അധികാരത്തിൽവന്നതിന്‌ ശേഷം ആത്‌മഹത്യ ചെയ്‌ത കർഷകർ, കർഷകത്തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ എന്നിവർ പത്തുലക്ഷത്തിലേറെ വരും. 12 വർഷത്തിനിടെ ലോകത്താകെ യുദ്ധത്തിൽ പോലും ഇത്രയും പേർക്ക്‌ ജീവൻ നഷ്‌ടമായിട്ടില്ലെന്നും ഡോ. വിജു കൃഷ്‌ണൻ വിശദമാക്കി.


വൻകിടക്കാരുടെ കോടികളുടെ കടമാണ്‌ എഴുതി തള്ളുന്നത്‌. സീ ടി വി ഉടമ സുഭാഷ്‌ ചന്ദ്രയുടെ 22006 കോടി രൂപയുടെ കടം ആറരക്കോടി ഒഴികെ ബാക്കി എഴുതിതള്ളി. എന്നാൽ കൃഷിക്കാരുടെ ചെറിയ കടം പോലും കേന്ദ്രസർക്കാർ എഴുതി തള്ളിയിട്ടില്ല. രാജസ്ഥാന്റെയും മഹാരാഷ്‌ട്രയുടെയും മണ്ണിലാണ്‌ കർഷക പ്രസ്ഥാനത്തിന്‌ അഭിമാനകരമായ മുന്നേറ്റങ്ങൾ ഉണ്ടായത്‌. ഇവിടെ എഐകെഎസ്‌ നടത്തിയ പ്രക്ഷോഭങ്ങൾക്ക്‌ തീരുമാനമുണ്ടാക്കാനായി. മഹാരാഷ്‌ട്രയിൽ 36000 കോടി രൂപയുടെ കടം എഴുതിത്തള്ളാൻ നിർബന്ധിതരായി. രാജ്യം സ്വതന്ത്ര വ്യാപാരക്കരാറുകളിൽ ഏർപ്പടുന്നതിന്റെ ദോഷം നേരത്തേ ചില പ്രത്യേക കർഷകരെയാണ്‌ ബാധിച്ചത്‌. എന്നാൽ, ഇനിയങ്ങോട്ട്‌ ഓരോരുത്തരെയും ബാധിക്കാൻ പോവുകയാണ്‌.


കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ഇവിടത്തെ സഹകരണ മേഖലയ്‌ക്കായി. ഇതിനെ തകർക്കാനാണ്‌ ഇപ്പോൾ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്‌. കാർഷിക രംഗത്ത്‌ വലിയ മുന്നേറ്റമുണ്ടാക്കാൻ സഹകരണ മേഖലയ്‌ക്ക്‌ കഴിയും. ഇത്തരത്തിൽ ബദൽ മുന്നോട്ടുവയ്‌ക്കാൻ സഹകരണ മേഖലയ്‌ക്ക്‌ കഴിയണം. എ കെ ജി ഇന്ത്യൻ കോഫി ഹ‍ൗസ്‌ ഉണ്ടാക്കിയതുപോലെയുള്ള അനുഭവം നമ്മുടെ മുന്നിലുണ്ട്‌.

തെലങ്കാന സമരത്തിന്റെ ഹൃദയഭൂമിയായ നൽഗൊണ്ടയിലാണ്‌ ദേശീയ സമ്മേളനം. ഇത്തവണ തെലങ്കാന സമരത്തിന്റെ 80ാം വാർഷിക വർഷമാണ്‌. സമരത്തെ തെറ്റായി വ്യാഖ്യാനിക്കാനും വലിയതോതിൽ ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്യാനും വർഗീയവാദികൾ ശ്രമം നടത്തുന്നു.


ഇതിനെതിരെ കർഷക പ്രസ്ഥാനം വീടുകളിൽചെന്ന്‌ സമരത്തിന്റെ ചരിത്രപ്രാധാന്യം വ്യക്‌തമാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്‌. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന അവസ്ഥയിലാണ്‌ കർഷകർ. നാം പോരാട്ടത്തിൽ പിന്നിലേക്ക്‌ പോകാൻ ഉദ്ദേശിക്കുന്നില്ല. രാജ്യത്താകെ കർഷകരെ അണിനിരത്തി മുന്നോട്ടുപോകുമെന്നും വിജൂ കൃഷ്‌ണൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home