പത്രത്താളുകളില്‍ 'രക്തക്കറ'; ആർത്തവ ദാരിദ്ര്യം അവസാനിപ്പിക്കാന്‍ വ്യത്യസ്ത പരസ്യവുമായി ദക്ഷിണാഫ്രിക്കൻ പത്രം

ജോഹന്നാസ്ബർഗ്: പത്രത്തിന്റെ മുൻപേജിൽ അച്ചടിപ്പിശക് പോലെ പടർന്നുകിടക്കുന്ന ഒരു 'രക്തക്കറ'. ദക്ഷിണാഫ്രിക്കൻ പത്രമായ 'ദി സ്റ്റാർ' വായിക്കാനെടുത്തവർ ആദ്യം വിചാരിച്ചത് ഇത് പ്രസ്സിൽ പറ്റിയ എന്തോ തെറ്റാണെന്നാണ്. എന്നാൽ, സോഷ്യൽ മീഡിയയിൽ വൈറലായ ആ കറ, ആർത്തവത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട സാമൂഹിക വിലക്കുകളെക്കുറിച്ചും (Period Stigma) പരസ്യമായ ചർച്ചകൾക്ക് തുടക്കമിടാൻ വേണ്ടി പ്ലാൻ ചെയ്ത് തയ്യാറാക്കിയ ഒരു വിപ്ലവകരമായ പരസ്യമായിരുന്നു.
ആദ്യം കാണുമ്പോൾ പത്രത്തിന്റെ ഉൾപ്പേജിലെ സ്പോർട്സ് വാർത്തയ്ക്ക് മുകളിലൂടെ ഒരു രക്തക്കറ പടർന്നത് പോലെയാണ് പോലെയാണ് തോന്നുക. കാഴ്ചക്കാരിൽ കൗതുകവും ആശയക്കുഴപ്പവും ഉണ്ടാക്കാൻ ഈ റിയലിസ്റ്റിക് ഡിസൈന് കഴിഞ്ഞു.
എന്നാൽ കറയ്ക്ക് തൊട്ടുതാഴെ ഒളിച്ചുവെച്ചിരുന്ന ഒരു വരി പരസ്യത്തിന്റെ അർത്ഥംതന്നെ പാടെ മാറ്റിമറിച്ചു: "WHAT IF YOUR PAD COULD LAST 5 YEARS?" (നിങ്ങളുടെ പാഡ് 5 വർഷം ഈടുനിൽക്കുന്ന ഒന്നാണെങ്കിലോ?) എന്നതായിരുന്നു ആ വാചകം.
പത്രത്തിന്റെ അവസാനഭാഗത്തിലാണ് പരസ്യത്തിന്റെ യഥാർത്ഥ ഉദ്ദേശവും അതിലെ ശക്തമായ വാചകങ്ങളും വായനക്കാരെ ചിന്തിപ്പിക്കുന്നത്. ഉള്ളിലെ പേജിൽ ആ രക്തക്കറയ്ക്ക് മുകളിലായി ഇങ്ങനെ എഴുതിയിരിക്കുന്നു.
'ഒരു പത്രത്താളിന് രക്തത്തെ ആഗിരണം ചെയ്യാൻ കഴിഞ്ഞേക്കും, പക്ഷേ അതുണ്ടാക്കുന്ന നാണക്കേടിനെയല്ല' എന്ന് അതിലെഴുതിയിട്ടുണ്ട്.
'ആർത്തവ ഉൽപ്പന്നങ്ങൾ വാങ്ങാൻ പണമില്ലാത്തതിനാൽ 40 ലക്ഷത്തോളം സ്കൂൾ വിദ്യാർത്ഥിനികളാണ് പത്രപ്പരസ്യങ്ങളും മറ്റ് അശുചിത്വമുള്ള വസ്തുക്കളും പാഡിന് പകരമായി ഉപയോഗിക്കുന്നത്. വെറും 60 റാൻഡ് (സൗത്ത് ആഫ്രിക്കൻ കറൻസി) നൽകിയാൽ ഒരു പെൺകുട്ടിക്ക് ഒരു വർഷം മുഴുവൻ അന്തസ്സോടെ ഉപയോഗിക്കാനുള്ള സാനിറ്ററി പാഡുകൾ നൽകാൻ കഴിയും. അത് അവളെ ആരോഗ്യത്തോടെ സ്കൂളിൽ നിലനിർത്തും. നമുക്ക് ഒന്നിച്ച് ഈ ആർത്തവ ദാരിദ്ര്യം അവസാനിപ്പിക്കാം.' എന്നും അതിലെഴുതിയിട്ടുണ്ട്.
സ്ത്രീകൾ പൊതുയിടങ്ങളിൽ നേരിടുന്ന ഏറ്റവും വലിയ ആശങ്കകളിലൊന്നായ 'ആർത്തവ ചോർച്ച'യെയാണ് (Menstrual Leakage) പത്രത്താളിലെ കറയിലൂടെ ദൃശ്യവൽക്കരിച്ചത്. സാധാരണ പാഡുകൾക്ക് പകരം 5 വർഷം വരെ കഴുകി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തുണി പാഡുകളെക്കുറിച്ചാണ് പരസ്യം.
ആർത്തവത്തെക്കുറിച്ച് സംസാരിക്കാൻ പോലും മടിക്കുന്ന സമൂഹത്തിന് മുന്നിൽ, ആളുകളെ ചിന്തിപ്പിക്കുന്ന രീതിയിലാണ് പരസ്യം ഡിസൈൻ ചെയ്തത്. 'മെൻസ്ട്രുവെഷൻ ഫൗണ്ടേഷൻ' (MENstruation Foundation) എന്ന സംഘടനയാണ് ക്യാമ്പയിന് പിന്നിൽ. ആഫ്രിക്കയിൽ സൗജന്യമായി സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്ന ഏറ്റവും വലിയ സന്നദ്ധ സംഘടനയാണിത്. സാനിറ്ററി പാഡ് വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചും, പുനരുപയോഗിക്കാവുന്ന സുസ്ഥിരമായ ആർത്തവ ഉൽപ്പന്നങ്ങൾ എത്തിച്ചും ഇവർ വലിയ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
പത്രത്തിന്റെ നേർത്ത പേപ്പറിലൂടെ മഷി പടരുന്ന സാധാരണമായ ഒരു കാര്യം വെച്ചാണ് അവർ പരസ്യം പ്ലാൻ ചെയ്തത്. ഡിജിറ്റൽ പരസ്യങ്ങളുടെ കാലത്തും അച്ചടി മാധ്യമങ്ങളിലൂടെ ഇത്രയും വലിയൊരു സാമൂഹിക മാറ്റത്തിന്റെ സന്ദേശം നൽകാമെന്ന് ഈ ക്യാമ്പയിൻ തെളിയിച്ചു.
സോഷ്യൽ മീഡിയയിൽ പത്രത്തിന്റെ വീഡിയോ വൈറലായതോടെ ലോകമെമ്പാടുമുള്ള ആളുകൾ ഈ ആശയത്തെ പ്രശംസിച്ചു. അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും ക്രിയേറ്റീവായ പരസ്യമാണിതെന്നും, ആർത്തവത്തെക്കുറിച്ചുള്ള ഒളിച്ചുകളികൾ അവസാനിപ്പിക്കാൻ ഇത്തരം ശക്തമായ ആശയങ്ങൾ ആവശ്യമാണെന്നും ആളുകൾ കുറിച്ചു.










0 comments