പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോണ്‍ഗ്രസിന്‍റെ സമരം 'ആത്മാർഥതയില്ലാത്തത്'; വിമർശിച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ

Gitanjali Angmo
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ. കോൺഗ്രസ് നടത്തിയ ഈ സമരം 'ആത്മാർത്ഥതയില്ലാത്തതാണെന്നും', രാഷ്ട്രീയ നേതാക്കൾ വിദ്യാർത്ഥികൾക്കൊപ്പം ജന്തർ മന്ദറിലെ സമരത്തിലാണ് പങ്കുചേരേണ്ടിയിരുന്നതെന്നും അവർ പറഞ്ഞു
"പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധി നടത്തിയ ആ പ്രതിഷേധത്തിൽ ഒട്ടും ആത്മാർത്ഥതയുണ്ടായിരുന്നില്ല. പൊതുജനങ്ങളെ ഇനിയൊരിക്കലും വിഡ്ഢികളാക്കാൻ കഴിയില്ല. ഇത് ഉണർന്നുപ്രവർത്തിക്കുന്ന ഇന്ത്യയാണ്. ആത്മാർഥതയില്ലാത്തവരെ ഇവിടുത്തെ യുവാക്കൾ പുറന്തള്ളും"- ഗീതാഞ്ജലി ആങ്മോ പറഞ്ഞു.
പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധിയുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നാടകീയമായ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗീതാഞ്ജലിയുടെ പ്രതികരണം. വിദ്യാർത്ഥികൾ നടത്തുന്ന ഈ സമരം രാഷ്ട്രീയ നേതാക്കൾക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്ന് ഗീതാഞ്ജലി ഓർമ്മിപ്പിച്ചു. വെറും പ്രകടനങ്ങൾ കൊണ്ട് ഇനി കാര്യമില്ലെന്നും പറയുന്ന കാര്യങ്ങൾ അവർ പ്രവർത്തിച്ചു കാണിക്കണമെന്നും അവർ പറഞ്ഞു.
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിച്ചു വരികയായിരുന്ന സോനം വാങ്ചുക്കിനെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് അദ്ദേഹത്തെ ഇപ്പോൾ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആശുപത്രിയിലാണെങ്കിലും അദ്ദേഹം തന്റെ നിരാഹാര സമരം തുടരുകയാണ്. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ യാതൊരുവിധ പ്രതികാര നടപടികളും സ്വീകരിക്കില്ലെന്ന് സർക്കാർ ഉറപ്പുനൽകിയാൽ നിരാഹാരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് കാണിച്ച് സോനം വാങ്ചുക്ക് സർക്കാരിന് കത്തയച്ചിട്ടുണ്ട്.










0 comments