'യുവജനതയെ വഞ്ചിച്ചു'; ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രതിഷേധ ക്യാമ്പയിൻ ശക്തമാകുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദവും സിബിഎസ്ഇ പുനഃപരീക്ഷാ ഫീസ് വിഷയവും കൈകാര്യം ചെയ്തതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നത്. വിദ്യാഭ്യാസം, തൊഴിൽ, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ പ്രധാന കാര്യങ്ങളിൽ കേന്ദ്ര സർക്കാർ ഇന്ത്യൻ യുവാക്കളെ പരാജയപ്പെടുത്തിയെന്ന് അടുത്തിടെ ശ്രദ്ധേയമായ 'കോക്രോച്ച് ജനതാ പാർടി' (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ കുറ്റപ്പെടുത്തി. ഇതിന്റെ ഭാഗമായി ഭരണകക്ഷിയായ ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് അൺഫോളോ ചെയ്യാൻ അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു. ഈ ഡിജിറ്റൽ കാമ്പയിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ചർച്ചകൾ സജീവമായി. വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.
രാജ്യത്തെ യുവാക്കൾക്ക് മതിയായ ജോലിയും മികച്ച തൊഴിലവസരങ്ങളും നൽകാൻ സർക്കാർ പരാജയപ്പെട്ടുവെന്നും, നിലവിലെ നയങ്ങൾ യുവജനതയുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കിയെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആക്ഷേപം. ഇത്രയും വലിയ പൊതുജനരോഷം ഉണ്ടായിട്ടും വിദ്യാഭ്യാസ മന്ത്രി എന്തുകൊണ്ടാണ് രാജിവെക്കാത്തതെന്ന് ചോദ്യം ചെയ്യുന്ന നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം ജോലിയില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തോടുള്ള പ്രതിഷേധമായാണ് കോക്രോച്ച് ജനതാ പാർടി എന്ന സംഘടന രൂപം കൊണ്ടത്. പിന്നാലെ തൊഴിൽരഹിതരായ വലിയൊരു വിഭാഗം അഭ്യസ്തവിദ്യർ ഈ ആക്ഷേപഹാസ്യ സംഘടനയ്ക്ക് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു.
നിലവിൽ സിജെപിയുടെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ അഴിമതികൾക്കെതിരെ പോരാടാനും വേണ്ടി വന്നാൽ ജയിലിൽ പോകാനും തയ്യാറാണെന്ന് യുവാക്കൾ വ്യക്തമാക്കുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പങ്കുവെക്കപ്പെടുന്നുണ്ട്. 'കോക്രോച്ച് പൊളിറ്റിക്സ്' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയും അല്ലാതെയും പ്രചരിക്കുന്ന ഈ വീഡിയോകളിൽ, യുവാക്കൾ ഒത്തുചേർന്ന് യമുനാ നദി വൃത്തിയാക്കുന്ന ദൃശ്യങ്ങളുമുണ്ട്. അനീതികൾക്കെതിരെ 'കോക്രോച്ചുകൾ' (പാറ്റകൾ) ശബ്ദമുയർത്തുന്നു എന്ന തരത്തിലാണ് ഈ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.










0 comments