‘വാണിജ്യ കരാറിൽ പ്രധാനമന്ത്രി ഒപ്പു വയ്‌ക്കരുത്‌’; രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച

kisan morcha
വെബ് ഡെസ്ക്

Published on Jun 26, 2025, 06:49 PM | 2 min read

ന്യൂഡൽഹി: രാജ്യത്തിന്റെ താത്‌പര്യത്തിന്‌ എതിര്‌ നിൽക്കുന്നതോ കൃഷി, വ്യവസായം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതോ ആയ വാണിജ്യ കരാറുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പു വയ്‌ക്കരുതെന്ന്‌ സംയുക്ത കിസാൻ മോർച്ച. ഇന്ത്യൻ ഭരണഘടനയനുസരിച്ച്‌ കൃഷി സ്റ്റേറ്റ്‌ ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ തന്നെ വാണിജ്യ കരാറുമായി ബന്ധപ്പെട്ട കരട്‌ നിർദേശങ്ങൾ പാർലമെന്റിൽ വയ്‌ക്കണമെന്നും സംസ്ഥാന സർക്കാരുകളുമായും സംഘടനകളുമായും ചർച്ച ചെയ്യണമെന്നും കിസാൻ മോർച്ച അറിയിച്ചു.


അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപ്‌ മറ്റ്‌ രാജ്യങ്ങൾക്ക്‌ മേൽ അടിച്ചേൽപ്പിച്ച പ്രതികാരച്ചുങ്കം ജൂലൈ ഒൻപതിന്‌ നിലവിൽ വരുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ സംയുക്ത കിസാൻ മോർച്ചയുടെ പ്രസ്‌താവന. ജൂലൈ ഒൻപതിന്‌ രാജ്യവ്യാപകമായ പ്രതിഷേധത്തിനും കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്‌.


ബ്രിട്ടനുമായുള്ള സ്വതന്ത്ര വാണിജ്യ കരാർ, അമേരിക്കയുമായുള്ള വാണിജ്യ കരാർ എന്നിവ കർഷകരുമായോ, തൊഴിലാളുകളുമായോ, സംസ്ഥാന സർക്കാരുകളുമായോ എന്തിന്‌ പാർലമെന്റിൽ പോലും ചർച്ച ചെയ്യാതെ രഹസ്യമായാണ്‌ പ്രഖ്യാപിച്ചതെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്‌താവനയിൽ പറഞ്ഞു. ഈ കരാറുകൾ കൃഷി, മത്സ്യബന്ധനം, ക്ഷീരോല്പാദനം എന്നിവയെ ആശ്രയിച്ച്‌ ജീവിക്കുന്ന ഇന്ത്യയിലെ ലക്ഷക്കണക്കിന്‌ ആളുകൾക്ക്‌ ഭീഷണിയാണ്‌. കൃഷിയെ കൂടാതെ പല ചെറുകിട സംരംഭങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നവരെയും ഈ കരാർ ബാധിക്കുമെന്നും കിസാൻ മോർച്ച വ്യക്തമാക്കി.


ചൈന, ക്യാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങൾ ട്രംപിന്റെ പ്രതികാരച്ചുങ്കത്തിനെതിരെ ദൃഢനിശ്ചയത്തോടെ നിലപാടെടുത്തപ്പോൾ ഇന്ത്യ അതിന്‌ പൂർണമായും വഴങ്ങുകയും കീഴടങ്ങുകയുമാണ്‌ ചെയ്തത്‌. ക്യാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളുടെ കയറ്റുമതി 70 ശതമാനത്തിലധികവും അമേരിക്കയിലേക്കാണെങ്കിലും ട്രംപിനെതിരെ അവർ തിരിച്ചടിച്ചു. എന്നാൽ അമേരിക്കയിലേക്ക് കയറ്റുമതിയുടെ 18 ശതമാനം മാത്രം അയക്കുന്ന ഇന്ത്യ യാതൊരുവിധത്തിലുള്ള തിരിച്ചടിക്കും തയ്യാറായില്ല.


ശ്രീലങ്കയുമായും തെക്ക്‌ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടി‌എ) കേരളം, തമിഴ്‌ നാട്‌, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തേയില, കുരുമുളക്‌, റബ്ബർ ഉൾപ്പെടെയുള്ള വിളകൾ കൃഷി ചെയ്യുന്ന കർഷകരെ ബാധിച്ചിട്ടുണ്ട്‌. നിലവിലുള്ള എഫ്‌ടി‌എകളെ വിലയിരുത്താതെ, ബിജെപി നേതൃത്വത്തിലുള്ള യൂണിയൻ സർക്കാർ കർഷകരുടെ താൽപ്പര്യങ്ങളും സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങളും കാറ്റിൽ പറത്തിക്കൊണ്ടുള്ള ഒപ്പുവെക്കൽ ആഘോഷമാക്കുകയാണിപ്പോൾ.


വരും ദിവസങ്ങളിൽ വലിയ സമരങ്ങൾ ചെയ്യാൻ രാജ്യത്തെ കർഷകർ തയ്യാറെടുക്കുകയാണ്. 2025 ജൂലൈ 9 ന് അഖിലേന്ത്യാ പൊതു പണിമുടക്കിന്റെ പശ്ചാത്തലത്തിൽ, കർഷകരും കർഷകത്തൊഴിലാളികളും കർഷകവിരുദ്ധ നയങ്ങൾക്കെതിരെ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങൾ നടത്തും. കോർപ്പറേറ്റ് അനുകൂല, ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടമായിരിക്കും ഇത്, വിജയം കൈവരിക്കുന്നതുവരെ തൊഴിലാളികളും കർഷകരും പോരാടാൻ തയ്യാറാണ്‌.– സംയുക്ത കിസാൻ മോർച്ച പ്രസ്‌താവനയിൽ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home