ഇറാനിൽ നിന്നും ആറാം വിമാനമെത്തി; മടങ്ങി വന്നത് 311 ഇന്ത്യക്കാർ

PHOTO CREDIT: X
ന്യൂഡൽഹി: ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരുമായി ആറാമത്തെ വിമാനം ഡൽഹിയിലെത്തി. ഇന്ന് വൈകിട്ട് 4.30ന് ഇറാനിലെ മഷ്‌ഹദിൽ നിന്നും എത്തിയ വിമാനത്തിൽ മലയാളികളടക്കം 311 പേരാണുള്ളത്. സംഘർഷമേഖലയായ ഇറാനിൽ നിന്ന് ഇതുവരെ 1428 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇന്ന് രാത്രി 11.30ന് മറ്റൊരു വിമാനം കൂടി ഡൽഹിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യനുമായി സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. "നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച ചെയ്തു. സമീപകാലത്തെ സംഘർഷങ്ങളിൽ വലിയ ആശങ്ക പ്രകടിപ്പിച്ചു. സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനായി സംഘർഷം കുറയ്ക്കുന്നതിനെക്കുറിച്ചും സംസാരിച്ചു"- എന്നാണ് പ്രധാനമന്ത്രി സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചത്.
ശനിയാഴ്‌ച മൂന്ന് വിമാനത്തിലായി 717 ഇന്ത്യക്കാരാണ് ഡൽഹിയിൽ മടങ്ങിയെത്തിയത്. ഇറാനിലെ മഷ്‌ഹദിൽനിന്ന് ശനി പകൽ നാലരയ്‌ക്ക് എത്തിയ വിമാനത്തിൽ മലപ്പുറം മുടിക്കോട് സ്വദേശിയായ ഫാദില കച്ചക്കാരനടക്കം 310 പേരാണ് ഉണ്ടായിരുന്നത്. ഫാദില തെഹ്‌റാനിലെ ഷാഹിദ് ബെഹെഷ്‌ത്തി സർവകലാശാലയിൽ രണ്ടാം സെമസ്റ്റർ എംബിബിഎസ് വിദ്യാർഥിയാണ്. ഫാദിലയെ സ്വീകരിക്കാൻ സൗദിയിൽ സിവിൽ എൻജിനീയറായ അച്ഛൻ മുഹമ്മദ് കച്ചക്കാരനും ഡൽഹി വിമാനത്താവളത്തിൽ എത്തിയിരുന്നു.
മടങ്ങിയെത്തിയവരിൽ ഭൂരിഭാഗവും കശ്‌മീർ സ്വദേശികളാണ്. പതിനായിരത്തോളം ഇന്ത്യക്കാരാണ് ഇറാനിലുള്ളത്. അർമീനിയയിലെ യെരവാനിൽനിന്ന് വ്യാഴാഴ്‌ച ആദ്യ വിമാനത്തിൽ 110 പേർ എത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി ഇറാനിലെ മഷ്‌ഹദിൽനിന്ന് രണ്ടാം വിമാനത്തിൽ 290 പേർ എത്തി. ശനിയാഴ്ച പുലർച്ചെ മൂന്നിന് തുർക്‌മെനിസ്ഥാനിലെ അഷ്‌ഗാബെത്തിൽനിന്ന് മൂന്നാം വിമാനത്തിൽ 117 പേരും എത്തി. പകൽ നാലരയ്‌ക്ക് മഷ്‌ഹദിൽനിന്നുള്ള നാലാം വിമാനത്തിലാണ് മലയാളി വിദ്യാർഥിനി ഉൾപ്പെടെയുള്ളവർ എത്തിയത്. ശനി അർധരാത്രി 290 പേർകൂടി ഡൽഹിയിലെത്തി.
ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഇറാൻ അവരുടെ വ്യോമമേഖല സംഘർഷസാഹചര്യത്തിലും തുറന്നിരുന്നു. പാക് വ്യോമമേഖല ഒഴിവാക്കിയാണ് വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് വിദേശമന്ത്രാലയം അറിയിച്ചു. നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ അഭ്യർഥനപ്രകാരം അവരുടെ പൗരന്മാരെയും ഒഴിപ്പിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്.








0 comments