അജിത്തിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ശിവഗംഗ കസ്റ്റഡി മരണം: കേസിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ajith tn custody death
വെബ് ഡെസ്ക്

Published on Jul 01, 2025, 07:31 PM | 2 min read

ചെന്നൈ: ശിവഗംഗ കസ്റ്റഡി പീഡനക്കേസ് ​ഗൗരവമായി കാണുന്നുവെന്നും സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും തിരുപ്പുവനം ജുഡീഷ്യൽ മജിസ്‌ട്രേറ്റിനോട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. മോഷണ കേസിൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത കരാർ സുരക്ഷാ ജീവനക്കാരൻ ബി അജിത് കുമാറിന്റെ (27) മരണം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.


ജസ്റ്റിസുമാരായ എസ് എം സുബ്രഹ്മണ്യം, എ ഡി മരിയ ക്ലീറ്റ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രി ഡീൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉച്ചകഴിഞ്ഞ് 3 മണിക്കുള്ളിൽ സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. അജിത് കുമാറിൻ്റെ ശരീരത്തിൽ 30 ഇടത്ത് ചതവുകളുണ്ടെന്നും മർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം മരണകാരണമായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.


അതേ സമയം, ക്ഷേത്രത്തിലെ തൊഴുത്തിൽവച്ച് അജിത് കുമാറിനെ പൊലീസ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കേസിൽ നടപടി സ്വീകരിച്ചുവരികയാണെന്നും, കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തമിഴ്‌നാട് സർക്കാർ കോടതിയെ അറിയിച്ചു.



എങ്ങനെയാണ് ഒരു പ്രത്യേക സംഘം വിഷയം ഏറ്റെടുത്ത് അജിത് കുമാറിനെ മർദ്ദിച്ചതെന്നും, സംഘത്തിന് നടപടിയെടുക്കാൻ ആരാണ് അനുമതി നൽകിയതെന്നും കോടതി ചോദിച്ചു. പ്രത്യേക സംഘം സ്വന്തം നിലയിൽ പ്രവർത്തിച്ചാലും ഉന്നത ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.


അന്വേഷണം സിബി-സിഐഡിക്ക് കൈമാറിയതായി സംസ്ഥാനം കോടതിയെ അറിയിച്ചു. അജിത്തിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാനത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹർജികളാണ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. ഇതിൽ സിബിഐ/എസ്‌ഐടി അന്വേഷണവും ആവശ്യപ്പെട്ടുള്ള ഹർജികളുമുണ്ട്.


കഴിഞ്ഞ ദിവസം ശിവഗംഗ ജില്ലയിലെ തിരുപ്പുവനം പൊലീസ് സ്റ്റേഷനിലാണ് സംഭവം. മദപുരം ഭദ്രകാളിയമ്മൻ ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു അജിത്ത്. ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ കാറിൽ നിന്ന് 9.5 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചെന്ന പരാതിയിലാണ് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.


തിരുമംഗലം സ്വദേശിയായ ശിവഗാമി എന്ന സ്ത്രീയും പേരക്കുട്ടിയും കഴിഞ്ഞ ദിവസം ക്ഷേത്ര ദർശനത്തിനായി എത്തിയിരുന്നു. വാഹനം പാർക്ക് ചെയ്യാൻ അവർ അജിത്തിനോട് ആവശ്യപ്പെട്ട് കാറിന്റെ താക്കോൽ നൽകിയിരുന്നു.


ദർശനം കഴിഞ്ഞ് തിരികെ എത്തിയപ്പോൾ കാറിൽ സൂക്ഷിച്ചിരുന്ന ബാ​ഗുകൾ തുറന്നുകിടക്കുന്നത് ഇരുവരുടേയും ശ്രദ്ധയിൽപ്പെട്ടു. പരിശോധിച്ചപ്പോഴാണ് സ്വർണം മോഷണം പോയതായി മനസിലാക്കുന്നത്.


സ്വർണം മോഷണം പോയതായി ശിവ​ഗാമി പൊലീസിൽ പരാതി നൽകി. ശനിയാഴ്ച പരാതിയുടെ അടിസ്ഥാനത്തിൽ തിരുപ്പുവനം പൊലീസ് അജിത്തിനെയും മറ്റ് നാല് പേരെയും ചോദ്യം ചെയ്തു. അജിത് കുറ്റം സമ്മതിക്കാതായതോടെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്നാണ് അജിത്തിന്റെ മരണം. തുടർന്ന് തിരുപ്പുവനം പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.







deshabhimani section

Related News

View More
0 comments
Sort by

Home