ശിവഗംഗ കസ്റ്റഡി മരണം: അന്വേഷണം സിബിഐക്ക്; പൂർണ സഹകരണം ഉറപ്പാക്കി സ്റ്റാലിൻ

m k stalin

PHOTO CREDIT: X

വെബ് ഡെസ്ക്

Published on Jul 01, 2025, 08:45 PM | 2 min read

ചെന്നൈ: തമിഴ്നാട് തിരുപ്പുവനം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക്. കേസ് അന്വേഷണം സംസ്ഥാന സർക്കാർ നേരത്തെ സിബി-സിഐഡിക്ക് കൈമാറയിരുന്നു. അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.


കേസിൽ പൊലീസ് ഉദ്യോ​ഗസ്ഥർ കുറ്റാരോപിതരാമെങ്കിലും സിബി-സിഐഡിക്ക് കേസ് അന്വേഷണം തുടരാം എന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ സിബി -സിഐഡി അന്വേഷണം തുടർന്നാൽ സംസയങ്ങൾക്ക് ഇടയാകും. അന്വേഷണത്തിൽ യാതൊരു സംശയവും ഉണ്ടാകരുതെന്നും അതിനാൽ അന്വേഷണം സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടതായും സ്റ്റാലിൻ പറഞ്ഞു.


പോലീസ് ഉദ്യോഗസ്ഥരുടെ പ്രവൃത്തികൾ മനുഷ്യാവകാശ ലംഘനമാകരുത്. ഇത്തരം ലംഘനങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. തിരുപ്പുവനത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി ക്ഷമിക്കാവുന്ന ഒന്നല്ല. ഇത്തരം സംഭവങ്ങൾ ആരും ആവർത്തിക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ് നൽകുന്നുതായും സ്റ്റാലിൻ പറഞ്ഞു.





പരാതിയുമായി പൊലീസിനെ സമീപിക്കുന്ന പൊതുജനങ്ങളുടെ മനസിൽ ആത്മവിശ്വാസം വളർത്തുന്ന രീതിയിൽ പൊലീസ് സേന പ്രവർത്തിക്കണം. പൊലീസുകാരുടെ ആക്രമണത്തെ തുടർന്നാണ് അജിത് മരിച്ചത് എന്നറിഞ്ഞപ്പോൾ വേദന തോന്നി. ഈ പ്രവൃത്തിയെ ആർക്കും ന്യായീകരിക്കാൻ കഴിയില്ല. ആർക്കും രക്ഷപ്പെടാനും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


കഴിഞ്ഞ ദിവസം ശിവഗംഗ ജില്ലയിലെ തിരുപ്പുവനം പൊലീസ് സ്റ്റേഷനിലാണ് സംഭവം. മദപുരം ഭദ്രകാളിയമ്മൻ ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ബി അജിത് കുമാർ (27) ആണ് മരിച്ചത്. ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ കാറിൽ നിന്ന് 9.5 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചെന്ന പരാതിയിലാണ് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.


ക്ഷേത്ര ദർശനത്തിനായി എത്തിയ തിരുമംഗലം സ്വദേശിയായ ശിവഗാമി എന്ന സ്ത്രീയും പേരക്കുട്ടിയും വാഹനം പാർക്ക് ചെയ്യാൻ അജിത്തിനോട് ആവശ്യപ്പെട്ട് കാറിന്റെ താക്കോൽ നൽകിയിരുന്നു. ദർശനം കഴിഞ്ഞ് തിരികെ എത്തിയപ്പോൾ കാറിൽ സൂക്ഷിച്ചിരുന്ന ബാ​ഗുകൾ തുറന്നുകിടക്കുന്നത് ഇരുവരുടേയും ശ്രദ്ധയിൽപ്പെട്ടു. പരിശോധിച്ചപ്പോഴാണ് സ്വർണം മോഷണം പോയതായി മനസിലാക്കുന്നത്.


സ്വർണം മോഷണം പോയതായി ശിവ​ഗാമി പൊലീസിൽ പരാതി നൽകി. ശനിയാഴ്ച പരാതിയുടെ അടിസ്ഥാനത്തിൽ തിരുപ്പുവനം പൊലീസ് അജിത്തിനെയും മറ്റ് നാല് പേരെയും ചോദ്യം ചെയ്തു. അജിത് കുറ്റം സമ്മതിക്കാതായതോടെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്നാണ് അജിത്തിന്റെ മരണം. തുടർന്ന് തിരുപ്പുവനം പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. അഞ്ച് പേരെ ഇതിനകം അറസ്റ്റ് ചെയ്തതായും എം കെ സ്റ്റാലിൻ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home