ബംഗാളില്‍ അപ്രഖ്യാപിത രാഷ്ട്രപതി ഭരണം, പൗരത്വം തട്ടിയെടുക്കാന്‍ കേന്ദ്രം ഗൂഢാലോചന നടത്തുന്നു: മമത ബാനര്‍ജി

മമത ബാനര്‍ജി
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്ത് അപ്രഖ്യാപിത രാഷ്ടപതി ഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എന്‍ആര്‍സിയുടേയും സെന്‍സസിന്‍റെയും പേരില്‍ ജനങ്ങളുടെ പൗരത്വം തട്ടിയെടുക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും മമത ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭരണപരമായ പുനസംഘടന സംസ്ഥാനത്തിന്‍റെ സ്വയംഭരണാധികാരം തകര്‍ക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. 'ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്ത് നിലവില്‍ രാഷ്ട്രപതി ഭരണത്തിന് തുല്യമായ സാഹചര്യമാണുള്ളത്. ഈ തെരഞ്ഞെടുപ്പ് സമയത്ത് രൂപപ്പെട്ട അവസ്ഥ നീതിയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ പൗരത്വം തട്ടിയെടുക്കാന്‍ മോദി സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണ്. ഇന്നുവരെ നല്‍കിയ ഒരു വാഗ്ദാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ പാലിച്ചിട്ടില്ല. കമ്പനികളെ വ്യവസായികള്‍ക്ക് വിറ്റുകൊണ്ട് അവര്‍ സ്വകാര്യവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇപ്പോള്‍ അവര്‍ ബംഗാള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. ഉത്തര്‍ ബംഗാളിനെ വേര്‍പ്പെടുത്തി ബിഹാറിന്‍റെ ഭാഗങ്ങളുമായി ചേര്‍ത്ത് പുതിയ സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നു. ഇതിനായി വര്‍ഗീയ കലാപം അഴിച്ചുവിടാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്', മമത ബാനര്‍ജി പറഞ്ഞു.










0 comments