അയോധ്യ രാമക്ഷേത്ര കൊള്ളയിൽ പ്രാഥമിക റിപ്പോർട്ട്
print edition ആർഎസ്‌എസ് നേതാക്കളെ സംരക്ഷിച്ച് എസ്‌ഐടി


സ്വന്തം ലേഖകൻ
Published on Jun 24, 2026, 12:01 AM | 1 min read
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ ചമ്പത് റായ് അടക്കമുള്ള ആർഎസ്‌എസ് നേതാക്കളെ സംരക്ഷിച്ച് എസ്‌ഐടിയുടെ പ്രാഥമിക റിപ്പോർട്ട്. വിശ്വാസികൾ കാണിക്കയായി സമർപ്പിച്ച കോടിക്കണക്കിന് രൂപയും വെള്ളി–സ്വർണ കട്ടികളും കവർന്നതിൽ വിശദ അന്വേഷണം ആവശ്യമാണെന്ന് എസ്‌ഐടി നിർദേശിച്ചു. ആർഎസ്‌എസ് നിയന്ത്രിക്കുന്ന ക്ഷേത്ര മാനേജ്‌മെന്റ് ട്രസ്‌റ്റിൽ അഴിച്ചുപണിവേണമെന്നും നിർദ്ദേശമുണ്ട്. റിപ്പോര്‍ട്ടിലെങ്ങും ക്ഷേത്ര ഭാഹരവാഹികളെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങളില്ല. റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറും.
അന്തിമ റിപ്പോർട്ടിന് എസ്‌ഐടി സാവകാശം തേടി. കാണിക്കവരുമാനം തിട്ടപ്പെടുത്തുന്ന മുറിയിലെ സിസിടിവി ദൃശ്യം ലഭ്യമല്ലാത്തത് അന്വേഷണത്തിന് തടസ്സമായി. 45 ദിവസം കൂടുമ്പോൾ ദൃശ്യങ്ങൾ ഇല്ലാതാകുംവിധമാണ് സിസിടിവികൾ ക്രമീകരിച്ചത്. ‘കുറഞ്ഞത് 180 ദിവസമെങ്കിലും ദൃശ്യങ്ങൾ സൂക്ഷിക്കേണ്ടതുണ്ട്. കാണിക്കവരുമാനത്തിന്റെ കണക്ക് ദിവസേന രേഖപ്പെടുത്തണം. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ക്ഷേത്രത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിക്കണം’– എസ്‌ഐടി നിർദേശിച്ചു. മുതിർന്ന ആർഎസ്‌എസ് നേതാവും വിഎച്ച്‌പി വൈസ്‌പ്രസിഡന്റുമായ ചമ്പത് റായിയാക്കാണ് ക്ഷേത്ര ഭരണച്ചുമതല. ഇയാളുടെ വിശ്വസ്‌തനായ രാംശങ്കർ യാദവെന്ന ടിന്നുവാണ് കാണിക്കവരുമാനം മോഷ്ടിക്കുന്നതിന് നേതൃത്വം നൽകുന്നതെന്നാണ് ആക്ഷേപം. ഇവരുടെ വീടുകളിലും മറ്റും നടത്തിയ പരിശോധനകളിൽ രണ്ടുകോടിയോളം രൂപ പിടിച്ചെടുത്തിരുന്നു.
ട്രസ്റ്റ് അംഗങ്ങളായ അനിൽ മിശ്ര, ആർഎസ്‌എസിന്റെ കിഴക്കൻ യുപി ക്ഷേത്ര സംഘചാലക് കൃഷ്‌ണമോഹൻ, ക്ഷേത്ര മാനേജര്‍ ഗോപാൽ റാവു എന്നിവരും ആരോപണ നിഴലിലാണ്. ഗോപാൽ റാവുവിന്റെ അനന്തിരവനും ക്ഷേത്ര ജീവനക്കാരനുമായ സോമേഷ് ആനന്ദും ഒളിവിലാണ്.











0 comments