ad
Deshabhimani

print edition എസ്‌ഐആർ; സുപ്രീംകോടതി വിധി നീതികേട്: സിപിഐ എം

cpim logo
avatar
സ്വന്തം ലേഖകൻ

Published on May 30, 2026, 01:10 AM | 1 min read

ന്യൂഡൽഹി : വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധന (എസ്ഐആർ) ശരിവച്ച സുപ്രീംകോടതി വിധി നീതിയെ അവഹേളിക്കലാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ. വ്യാപകമായി വോട്ടവകാശം നിഷേധിക്കുകയും വോട്ടർമാരെ കൂട്ടമായി പുറത്താക്കുകയും വിവിധ സംസ്ഥാനങ്ങളിൽ ദുർബല ജനവിഭാഗങ്ങൾക്ക്‌ വലിയ ഭീഷണിയായി മാറുകയുംചെയ്‌ത പ്രക്രിയക്കാണ്‌ സാധുത നൽകിയത്‌. ജനാധിപത്യ അവകാശങ്ങളുടെയും ഭരണഘടനാ ഉറപ്പുകളുടെയും സംരക്ഷകനെന്ന ഉത്തരവാദിത്വത്തിൽ സുപ്രീംകോടതി വലിയ വീഴ്‌ചയാണ്‌ വരുത്തിയത്‌.


കമീഷൻ ആവശ്യപ്പെട്ട രേഖകളില്ലെന്ന കാരണത്താൽ ദരിദ്രരും ന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളും കുടിയേറ്റത്തൊഴിലാളികളും ഭൂരഹിതരുമടക്കം ദുർബല ജനവിഭാഗങ്ങളാണ്‌ എസ്‌ഐആർ പ്രക്രിയയിലൂടെ പുറത്താക്കപ്പെട്ടത്‌. ബംഗാളിൽ ഒരു കോടിയിലേറെ പേരെയാണ്‌ സംശയിക്കപ്പെടുന്നവരുടെ പട്ടികയിൽപ്പെടുത്തിയത്‌. ഇതുവരെ പരീക്ഷിക്കാത്ത സോഫ്‌റ്റ്‌വെയറുപയോഗിച്ച്‌ അൽഗോരിതങ്ങളെ ആശ്രയിച്ചാണ്‌ പട്ടിക തയ്യാറാക്കിയത്‌.


ഇതിൽ 27 ലക്ഷം പേരുടെ അപേക്ഷയിൽ സുപ്രീംകോടതി പുനഃപരിശോധന നിർദേശിച്ചെങ്കിലും ഇവർക്ക്‌ വോട്ടുചെയ്യാനായില്ല. കമീഷന്‌ സ്വീകാര്യമായ രേഖകളുള്ളവർക്ക്‌ മാത്രമേ വോട്ടവകാശവും പ‍ൗരാവകാശവും ലഭിക്കൂവെന്ന വ്യവസ്ഥയ്‌ക്ക്‌ കൂടിയാണ്‌ ദ‍ൗർഭാഗ്യവശാൽ സുപ്രീംകോടതി അംഗീകാരം നൽകിയത്‌. പ‍ൗരാവകാശ നിർണയം തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഉത്തരവാദിത്വമല്ലെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ അധികാരപരിധിയിൽ ഉള്ളതാണെന്നും വ്യക്തമായി പറഞ്ഞ ശേഷവും എസ്‌ഐആർ പ്രക്രിയയുടെ കാര്യത്തിൽ കമീഷൻ നടപടിയെ കോടതി പൊതുവിൽ ശരിവച്ചിരിക്കയാണ്‌.

തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിഷ്‌പക്ഷതയിലുള്ള ജനവിശ്വാസത്തിൽ വൻഇടിവ്‌ സംഭവിച്ചതുകൂടി കോടതി പരിഗണിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു.


വോട്ടവകാശസംരക്ഷണമെന്ന മുദ്രാവാക്യമുയർത്തിയും സമഗ്രമായ തെരഞ്ഞെടുപ്പ്‌ പരിഷ്‌ക്കാരങ്ങൾ നിർദേശിച്ചും രാജ്യവ്യാപക പ്രചാരണത്തിന്‌ സിപിഐഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്‌. സമാന ചിന്താഗതിയുള്ള എല്ലാ പാർടികളെയും ശക്തികളെയും രാജ്യവ്യാപക പോരാട്ടത്തിൽ അണിനിരത്തും – പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home