ad
Deshabhimani

print edition ബംഗാളില്‍നിന്ന് സ്നേഹത്തോടെ മല്ലു

Arya Sree

ബംഗാളി മല്ലു സാരി കലക്ഷനുമായി ആര്യശ്രീ

avatar
ആന്‍സ് ട്രീസ ജോസഫ്

Published on Jul 20, 2026, 01:17 PM | 2 min read

പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ ഗ്രാമങ്ങളിലേക്ക് സാരി തേടി സൈക്കിളില്‍ യാത്രചെയ്തൊരു പെണ്‍കുട്ടി. ആ ഗ്രാമങ്ങള്‍ അവള്‍ക്കായി പല സാരികള്‍ സമ്മാനിച്ചു. അങ്ങനെ ജീവിതത്തോട് പൊരുതാന്‍ താണ്ടിയ ദൂരവും അതിനെടുത്ത വേഗവും അവളെയൊരു ബ്രാന്‍ഡാക്കി. "ബംഗാളി മല്ലു വാലാ'. കൊല്‍ക്കത്തയിലെ വിശ്വഭാരതി സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദത്തിന്റെ കോണ്‍വൊക്കേഷന് അവളുടുത്ത ചുവപ്പും വെള്ളയും സാരി, ബംഗാളില്‍നിന്ന് വാങ്ങിയ ആദ്യ സാരി. അതിലൂടെയാണ്‌ എം എസ് ആര്യശ്രീ, ബംഗാളി മല്ലു വാലാ എന്ന ബ്രാന്‍ഡായത്.


​ജോലിതേടി പലരും ബംഗാളില്‍നിന്ന് പലായനം ചെയ്‌തെന്ന് പറയുമ്പോഴാണ് ആര്യശ്രീ ബംഗാളില്‍ ജീവിതം പടുത്തുയര്‍ത്തുന്നത്. "ബാവൂള്‍ സംഗീതത്തിന്റെയും രബീന്ദ്രസംഗീതത്തിന്റെയും ഈണങ്ങള്‍പോലുള്ള വൈക്കോല്‍ മേഞ്ഞ മണ്‍വീടുകളും ചെറിയ കുടിലുകളും.' ആര്യശ്രീക്ക് ബംഗാളിലെ ഓരോ ഗ്രാമവും സമ്മാനിക്കുന്നത് ഈ ക്യാന്‍വാസുകളാണ്. കാലാവസ്ഥയ്ക്കൊപ്പം മാറുന്ന നാടാണ് ബംഗാള്‍. ശൈത്യകാലത്തെ ബംഗാള്‍ വരവേല്‍ക്കുന്നത് വീട്ടിലെ പൂന്തോട്ടം മനോഹരമാക്കിയാണ്. ഏറ്റവും മികച്ച പൂന്തോട്ടം തങ്ങളുടേതാകണമെന്ന വാശിയില്‍ അവര്‍ വീട്ടുമുറ്റങ്ങള്‍ അലങ്കരിക്കുന്ന കാഴ്ചയാണ് ശൈത്യത്തിന്റെ പ്രത്യേകത. ഇത്തരത്തില്‍ ബംഗാളിലെ ഓരോ ഗ്രാമവും സാംസ്കാരികമായും കലാപരമായും ഭംഗിയിലും സമ്പന്നമാണെന്നാണ് ആര്യയുടെ വാക്കുകള്‍.


വരയത്തി


ചെറുപ്പംമുതലേ വരയ്ക്കാന്‍ ഇഷ്ടമാണെങ്കിലും അതൊരു പ്രൊഫഷനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ചിത്രരചന പഠനം ആരംഭിച്ചത്. അങ്ങനെ ബിഎഫ്എ പഠിക്കാന്‍ പ്ലാനിട്ടു. ആദ്യതവണ പ്രവേശന പരീക്ഷയില്‍ കടന്നുകൂടിയില്ല. രണ്ടാം തവണത്തെ ശ്രമത്തില്‍ ആഗ്രഹിച്ചതുപോലെ തൃശൂര്‍ ഫൈന്‍ ആര്‍ട്സില്‍ അഡ്മിഷന്‍ കിട്ടി. പഠിച്ചുതുടങ്ങിയപ്പോള്‍ സ്പെഷ്യലൈസേഷനുകള്‍ പരിചിതമായി. അവസാന വര്‍ഷത്തെ സ്റ്റഡി ട്രിപ്പില്‍, വിശ്വഭാരതി യൂണിവേഴ്സിറ്റി മനസ്സില്‍ ചേക്കേറി. തുടര്‍പഠനം അവിടെയാകുമെന്ന് ഉറപ്പിച്ചു. പക്ഷേ, ജീവിതസാഹചര്യങ്ങള്‍ ബംഗാളിലേക്കുള്ള ദൂരം ഇരട്ടിയാക്കി. പിന്മാറാന്‍ ഒരുക്കമില്ലാതെ, കൈയിലുണ്ടായിരുന്ന സ്വര്‍ണവള വിറ്റുകിട്ടിയ പൈസയുമായാണ് വിശ്വഭാരതിയിലേക്ക് വണ്ടികയറിയത്. ഗ്രാഫിക് പ്രിന്റ് മേക്കിങ്ങില്‍ ബിരുദാനന്തര ബിരുദം വിജയകരമായി പൂര്‍ത്തിയാക്കി. ഇതിനിടെ പഠനത്തിനൊപ്പം ജീവിതച്ചെലവുകളും കണ്ടെത്തേണ്ടതിന്റെ ആവശ്യകതയില്‍ "വരയത്തി' ആയി മാറിയിരുന്നു. വാള്‍ പെയിന്റിങ്ങും പോര്‍ട്രെയിറ്റുമൊക്കെ ചെയ്ത് പോക്കറ്റ് മണിയും കണ്ടെത്തി. കൂടാതെ വരയ്ക്കാന്‍ ഇഷ്ടമുള്ളവര്‍ക്കായി "വര ആര്‍ട്ട് സ്കൂള്‍' തുടങ്ങി. പിജി പഠനത്തിനുശേഷം ലഭിച്ച ലളിതകലാ അക്കാദമി ഫെലോഷിപ്പിലൂടെ കോഴിക്കോട് സോളോ എക്സിബിഷനും നടത്തി. 2019ല്‍ കസ്തൂരിരംഗന്‍ അവാര്‍ഡും 2022ല്‍ അക്കാദമി സ്റ്റുഡന്റ്സ് സ്കോളര്‍ഷിപ്പും 2023ല്‍ ശാന്തിനികേതന്‍ യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡും നേടിയിട്ടുണ്ട്.


ബിസിനസ് അത്ര സിംപിള്‍ അല്ല


പഠനംപൂര്‍ത്തിയാക്കി തിരിച്ചു നാട്ടിലെത്തിയപ്പോള്‍ ബംഗാള്‍ വിശേഷത്തിനൊപ്പം സുഹൃത്തുക്കള്‍ക്കായി വാങ്ങിയ സാരികളും ആര്യശ്രീയുടെ ഫെയ്‌സ്ബുക്ക് പേജില്‍ വന്നുതുടങ്ങി. പിന്നെയത് പലനിറങ്ങളിലെ സാരികളാല്‍ നിറഞ്ഞു. അവളുടുത്ത ഓരോ സാരിക്കും ആവശ്യക്കാരായി. അവര്‍ക്കായി അവള്‍ വീണ്ടും വീണ്ടും ബംഗാളിലെ ഗ്രാമങ്ങളിലേക്ക് നടന്നു. ചാക്കുനിറയെ സാരികളുമായി അവള്‍ പ്രത്യക്ഷപ്പെട്ടു. ബ്രാന്‍ഡിങ്ങോ പരസ്യമോ ഇല്ലാതൊരു സാമ്രാജ്യം സൃഷ്ടിച്ചു. ബംഗാളില്‍ താമസിക്കുന്ന മലയാളിയെന്ന നിലയ്ക്ക് ബംഗാളി മല്ലുവെന്ന് പേരിട്ടു. ഡിഗ്രി പഠനകാലത്ത് ജൂനിയര്‍ വരച്ചുനൽകിയ ആര്യശ്രീയുടെ ഇല്ലുസ്ട്രേഷനാണ് പേജിന്റെ ലോഗോയായി ഉപയോഗിക്കുന്നത്. ആര്യയെന്ന വടക്കാഞ്ചേരിക്കാരി ബ്രാന്‍ഡായി മാറിയ മൂന്നുവര്‍ഷമാണ് കടന്നുപോയത്. ബജറ്റ് ഫ്രണ്ട്-ലി സാരികളാണ് ബംഗാളി മല്ലുവിനെ പ്രിയങ്കരിയാക്കുന്നത്. ഒരു ഐഡിയയുമില്ലാതെ ബിസിനസില്‍ എത്തപ്പെട്ട വ്യക്തിയാണ്. മുന്നിലെത്തുന്ന പ്രശ്നങ്ങളെ പരിഹരിച്ചാണ് പുതിയ കാര്യങ്ങള്‍ പഠിച്ചത്. സ്റ്റാഫ് മാനേജ്മെന്റും സ്റ്റോക്ക് മാനേജ്‌മെന്റുമെല്ലാം ഓരോ പടിയായി പഠിച്ചുവന്നതാണ്. വസ്ത്ര ബിസിനസില്‍ ഏറ്റവുമധികം ബാധിക്കുന്നത് വ്യാജ പേജുകളാണ്, അതിനെ ഒരുപരിധിവരെ ചെറുക്കാന്‍ കഴിയുന്നുണ്ട്. ആദ്യമൊക്കെ ഫെയ്‌സ്ബുക്ക്, വാട്സാപ്‌ വഴി വിൽപ്പന ഉണ്ടായിരുന്നു. ഇപ്പോള്‍ വെബ്സൈറ്റിലൂടെ മാത്രമാണ് വിൽപ്പന. ഒറ്റയ്ക്ക് തുടങ്ങിയ ചെറിയ സംരംഭത്തില്‍ ഇപ്പോള്‍ എട്ട് സ്റ്റാഫും രണ്ട് യൂണിറ്റുമുണ്ട്. ഗാലറി ആര്‍ട്ടിസ്റ്റ്കൂടിയായ ഭര്‍ത്താവ് ദീപക് പൗലോസും സഹായത്തിനുണ്ടെന്ന് ആര്യ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home