മികച്ച അനുഭവം സമ്മാനിക്കും

കെ എ നിധിൻ നാഥ്
Published on Jul 20, 2026, 01:11 PM | 2 min read
മലയാളത്തിൽ വീണ്ടുമൊരു ഹൊറർ സിനിമ പ്രദർശനത്തിനെത്തി. നവാഗതനായ അഭിലാഷ് വാര്യർ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത അരൂപി. ബോളിവുഡ് താരം നേഹ ചൗള കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിൽ വൈശാഖ് രവി, സാക്ഷി ബദാല, സിന്ധു വർമ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. രണ്ടു കാലത്തിലായി കഥ പറയുന്ന ചിത്രം, മികച്ച സാങ്കേതികത്തികവോടെയാണ് ഒരുക്കിയിട്ടുള്ളത്. സംവിധായകൻ അഭിലാഷ് വാര്യർ സംസാരിക്കുന്നു.
പ്രേക്ഷകർക്ക് വിടുന്ന ക്ലൈമാക്‌സ്
വലിയ ക്യാൻവാസിൽ ഒരുക്കിയിട്ടുള്ള ഹൊറർ ജോണറിലുള്ള സിനിമയാണ് അരൂപി. അഞ്ച് ഷെഡ്യൂളിലായാണ് ചിത്രീകരിച്ചത്. രണ്ട് ക്ലൈമാക്‌സുള്ള സിനിമ എന്ന പ്രത്യേകതയും അരൂപിക്കുണ്ട്. സിനിമയുടെ അവസാനം കൃത്യമായി പറഞ്ഞുവച്ചിട്ടില്ല. പ്രേക്ഷകരുടെ ആലോചനകൾക്കായി വിടുന്ന രീതിയിൽ ‘ഓപ്പൺ എൻഡഡാ’യിട്ടാണ് ഒരുക്കിയിട്ടുള്ളത്.
150 വർഷം പഴക്കമുള്ള മന പശ്ചാത്തലമായാണ് കഥ ഒരുക്കിയിട്ടുള്ളത്. അവിടെയുള്ള യക്ഷിപ്രതിമയെ ചുറ്റിപ്പറ്റിയാണ് സിനിമ വികസിക്കുന്നത്. രണ്ടു തലമുറകളുടെ കഥ നോൺ ലീനിയറായാണ് പറയുന്നത്. മലയാളം കൂടാതെ തമിഴിലും ഹിന്ദിയിലും ചിത്രം റിലീസ് ചെയ്‌തിട്ടുണ്ട്.
മികച്ച സാങ്കേതികപ്രവർത്തകർ
ഹൊറർ സിനിമ എന്ന നിലയിൽ മികച്ച ആസ്വാദനം ഉറപ്പുവരുത്താനായി മികച്ച സാങ്കേതികപ്രവർത്തകരെയാണ് ഉപയോഗിച്ചിട്ടുള്ളത്. ഗോപീസുന്ദറാണ് സംഗീതം. ദേശീയ അവാർഡ് ജേതാവായ എം ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി ചെയ്‌തത്. ‘ഭൂതകാല’ത്തിന്റെ ഭാഗമായിരുന്ന കിഷൻ മോഹനും ശബ്ദവിഭാഗത്തിലുണ്ട്. ബോളിവുഡിൽ പ്രവർത്തിച്ചിട്ടുള്ള അമനാണ് കാമറ കൈകാര്യം ചെയ്‌തത്. ഇൗ രീതിയിൽ സാങ്കേതികമായും സിനിമ മികച്ചതാക്കാൻ നല്ല പരിശ്രമം നടത്തിയിട്ടുണ്ട്.
23 വർഷത്തെ യാത്ര
ഇരുപത്തിമൂന്നുവർഷമായി മലയാളസിനിമയുടെ ഭാഗമായുണ്ട്. ആ യാത്രയാണ് ആദ്യസിനിമയിൽ എത്തിനിൽക്കുന്നത്. ടി വി ചന്ദ്രന്റെ ‘പാഠം ഒന്ന്: ഒരു വിലാപം’ എന്ന സിനിമയിൽ ക്ലാപ് ബോയ് ആയാണ് തുടക്കം. പിന്നീട് സംവിധായകരായ ദീപൻ, പത്മകുമാർ, മേജർ രവി എന്നിവർക്കൊപ്പം പ്രവർത്തിച്ചു. ഹിന്ദി, തമിഴ് സിനിമകളിലും പ്രവർത്തിച്ച പരിചയമുണ്ട്. നാഷണൽ ജ്യോഗ്രഫിക്കായി പ്രോജക്ടുകൾ ചെയ്‌തു. കോട്ടയം പ്രസ് ക്ലബ്ബിൽനിന്ന് ഫോട്ടോ ജേർണലിസം പഠിച്ചു. മാധ്യമപ്രവർത്തകനായും ജോലി ചെയ്‌തിട്ടുണ്ട്.
പെട്ടെന്ന് സംഭവിച്ച സിനിമ
ആക്‌ഷൻ സിനിമകളിലാണ് കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്. അതിനാൽത്തന്നെ അങ്ങനെയൊരു സിനിമതന്നെയാണ് മനസ്സിലും ഉണ്ടായിരുന്നത്. പക്ഷേ, ആക്‌ഷൻ സിനിമ ചെയ്യാൻ വലിയ ബജറ്റ് വരും. അങ്ങനെയിരിക്കെയാണ് അരൂപി പെട്ടെന്ന് സംഭവിച്ചത്. എന്റെ അച്ഛന്റെ തറവാട് നാലുകെട്ടാണ്. അങ്ങനെ ആ പശ്ചാത്തലത്തിൽ ഞാൻ എഴുതിവച്ചിരുന്ന കഥയാണ് അരൂപിയുടേത്. കഥ പറഞ്ഞപ്പോൾ അത് വർക്കാവുകയും നിർമാതാവിനെ കിട്ടുകയും ചെയ്‌തു.
മന തേടി അലഞ്ഞു
സിനിമ നടക്കുന്നത് ഒരു വലിയ മനയിലാണ്. അങ്ങനെയൊരു മന തേടി കുറെ നടന്നു. മൂന്നുനാലു മനകൾ നോക്കിയെങ്കിലും ഒന്നും ശരിയായില്ല. പാലക്കാട്ട് ഉപേക്ഷിച്ചനിലയിലുള്ള ഒരു മനയാണ് ആദ്യം തെരഞ്ഞെടുത്തത്. പക്ഷേ, അവിടെ നിറയെ പാന്പുകളായിരുന്നു. തുടർന്ന് അത് ഉപേക്ഷിക്കേണ്ടി വന്നു. പല ജില്ലകളിലും നോക്കിയെങ്കിലും ഒന്നും ശരിയായില്ല. അവസാനമാണ് പാലക്കാട് പട്ടാന്പിക്കടുത്ത് കക്കാട്ടുമന തെരഞ്ഞെടുത്തത്. സിനിമാചിത്രീകരണത്തിന് നൽകുന്ന മനയാണ്. പക്ഷേ, അവർ രാത്രിയിൽ നൽകാറില്ല. നമുക്ക് പകൽ രണ്ടുമുതൽ രാത്രി രണ്ടുവരെയാണ് ആവശ്യം. അവരെ സമ്മതിപ്പിച്ചെടുത്താണ് ചിത്രീകരിച്ചത്.










0 comments