ad
Deshabhimani

ടിസിഎസ് ആറുമാസത്തിനിടെ 38,255 പേരെ പുറത്താക്കി

print edition നിർമിതബുദ്ധിയുടെ വരവോടെ തൊഴില്‍നഷ്‌ടം രൂക്ഷം ; ഐടി കമ്പനികൾ 
പിരിച്ചുവിട്ടത് 
ലക്ഷം പേരെ

silent layoffs in indian it companies
avatar
എം പ്രശാന്ത്‌

Published on Oct 22, 2025, 12:34 AM | 1 min read


ന്യൂഡൽഹി

നിർമിത ബുദ്ധി(എഐ)യുടെ കടന്നുവരവോടെ രാജ്യത്തെ മുൻനിര ഐടി കമ്പനികളിൽ നിർബന്ധിത കൂട്ടപിരിച്ചുവിടൽ. ഒരു വർഷത്തിനിടെ വിവിധ ഐടി കമ്പനികളിലായി ഒരു ലക്ഷത്തോളം പേർക്ക്‌ തൊഴിൽ നഷ്‌ടമായെന്ന് റിപ്പോർട്ടുകൾ. മുൻനിര ഐടി കമ്പനി ടാറ്റ കൺസൾട്ടൻസി സർവീസസിൽ മാത്രം ആറുമാസത്തിനിടെ 38,255 പേരെ പിരിച്ചുവിട്ടതായി അഖിലേന്ത്യ ഐടി–ഐടിഇഎസ്‌ എംപ്ലോയീസ്‌ യൂണിയൻ (എഐഐടിഇയു) വെളിപ്പെടുത്തി. ഇൻഫോസിസിലും ടെക്‌മഹീന്ദ്രയിലുമായി പതിനായിരത്തിലേറെ പേർക്കും വിപ്രോയിൽ കാൽ ലക്ഷത്തോളം പേർക്കും അക്‌സെൻച്വറിൽ 11,000 പേർക്കും എച്ച്‌സിഎൽ ടെക്കിൽ 8000 പേർക്കും തൊഴിൽ നഷ്‌ടമായെന്നാണ് റിപ്പോർട്ട്.


നിർദേശങ്ങൾക്കനുസൃതമായി വ്യത്യസ്‌ത ഉള്ളടക്കങ്ങൾ സൃഷ്‌ടിക്കാൻ കഴിയുന്ന ജനറേറ്റീവ്‌ എഐയുടെ കടന്നുവരവോടെയാണ്‌ പിരിച്ചുവിടൽ വ്യാപകമായത്‌. മിഡിൽ, സീനിയർ തലങ്ങളിലുള്ളവരാണ്‌ പുറത്താക്കപ്പെട്ടവരിൽ അധികവും. തുച്ഛമായ ‘പിരിച്ചുവിടൽ’ ആനുകൂല്യം മാത്രം നൽകിയാണ്‌ നിർബന്ധിത പിരിച്ചുവിടൽ. ടിസിഎസിലെ കൂട്ടപ്പിരിച്ചുവിടലിനെ തുടർന്ന്‌ പ്രതിസന്ധിയിലായ ഐടി പ്രൊഫഷണലുകൾക്കായി എഐഐടിഇയു ആരംഭിച്ച ഹെൽപ്പ്‌ലൈൻ നമ്പറിലേക്ക്‌ ആയിരക്കണക്കിന്‌ കോളുകളാണ്‌ ലഭിക്കുന്നതെന്ന്‌ ജനറൽ സെകട്ടറി സ‍ൗഭിക്‌ ഭട്ടാചാര്യ പറഞ്ഞു.


നടപ്പുവർഷം രണ്ട്‌ ശതമാനം (ഏകദേശം 12000) ജീവനക്കാരെ പിരിച്ചുവിടുമെന്ന്‌ ടിസിഎസ്‌ പ്രഖ്യാപിച്ചിരുന്നു. കാര്യക്ഷമത വർധിപ്പിച്ച്‌ ടിസിഎസിനെ കൂടുതൽ കരുത്തുറ്റതാക്കാനാണിതെന്നും കമ്പനി അവകാശപ്പെട്ടു. ആറുമാസത്തിനിടെ 38,255 പേർക്ക്‌ ടിസിഎസിൽ തൊഴിൽ നഷ്‌ടമായതായാണ്‌ എഐഐടിഇയു ചൂണ്ടിക്കാട്ടുന്നത്‌. ടിസിഎസിലെ കൂട്ടപിരിച്ചുവിടലിനെതിരായി രാജ്യത്ത്‌ പല നഗരങ്ങളിലും ഐടി ജീവനക്കാർ എഐഐടിഇയുവിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്ര–സംസ്ഥാന സർക്കാരുകളും തൊഴിൽ വകുപ്പും വിഷയത്തിൽ ഇടപെടണമെന്നും അടിയന്തരമായി തൊഴിലുടമയും തൊഴിലാളികളും തൊഴിൽ വകുപ്പും ഉൾപ്പെട്ട ത്രികക്ഷി ചർച്ച വിളിച്ചുചേർക്കണമെന്നും സ‍ൗഭിക്‌ ഭട്ടാചാര്യ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home