print edition വിഴിഞ്ഞം ഓഹരി കൈമാറ്റം : അതീവരഹസ്യം, ഒത്തുകളി സംശയിക്കണം: പിണറായി വിജയൻ

കണ്ണൂർ:
വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ സർക്കാരും അദാനിയും ഒത്തുകളിക്കുന്നതായി സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെബിക്ക് നൽകിയ കത്ത് അദാനി കന്പനി സർക്കാരിനെ അറിയിച്ചിട്ടില്ല. സുതാര്യമായി നടക്കേണ്ട കാര്യങ്ങൾ അതീവ രഹസ്യമായാണ് നടത്തുന്നത്. ഇതിലെല്ലാം സർക്കാർ വ്യക്തത വരുത്തണം.
75 ശതമാനം വരെ ഓഹരി വിൽക്കാനാകും എന്ന വാദവും അദാനി ഗ്രൂപ്പ് ഉയർത്തുന്നുണ്ട്. ഉടമസ്ഥാവകാശം പൂർണമായും കൈമാറാനുള്ള നീക്കമാണോ നടക്കുന്നത്. ഇതിനെതിരെ ഫലപ്രദമായ നടപടിയെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്.
സ്വാധീനത്തിനും സമ്മർദത്തിനും വഴങ്ങി കാര്യങ്ങൾ അദാനിയുടെ വഴിക്ക് നീങ്ങാതിരിക്കണമെങ്കിൽ സർക്കാർ ആർജവം കാണിക്കണം.
ഓഹരി വിൽപ്പന സംബന്ധിച്ച് അദാനി, സർക്കാരിന് വീണ്ടും കത്ത് നൽകിയെന്ന വാർത്തയും വരുന്നുണ്ട്. ഇതിലും മുഖ്യമന്ത്രി വ്യക്തത വരുത്തണം. സംസ്ഥാനത്ത് നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നു. നിയമപരമായ ബാധ്യത പാലിക്കാതെ സ്വന്തം വഴിക്ക് പോകാൻ അദാനിക്ക് എങ്ങനെ ധൈര്യം വന്നു എന്നതിലാണ് ദുരൂഹത. കാര്യങ്ങൾ തങ്ങളുടെ വഴിക്ക് വരും എന്ന പ്രതീക്ഷ അവർക്ക് എങ്ങനെ വന്നു. അതിലാണ് മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടൽ വേണ്ടത്.
ബാക്കി കാര്യങ്ങൾ അപ്പോൾ പുറത്തുവരും.
അദാനി അവരുടെ താൽപര്യത്തിനുള്ള നീക്കം മുന്പും നടത്തിയിട്ടുണ്ട്. ചില വഴിവിട്ട നീക്കങ്ങൾ അന്നത്തെ ഉദ്യോഗസ്ഥർക്കുനേരെ നടത്തിനോക്കിയിരുന്നു. ഓഹരിക്കൈമാറ്റം തുറമുഖത്തിന്റെ വികസനം ഇല്ലാതാക്കുന്ന അവസ്ഥയുണ്ടാക്കും.
വന്പിച്ച സാധ്യതകൾ അടഞ്ഞുപോകും. കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ തുറമുഖത്തിന്റെ ലാഭവിഹിതം സർക്കാരിന് കിട്ടേണ്ടതുണ്ട്. സംസ്ഥാന താൽപ്പര്യം അവിടെയും ഇല്ലാതാകുമെന്നും പിണറായി പറഞ്ഞു.










0 comments